ഭയങ്കര മെമ്മറി ആണവന്, അടുത്ത വര്‍ഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാല്‍ ആ തീയതിയും ആഴ്ചയും സെക്കന്റുകള്‍ക്കുള്ളില്‍ പറയും!; മകന്‍റെ ഓര്‍മ്മകളില്‍ നീറി സിദ്ദിഖ് പറയുന്നു!

സിനിമാ ലോകത്തെയും മലയാളകളെയും ഏറെ വേദനിപ്പിച്ച വിയോഗമായിരുന്നു നടന്‍ സിദ്ദിഖിന്‍റെ മകന്‍ റാഷിന്‍റേത്. കുറച്ച് ദിവസങ്ങളായി ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരപുത്രന്‍ അന്തരിച്ചത്. സാപ്പി എന്ന് വിളിക്കുന്ന റാഷിന്‍ ഭിന്നശേഷിക്കാരനാണ്. മുപ്പത്തിയേഴാമത്തെ വയസിലുള്ള താരപുത്രന്റെ വിയോഗമുണ്ടാക്കിയ വേദനയിലാണ് ഏവരും. നിരവധി പേരാണ് സാപ്പിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരുന്നത്.

ഇപ്പോഴിതാ സംവിധായകനും സത്യന്‍ അന്തിക്കാടിന്റെ മകനുമായ അനൂപ് സത്യന്‍ സാപ്പിയെ കുറിച്ചും മകന്റെ വിയോഗത്തിന് ശേഷമുള്ള സിദ്ദിഖിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ആണ് വൈറലാവുന്നത്. കുറിപ്പ് ഇങ്ങനെ,

‘ഒരച്ഛനില്‍ മകനെ കണ്ടപ്പോള്‍- നടന്‍ സിദ്ദിഖ് ഇക്കയുടെ മകന്‍ റാഷിന്‍ ഇന്നലെ രാവിലെ മുതല്‍ ഉറക്കമെഴുന്നേറ്റിട്ടില്ല. ഇനിയങ്ങോട്ട് ഉറങ്ങാമെന്നാണ് ‘സാപ്പി’യുടെ തീരുമാനം. ’37 വയസുള്ള’ ഒരു കുട്ടിയായിരുന്നു സാപ്പി. ചടങ്ങുകളെല്ലാം കഴിഞ്ഞു, രാത്രി ആളൊഴിഞ്ഞ സമയത്താണ് സിദ്ധിഖ് ഇക്ക സാപ്പിയെ പറ്റി പറയുന്നത് അച്ഛനരികില്‍ ഇരുന്ന് ഞാന്‍ കേള്‍ക്കുന്നത്.

അവന്‍ ഉറങ്ങിക്കിടന്നിരുന്ന മുറിയുടെ തൊട്ടടുത്തുള്ള വരാന്തയില്‍ ഇരുന്ന്. നടനായത് കൊണ്ടാണോ എന്നറിയില്ല. മകനെപ്പറ്റി പറയുമ്പോള്‍ മുന്നിലിരിക്കുന്ന സിദ്ധിഖ് ഇക്ക സാപ്പിയായി മാറും. നടക്കുന്ന വഴിയിലുള്ളതെല്ലാം അടുക്കി പെറുക്കി വെക്കുന്ന, ചിക്കന്‍ കണ്ടാല്‍ കൊതി വരുന്ന, ഇരുട്ട് കണ്ടാല്‍ പേടിക്കുന്ന, ഓര്‍ക്കാപ്പുറത്ത് വീശുന്ന കാറ്റു പോലെ വരുന്ന അപസ്മാരത്തില്‍ വിറയ്ക്കുന്ന സാപ്പി.

കണ്ണ് നിറഞ്ഞു തുളുമ്പുമ്പോള്‍ മകന്‍ വീണ്ടും അച്ഛനായി മാറും.സാപ്പിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ലൈബ്രറിയായിരുന്നു. വേള്‍ഡ് ബുക്ക്‌സ് ആയിരുന്നു ഏറ്റവും ഇഷ്ടം. ഒരു ഗ്യാപ്പ് വരുമ്പോള്‍ സാപ്പിയുടെ മുഖം ചെറുതായൊന്നു വാടും. ഉടനെ ലൈബ്രറിയില്‍ കൊണ്ട് പോയാല്‍ സാപ്പി ഹാപ്പി. മറ്റുള്ളവര്‍ അലക്ഷ്യമായി മറിച്ചു നോക്കി വലിച്ചിടുന്ന പുസ്തകങ്ങള്‍ തിരികെ യഥാസ്ഥാനത്ത് സാപ്പി കൊണ്ട് വെക്കും. അത് കൊണ്ട് ലൈബ്രെറിയന് ഇഷ്ടമാണ് സാപ്പി വരുന്നത്. ഇന്ന് മുതല്‍ അയാള്‍ അത് ഒറ്റക്ക് ചെയ്യണം.

സമാധാനിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നതിനിടയില്‍ അച്ഛന്‍ സിദ്ധിഖ് ഇക്കയോട് പറഞ്ഞതില്‍ ഒന്നിങ്ങനെയായിരുന്നു- ‘അവന്‍ സന്തോഷവാനായിരുന്നു സിദ്ധിക്കേ. അവന്റെ ലോകം ഒന്നാലോചിച്ചു നോക്കിയേ. നമുക്കെല്ലാവര്‍ക്കും ഉള്ള കാപട്യമോ, മുഖം മൂടിയോ ഇല്ലാതെ, ഇങ്ങനൊരു വീട്ടില്‍ സ്‌നേഹം മാത്രം അനുഭവിച്ച് അവനു ജീവിക്കാന്‍ പറ്റിയില്ലേ’. ശരിയാണ് എന്തൊരു സമാധാനമുള്ള ജീവിതമായിരിക്കും അത്.

വീടിറങ്ങി പോയ മകനെപ്പറ്റി പറയും പോലെ സിദ്ധിഖ് ഇക്ക സാപ്പിയെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു. ‘ഭയങ്കര മെമ്മറി ആണവന്. എല്ലാ ഡീറ്റൈല്‍സും ഓര്‍മയില്‍ കാണും. അടുത്ത വര്‍ഷത്തെ ഒരു ദിവസത്തെപ്പറ്റി ചോദിച്ചാല്‍ ആ തീയ്യതിയും ആഴ്ചയും സെക്കന്റുകള്‍ക്കുള്ളില്‍ പറയും.

ഒരു ദിവസം ഞങ്ങളെല്ലാവരെയും ഞെട്ടിച്ച് മുറ്റത്താരോ വച്ചിരുന്ന ഒരു സൈക്കിളുമെടുത്ത് അവന്‍ പുറത്തു പോയി. പാനിക്കായി ഞങ്ങള്‍ ഓരോരുത്തരും അവനെ തപ്പാന്‍ ഓരോ വഴിക്കിറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞു തനിയെ സൈക്കിളോടിച്ച് അവന്‍ തിരിച്ചെത്തി. അവന്‍ സൈക്കിള്‍ ചവിട്ടുന്നത് അതിനു മുന്‍പ് ഞങ്ങളാരും കണ്ടിട്ടില്ല. എന്നെ കണ്ടപ്പോള്‍ അവന്‍ ആദ്യം പറഞ്ഞത് ‘വഴക്ക് പറയല്ലേ വാപ്പാ’ ന്നാണ്. ഇല്ലാന്ന് പറഞ്ഞു അവന്റെ കൈ രണ്ടും ഞാന്‍ മുറുക്കി പിടിച്ചു.’

ഒന്ന് നിര്‍ത്തി, വിതുമ്പിക്കൊണ്ട് സിദ്ധിഖ് ഇക്ക പറഞ്ഞു. ‘അവന്റെ കൈ നമ്മളുടെ കൈ പോലെ ഒന്നുമല്ല. പൂവൊക്കെ പോലെ ഭയങ്കര സോഫ്റ്റാ.’ ആ പറഞ്ഞത് പുറകിലെ മുറിയിലെ ജനവാതിലില്‍ ചാരി നിന്ന് സാപ്പി കേട്ടിട്ടുണ്ടാകും. ഇരുട്ടാണ് അവിടെ. ചെലപ്പോ സാപ്പിക്ക് ഇരുട്ടിനോടുള്ള പേടി പോയിക്കാണും…’ എന്നും അനൂപ് പറയുന്നു.

Vijayasree Vijayasree :