
മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറിന്റെയും ഡോക്ടര്‍ സജീഷിന്റെയും മകള്‍ സാവന്‍ ഋതു അഭിനയ രംഗത്തേക്ക്. സുദേഷ് ബാലന്‍ സംവിധാനം ചെയ്യുന്ന സാക്ഷാത്ക്കാരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സായു എന്ന് വിളിപ്പേരുള്ള സാവന്‍ ഋതുവിന്റെ അരങ്ങേറ്റം.
ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന തന്റെ അച്ഛന്‍ സജീഷിനൊപ്പം ലൊക്കേഷനില്‍ എത്തിയതായ സായുവും ചിത്രത്തിലെ ഒരു ഭാഗമാകുകയായിരുന്നു. ഐഐടി ബോംബെയിലെ പ്രഫസറാണ് സുദേഷ് ബാലന്‍.
അഭിനയിക്കുന്നതിന്റെ സന്തോഷവും ആകാംക്ഷയുമാണ് സായുവിനിപ്പോള്‍ എന്നും സായു സന്തോഷവതിയാകുമ്പോള്‍ തങ്ങളും സന്തോഷിക്കുന്നു എന്നും സിതാര ഫെയ്സ്ബുക്കില്‍ കുറിച്ചു.
“സാവന്‍ ഋതു..മികച്ച അഭിനേത്രി…കഴിവുള്ള, അര്‍പ്പണബോധമുള്ള കലാകാരന്മാരുടെ കുടുംബത്തില്‍ നിന്നാണ് വരുന്നത്.. അവളുടെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. എനിക്കുറപ്പാണ് അവളുടെ മാതാപിതാക്കള്‍ അവളെക്കുറിച്ചോര്‍ത്ത് ഒരു നാള്‍ അഭിമാനിക്കും”. ചിത്രത്തിന്റെ സംവിധായകന്‍ സുദേഷ് ബാലന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മികച്ചൊരു ഗായിക കൂടിയാണ് സായു. നേരത്തെ ആസിഫ് അലിയും പാര്‍വതിയും ഒന്നിച്ച ഉയരേ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന് തുടങ്ങുന്ന ഗാനം അമ്മയ്‌ക്കൊപ്പം പാടി സായു കൈയ്യടി നേടിയിരുന്നു. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ വിജയ് യേശുദാസിനൊപ്പം സിതാര തന്നെയാണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.
Singer Sithara Krishnakumar’s Daughter Sawan Ritu Into Acting