കഴിഞ്ഞ ദിവസമായിരുന്നു പിന്നണി ഗായിക പി സുശീലയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കയുന്ന സുശീലയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്ച ആശുപത്രി വിടാനാകുമെന്നാണ് കരുതുന്നതെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും അറിയിച്ചിട്ടുണ്ട്. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ. കഠിനമായ വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദക്ഷിണേന്ത്യയിൽ ഒരു കാലത്ത് ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു സുശീല. ആറു ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് അവർ സ്വന്തമാക്കുകയും ചെയ്തു. അറുപതുകളിലേയും എഴുപതുകളിലേയും ചലച്ചിത്രഗാനങ്ങളിൽ പി സുശീല ശബ്ദം നൽകാത്ത പാട്ടുകൾ വിരലിലെണ്ണാവുന്നത് മാത്രമായിരുന്നു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി, ഒറിയ, സംസ്‌കൃതം, തുളു, ബഡഗ തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിൽ നിരവധി ഗാനങ്ങൾക്ക് സുശീല ആലപിച്ചിട്ടുണ്ട്. സിംഹള സിനിമകൾക്കും പാടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്കുള്ള സംഭാവനകൾക്ക്, 2008-ൽ പത്മഭൂഷൺ അവാർഡ് നൽകി സുശീലയെ ആദരിച്ചു.
മലയാളത്തിൽ സുശീല പാടിയ ഗാനങ്ങളെല്ലാം എക്കാലവും നെഞ്ചോട് ചേർത്തുവെയ്ക്കാനാകുന്നതാണ്. മാനത്തെ മഴമുകിൽ മാലകളെ, കണ്ണു തുറക്കാത്ത ദൈവങ്ങളേ, മാലിനി നദിയിൽ കണ്ണാടി നോക്കും മാനേ, അന്നു നിന്നെ കണ്ടതിൽ, പൂന്തേനരുവീ…” പൊന്മുടി പുഴയുടെ അനുജത്തി, ഏഴുസുന്ദര രാത്രികൾ, പാട്ടു പാടി ഉറക്കാം ഞാൻ ഇവയെല്ലാം അതിൽ ചിലതാണ്.