പ്രിന്‍സിന്റെ പരാജയം; മൂന്ന് കോടി രൂപ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ‘പ്രിന്‍സ്’. തമാശയുടെ മേമ്പൊടിയോടെ കഥ പറഞ്ഞ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായ വിജയം കെവരിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ പ്രിന്‍സിന്റെ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍.

വിതരണക്കാര്‍ക്ക് 12 കോടിയുടെ നഷ്ടമാണ് പ്രിന്‍സ് ഉണ്ടാക്കിയിരിക്കുന്നത്. നഷ്ടത്തിന്റെ 50% ശിവകാര്‍ത്തികേയനും നിര്‍മ്മാതാക്കളും ചേര്‍ന്ന് നല്‍കി. മൂന്ന് കോടി രൂപയാണ് ശിവകാര്‍ത്തികേയന്‍ വിതരണക്കാര്‍ക്ക് നല്‍കിയത് എന്നാണ് സൂചന.

തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിന്‍സ് ഒരു ഇന്ത്യന്‍ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്. ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്കയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. സത്യരാജ്, പ്രേംഗി അമരന്‍ എന്നിവരും സിനിമയുടെ ഭാഗമായി. തമന്‍ സംഗീതം പകര്‍ന്നു.

നിലവില്‍ ‘മാവീരന്‍’ എന്ന സിനിമയാണ് ശിവകര്‍ത്തികേയന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മഡോണി അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ശാന്തി ടാക്കീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭരത് ശങ്കര്‍ ആണ് സംഗീത സംവിധായകന്‍.

Vijayasree Vijayasree :