സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ(90) അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ മുംബൈയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം. മകൾ പിയ ബെനഗൽ ആണ് വിയോ​ഗ വാർത്ത അറിയിച്ചത്. വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു ശ്യാം. ഈ മാസം 14 നാണ് ബെനഗൽ 90ാം പിറന്നാൾ ആഘോഷിച്ചത്.

പ്രശസ്ത ഫൊട്ടോഗ്രഫറായിരുന്ന ശ്രീധർ ബി, ബെനഗലിന്റെ മകനായി 1934 ഡിസംബർ 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കർണാടക സ്വദേശിയായിരുന്നു പിതാവ്. അച്ഛൻ സമ്മാനിച്ച ക്യാമറയിലൂടെ തന്റെ പന്ത്രണ്ടാം വയസ്സിലാണ്‌ ബെനഗൽ ആദ്യ ചിത്രമൊരുക്കുന്നത്.

ഉസ്മാനിയ സർ‌വ്വകലാശാലിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ബെനഗൽ അവിടെ‍ ഹൈദരാബാദ് ഫിലിം സൊസൈറ്റി എന്ന പേരിൽ ചലച്ചിത്ര കൂട്ടായ്മയും സ്ഥാപിച്ചിരുന്നു. അനന്ത് നാഗും ശബാന ആസ്മിയും പ്രധാന വേഷങ്ങളിൽ എത്തിയ ‘അങ്കുർ’ (1974) എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

അങ്കൂർ, ഭൂമിക, നിഷാന്ദ്, ജനൂൻ, ആരോഹൺ, സുബൈദ, ബാരി- ബരി, സർദാരി ബീഗം, ദ ഫോർഗോട്ടൻ ഹീറോ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. കാൻ, ബർലിൻ അടക്കമുള്ള രാജ്യാന്തര ചലച്ചിത്ര വേദികളിൽ ബെനഗൽ‌ ചിത്രങ്ങൾ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.

18 ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1976ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു. 2007ലാണ് ദാദാസാഹിബ് ഫാൽകെ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. ഹിന്ദിയിലെ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം ഏഴുതവണ ശ്യാം ബെനഗലിന് ലഭിച്ചിട്ടുണ്ട്.

Vijayasree Vijayasree :