ദിലീപിനെയോ സിദ്ദിഖിനെയോ നിങ്ങൾ ശുഭരാത്രിയിൽ തിരയരുത് ! ശുഭമായി ശുഭരാത്രി – റിവ്യൂ വായിക്കാം !

ശുഭമായി തുടക്കമിട്ടിരിക്കുകയാണ് ശുഭരാത്രി . ഒഴുക്കോടെ പോകുന്ന ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ എത്തുമ്പോൾ ആ ഒഴുക്ക് മുറിയുന്നു. പിന്നെ സംഭവ ബഹുലമാകുകയാണ് കഥ. ദിലീപ് – സിദ്ദിഖ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിൽ ദിലീപിനേക്കാൾ ഒരല്പം മുൻ‌തൂക്കം സിദ്ദിഖിന്റെ കഥാപാത്രത്തിനാണ്. കാരണം സിദ്ദിഖിന്റെ കഥാപാത്രമായ മുഹമ്മദിലൂടെയാണ് കഥ സഞ്ചരിക്കുന്നത് .

മുസ്‌ലിം സമുദായ വിശ്വാസികളുടെ ജീവിതാഭിലാഷം തന്നെയാണ് ഹജ്ജിനു പോകുക എന്നത്. അതോടെ ജീവിതം ധന്യമായെന്നാണ് വിശ്വാസം. അങ്ങനെ ഹജ്ജിനു പോകാൻ തയ്യാറെടുക്കുകയാണ് സിദ്ദിഖിന്റെ കഥാപാത്രമായ മുഹമ്മദ്. സാമാന്യം വലിയ തറവാടിയായ മുഹമ്മദിനു കുടുംബം നല്ലൊരു യാത്രയയപ്പ് ആണ് നൽകുന്നത്. ആ തിരക്കിനിടയിൽ അപ്രതീക്ഷിതമായി ഒരു അഥിതി കടന്നു വരികയാണ്. പിന്നീടാണ് സംഭവ ബഹുലമായ കഥ അരങ്ങേറുന്നത്.

ആദ്യ പകുതിയിൽ സിദ്ധിക്കാണ്‌ നിറഞ്ഞു നില്കുന്നത്. രണ്ടാം പകുതിയിൽ ദിലീപിന്റെ കഥാപാത്രമായ കൃഷ്ണനിലേക്കും കുടുംബത്തിലേക്കും കടക്കുന്നു . ഭാര്യ ശ്രീജക്കും മകൾ ശ്രീക്കുട്ടിക്കും ഒപ്പം സന്തുഷ്ടമായി ജീവിതം നയിക്കുന്ന ഒരു സാധാരണ വർക് ഷോപ്പ് മെക്കാനിക്ക് ആണ് ദിലീപ് സിനിമയിൽ .ശ്രീജയായി അനു സിത്താര വേഷമിട്ടിരിക്കുന്നു.

രണ്ടു ജീവിത സാഹചര്യത്തിലുള്ള കൃഷ്ണനും മുഹമ്മദും ഒരു നിർണായക നിമിഷത്തിൽ സന്ധിക്കുകയാണ് . ഒരു യഥാർത്ഥ സംഭവത്തെയാണ് ശുഭരാത്രി ആവിഷ്കരിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റും രാഷ്ട്രീയവുമൊക്കെ ചിത്രത്തിൽ വിഷയമാകുന്നു.

വാണിജ്യ ഘടകങ്ങളൊന്നും കുത്തിനിറയ്ക്കാതെ വളരെ ശുഭമായി തന്നെ വളരെ വ്യക്തമായി തന്നെ വ്യാസൻ കെ പി ചിത്രം ഒരുക്കിയിരിക്കുന്നു. താരങ്ങൾ എന്നതിലുപരി കഥാപാത്രങ്ങൾക്കാണ് വ്യാസൻ കെ പി മുൻഗണന നൽകിയിരിക്കുന്നത്. തന്റെ താര പദവി നോക്കാതെ നായകനെന്ന അവകാശ വാദമൊന്നും ഉന്നയിക്കാൻ പറ്റാത്ത കഥാപാത്രത് ആവിഷ്ക്കരിച്ച ദിലീപിന് കയ്യടി നൽകിയേ പറ്റു .

മാനവികതക്ക് കൂടുതൽ മുൻഗണന നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മലയാള സിന്സിനിമയിൽ അടുത്തിടെ കണ്ടു വരുന്ന ചില പ്രവണതകളെ കുറിച്ച് നേരെയല്ലാത്ത പരാമര്ശവുമുണ്ട്. ചിലർക്ക് ഈ സിനിമയെ പതിവ് നന്മമരം എന്ന രീതിയിൽ മാറ്റിനിർത്താൻ വിമർശിക്കാം. എന്നാൽ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനും അപ്പുറം മാനവികതക്ക് മുൻഗണന നൽകിയ ചിത്രത്തിന് കയ്യടിക്കാതെ വയ്യ.

അനു സിത്താര, സുരാജ്, ഇന്ദ്രൻസ് ആശാ ശരത്, നാദിർഷ, ശാന്തി കൃഷ്ണ, വിജയ്‌ബാബു, മണികണ്ഠൻ ആചാരി, സുധി കോപ്പ, നെടുമുടി വേണു, അശോകൻ , ഷീലു എബ്രഹാം തുടങ്ങി മുപ്പത്തി അഞ്ചോളം നടീ നടന്മാർ നിറഞ്ഞു നിൽക്കുന്ന ശുഭരാത്രി ആ അർത്ഥത്തിൽ താരനിബിഢമാണ്.

shubharathri movie review

Sruthi S :