ഞാൻ മോഹൻലാലിനോട് ദേഷ്യപ്പെട്ടിറങ്ങി ,പക്ഷെ പലരും ലാലിനെയാണ് സപ്പോർട്ട് ചെയ്തത് – സിബി മലയിൽ

മലയാളികൾക്ക് കൗതുകം നിറഞ്ഞ ഇഷ്ടമാണ് മോഹൻലാലിനോട് . എല്ലാവരോടും സൗമ്യമായി പെരുമാറുന്ന മോഹൻലാലിനോട് ഒരിക്കൽ സിബി മലയിൽ ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായി . അതിനെപ്പറ്റി പറയുകയാണ് സിബി മലയിൽ.

“ലാല്‍ സിനിമയില്‍ വന്ന മുതല്‍ സൗഹൃദമുണ്ട്. എന്നിട്ടും, പരിഗണന ലഭിക്കാത്തപോലെ. നല്ലൊരു കഥയുമായാണ് ഞങ്ങള്‍ ചെന്നിരിക്കുന്നത്. അതൊന്നു കേട്ടാല്‍ മതി. കേട്ടാല്‍ ലാല്‍ സമ്മതിക്കുമെന്നറിയാം. പക്ഷേ അതിനൊരു വഴി തുറന്നു കിട്ടുന്നില്ല. ഞാന്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങി. സാധാരണ ഞാനങ്ങനെ ആരോടും ദേഷ്യപ്പെട്ട് സംസാരിക്കാത്തതാണ്. സുഹൃത്തുക്കളായിരുന്ന പലരും ലാലിനെയാണ് സപ്പോര്‍ട്ട് ചെയ്തത്. സിബി എന്തിനാ ലാലിനോട് ദേഷ്യപ്പെട്ടതെന്ന് അവരെല്ലാം കുറ്റപ്പെടുത്തി,” ഒരു​ അഭിമുഖത്തിനിടെ ‘കിരീടം’ എന്ന ചിത്രത്തിനു പിന്നിലെ കഥകള്‍ പങ്കുവെയ്ക്കുകയായിരുന്നു സിബി മലയില്‍.

കലാമൂല്യം കൊണ്ടും ബോക്സ് ഓഫീസ് വിജയം കൊണ്ടും മലയാളസിനിമയുടെ ചരിത്രത്തില്‍ എന്നും ഒാര്‍മ്മിക്കപ്പെടുന്ന ചിത്രമാണ് ‘കിരീടം’. മോഹന്‍ലാലിന്റെയും സംവിധായകന്‍ സിബി മലയിലിന്റെയും കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നെന്ന വിശേഷണവും ‘കിരീട’ത്തിന് അവകാശപ്പെടാം. എന്നാല്‍ ‘കിരീടം’ അത്ര എളുപ്പത്തില്‍, പ്രതിസന്ധികളില്ലാതെ സാക്ഷാത്കരിച്ചൊരു ചിത്രമല്ലെന്ന് തുറന്നു പറയുകയാണ് സിബി മലയില്‍. മാധ്യമം ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സിബി മലയിലിന്റെ തുറന്നു പറച്ചില്‍.

‘ഉണ്ണിയും ദിനേശ് പണിക്കരുമായിരുന്നു ‘കിരീട’ത്തിന്റെ നിര്‍മ്മാതാക്കള്‍. അന്ന് തിരിച്ചുപോരുമ്ബോള്‍ ഞാന്‍ ഉണ്ണിയോടും ദിനേശിനോടും പറഞ്ഞു. ഒരു പക്ഷേ ഞാനായിരിക്കും ഈ സിനിമക്ക് നിങ്ങള്‍ക്കൊരു തടസ്സം. എന്നോടുള്ള അകല്‍ച്ചയാവും കാരണം. ലാലും നിങ്ങളും സുഹൃത്തുക്കളാണ്. ഞാന്‍ ചെയ്യുന്നതാണ് ലാലിന് പ്രശ്നമെങ്കില്‍ ഞാന്‍ മാറി നില്‍ക്കാം. ഈ പ്രൊജക്റ്റ് നടക്കട്ടെ. അദ്ദേഹത്തിന് താല്‍പര്യമുള്ള സംവിധായകരെ വെച്ച്‌ ചെയ്യട്ടെ. ഇതിങ്ങനെ നീണ്ടു പോകുകയേ ഉള്ളൂ. ഇപ്പോള്‍ തന്നെ അഞ്ചെട്ട് മാസമായി,” സിബി മലയില്‍ ഒാര്‍ക്കുന്നു.

പിന്നീട് തിരുവനന്തപുരത്തു വെച്ച്‌ വീണ്ടുമൊരിക്കല്‍ അവസാനമായി മോഹന്‍ലാലിനോട് കഥ പറയാം എന്നു തീരുമാനിക്കുക ആയിരുന്നെന്നും കഥ കേട്ടയുടനെ നമുക്കീ ചിത്രം ചെയ്യണം എന്ന് മോഹന്‍ലാല്‍ സമ്മതം അറിയിക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അഞ്ചെട്ടുമാസം ഞങ്ങള്‍ നടന്നതിന്റെ റിസല്‍റ്റ് അപ്പോഴാണ് ലഭിച്ചതെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

sibi malayil about mohanlal

Sruthi S :