24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും ബിഗ്സ്ക്രീനിലേയ്ക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ദേവദൂതനായി കാത്തിരുന്നത്. സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തെത്തിയ ദേവദൂതന്റെ 4K വെർഷൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.
വൻ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ വേളയിൽ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ സിബി മലയിൽ. മോഹൻലാലിനെപ്പറ്റിയുള്ള ഒരുപാട് ഓർമ്മകൾ എനിക്കുണ്ട്. അദ്ദേഹവുമായി ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ലാലിന്റെ അഭിനയം നേരിട്ട് കണ്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ അദ്ദേഹത്തെപ്പറ്റി പറഞ്ഞാൽ തീരില്ല.
ദേവദൂതൻ എന്ന സിനിമയുടെ കഥയ്‌ക്ക് മാത്രമല്ല അതിന്റെ രണ്ടാം വരവിനും ഒരു മിസ്റ്ററി ഉണ്ട്. അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. ലോക സിനിമയിൽ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. സാധാരണ വിജയിച്ച സിനിമകളാണ് തീയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത്. ഇത് പരാജയപ്പെട്ട ഒരു ചിത്രം വീണ്ടും തീയറ്ററിലേക്ക് വരികയും, അത് മുൻപത്തേക്കാളും പത്തിരട്ടി വലിപ്പത്തിൽ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യുകയാണ്.
42 വർഷങ്ങൾക്കു മുമ്പ് എന്റെ ആദ്യത്തെ സിനിമയ്‌ക്കായി ഉണ്ടാക്കിയ കഥയാണ് ദേവദൂതൻ. അന്നത് നടന്നില്ല. 18 വർഷങ്ങൾക്കു ശേഷം ചെയ്തപ്പോൾ അത് സ്വീകരിക്കപ്പെട്ടുമില്ല. അതിന്റെ സമയം ഇതാണ്. ഈ കാലഘട്ടത്തിനു വേണ്ടി കാത്തുവെച്ച ഒരു സിനിമയാണ്. ഒരു സിനിമയുടെ പുനർജന്മം ആണിത്. ആൾക്കാർ ചവറ്റുകുട്ടയിൽ ഇട്ട ഒരു സിനിമ ഇന്ന് ആഘോഷിക്കപ്പെടുകയാണ്. അത് ദൈവീകമാണ് എന്നുമാണ്സിബി മലയിൽ പറയുന്നത്.
ജയപ്രദ, ജനാർദ്ദനൻ, മരളി, വിനീത്, ജഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സംഗീത സംവിധായകനും ഗായകനുമായ വിശാൽ കൃഷ്ണമൂർത്തിയായാണ് മോഹൻലാൽ എത്തുന്നത്. വിശാൽ തൻ്റെ പ്രാരംഭ പോരാട്ടങ്ങളെക്കുറിച്ചും പാട്ടുകൾ രചിക്കാൻ അവനെ പ്രേരിപ്പിക്കുന്ന ഒരു അജ്ഞാത ആത്മാവിനെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കറാണ് ചിത്രത്തിൻ്റെ നിർമ്മാണം. സന്തോഷ് സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം.