മനഃപൂര്‍വം അവഹേളിക്കുന്നത്; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ‘അമ്മ’യ്ക്ക് പരാതി നല്‍കി ശിവജി ഗണേശന്റെ ആരാധക സംഘടന

നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ നടന്‍ പ്രധാന വേഷത്തിലെത്തുന്ന ‘നടികര്‍ തിലകം’ എന്ന പുതിയ ചിത്രത്തിനെതിരെ പരാതിയുമായി വന്നിരിക്കുകയാണ് ശിവജി ഗണേശന്റെ ആരാധക സംഘടന. മലയാള സിനിമാ താരസംഘടനയായ ‘അമ്മ’യ്ക്കാണ് പരാതി നല്‍കിയത്. ഹാസ്യചിത്രത്തിന് ഈ പേരിട്ടത് അവഹേളനമെന്ന് പരാതിയില്‍ പറയുന്നു.

”നടികര്‍ തിലകം എന്ന പേര് ഒരു മലയാള സിനിമയ്ക്ക് നല്‍കുന്നത് തമിഴ്‌നാട്ടിലുള്ള ശിവാജി ഗണേശന്‍ ആരാധകര്‍ക്കും തമിഴ് സിനിമയെ സ്‌നേഹിക്കുന്ന, ലോകമെമ്പാടുമുള്ള എല്ലാവര്‍ക്കും ഏറെ വേദന ജനിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേര് ഒരു കോമഡി സിനിമയ്ക്കു നല്‍കുന്നത് ഞങ്ങള്‍ ഹൃദയംകൊണ്ട് ആരാധിക്കുന്ന ആ നടന്റെ പേരിനെ മനഃപൂര്‍വം അവഹേളിക്കുന്നതാണ്.

ഒത്തൊരുമയോടെ പോകുന്ന തമിഴ്, മലയാളം സിനിമ മേഖലകളുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ത്തന്നെ നടികര്‍ തിലകം എന്ന പേര് ഉപയോഗിക്കുവാന്‍ അനുവദിക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു.” സംഘടന കത്തില്‍ പറയുന്നു.

അതേസമയം, പരാതി പരിശോധിക്കുമെന്ന് ഇടവേള ബാബു അറിയിച്ചു. മിന്നല്‍ മുരളി, തല്ലുമാല, അജയന്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ടോവിനോ നായകനാകുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ഭാവനയാണ് ചിത്രത്തില്‍ നായികയാകുന്നത്. െ്രെഡവിങ് ലൈസന്‍സ് എന്ന ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് അഭിനയ മികവിനുള്ള അന്തര്‍ദേശീയ പുരസ്‌കാരത്തിന് ടൊവിനോ തോമസ് അര്‍ഹനായത്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരമാണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്.

കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ 2018 എന്ന ചിത്രത്തിലെ പ്രകടനമാണ് ടൊവിനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയില്‍ നിന്ന് മറ്റൊരു നടന്‍ മാത്രമാണ് മികച്ച ഏഷ്യന്‍ നടനുള്ള നോമിനേഷനില്‍ ടൊവിനോയ്‌ക്കൊപ്പം ഇടംപിടിച്ചിരുന്നത്. യുട്യൂബര്‍ കൂടിയായ ഭുവന്‍ ബാം ആയിരുന്നു അത്. തെന്നിന്ത്യയില്‍ നിന്നുള്ള ഒരു അഭിനേതാവിന് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്.

Vijayasree Vijayasree :