ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുമ്പോഴും ജാഗ്രത വേണം; കേള്‍വി ശക്തി നഷ്ടമായെന്ന് ഗായിക; ബാധിച്ചത് അപൂര്‍വ രോഗം

നിരവധി ആരാധകരുള്ള ഗായികയാണ് അല്‍കാ യാഗ്‌നിക്ക്. ഇപ്പോഴിതാ തനിക്ക് അപൂര്‍വമായ കേള്‍വി രോഗം സ്ഥിരീകരിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക. ആഴ്ചകള്‍ക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കുശേഷമാണ് പ്രശ്‌നം തിരിച്ചറിഞ്ഞത്. പെട്ടെന്ന് കേള്‍വിക്കുറവുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സെന്‍സറി ന്യൂറല്‍ നെര്‍വ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചതെന്ന് അല്‍ക്ക സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ഫ്‌ലൈറ്റില്‍ നിന്ന് പുറത്ത് ഇറങ്ങിയപ്പോള്‍ പുറത്തുള്ള ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നടത്തിയ പരിശോധനയില്‍ ആണ് സെന്‍സറി ന്യൂറല്‍ നേര്‍വ് ഹിയറിങ് ലോസ് ഉണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായ ഈ തിരിച്ചടി എന്നെ പൂര്‍ണ്ണമായി തളര്‍ത്തിയിരിക്കുകയാണ്. ഞാന്‍ ഈ അവസ്ഥയോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ദയവായി എന്നെയും ഉള്‍പ്പെടുത്തണം.

ഈ വേളയില്‍ എന്റെ എല്ലാ ആരാധകര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു മുന്നറിയിപ്പ് നല്‍കാന്‍ ആഗ്രഹിക്കുകയാണ്. ഹെഡ്‌ഫോണ്‍ ഉപയോഗിക്കുമ്പോഴും, വളരെ ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുമ്പോഴും ജാഗ്രത വേണം.

നിങ്ങളുടെ എല്ലാ സ്‌നേഹത്തോടും പിന്തുണയോടും കൂടി, പഴയ ജീവിതത്തിലേക്ക് ഉടന്‍ തന്നെ മടങ്ങിവരാം എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ചെവിയുടെ ഉള്‍ഭാഗത്തെ ഞരമ്പിനോ, ചെവിയെ മസ്തിഷ്‌കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതം സംഭവിക്കുന്ന അവസ്ഥയാണിത്. ചിലപ്പോള്‍ ഒരു ചെവിയെയോ മറ്റ് ചിലപ്പോള്‍ രണ്ടു ചെവികളെയുമോ ബാധിക്കാം. പ്രായപൂര്‍ത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേള്‍വിക്കുറവിനു പിന്നില്‍ ഈ അപൂര്‍വ്വ രോഗമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകള്‍, പ്രായാധിക്യം തുടങ്ങിയവയൊക്കെ രോഗകാരണമാകാം.

Vijayasree Vijayasree :