‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി സിദ്ദിഖ്, ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റുമാര്‍; പരാജയപ്പെട്ട് മഞ്ജു പിള്ള

മലയാള താരസംഘടനായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് നടന്‍ സിദ്ദിഖ്. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം നടന്നത്. കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്ന വാർഷിക പൊതുയോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. ജഗദീഷും ജയൻ ചേർത്തലയും വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ച മൂന്നാമത്തെയാളായ മഞ്ജു പിള്ള പരാജയപ്പെട്ടു.

കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു.

അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായിരുന്നു അദ്ദേഹം.

2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു സിദ്ദിഖിന്‍റെ മകന്‍ റാഷന്‍ എന്ന സാപ്പി അന്തരിച്ചത്. 37 വയസായിരുന്നു സാപ്പിയ്ക്ക്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Vijayasree Vijayasree :