ഉലകനായകൻ കമൽ ഹാസന്റെ മകളെന്ന പരിഗണനകളെ ഉപയോഗിക്കാതെ തന്റെ കരിയറിൽ വളർച്ച കണ്ടെത്താൻ ശ്രമിച്ച താരമാണ് ശ്രുതി ഹാസൻ. അഭിനയത്തിലും സംഗീതത്തിലും ഒരു പോലെ ശ്രദ്ധ നൽകുന്ന ശ്രുതിയ്ക്ക് രണ്ട് മേഖലകളിലും ശോഭിക്കാനായി. എന്നാൽ പരാജയങ്ങളെയും അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. തുടക്ക കാലത്തുണ്ടാക്കിയ തരംഗം ശ്രുതിക്ക് പിന്നീട് ആവർത്തിക്കാനായില്ല.
വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ ആഗ്രഹിച്ച ശ്രുതി സൂപ്പർ താര ചിത്രങ്ങളിൽ നായികയായി ഒതുങ്ങാൻ തയ്യാറായിരുന്നില്ല. അച്ഛൻ കമൽ ഹാസനെ പോലെ തന്നെ കരിയറിനെയും ജീവിതത്തെയും ശ്രുതി തുറന്ന ചിന്താഗതിയോടെയാണ് ശ്രുതി ഹാസൻ കാണുന്നത്. പലപ്പോഴും നടിയുടെ വ്യക്തി ജീവിതം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാകാറുമുണ്ട്.
ഇപ്പേഴിതാ ശ്രുതി ഹാസന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. ശ്രുതി ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ എക്സ് അക്കൗണ്ടിൽ വന്നുകൗണ്ടിരിക്കുന്ന പോസ്റ്റുകൾ തന്റേതല്ലെന്ന് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ കുറിപ്പിൽ വ്യക്തമാക്കി.
‘പ്രിയ്യപ്പെട്ടവരെ, എന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അറിയിക്കുന്നു. ഇപ്പോഴത്തെ പോസ്റ്റുകൾ എന്റേതല്ല. അതിനാൽ, തിരിച്ചെടുക്കുന്നതുവരെ പേജിൽ വരുന്ന ഒന്നിനോടും പ്രതികരിക്കരുത്’, എന്നായിരുന്നു ശ്രുതി ഹാസൻ ഇൻസ്റ്റാഗ്രാമിൽ അറിയിച്ചത്. ഹാക്ക് ചെയ്യപ്പെട്ടെങ്കിലും താരത്തിന്റെ ചിത്രം പ്രൊഫൈലിൽനിന്ന് മാറ്റിയിട്ടില്ല.
നിരന്തരം ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഹാക്കർമാർ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ ചിലത് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മൂന്നുവർഷത്തോളമായി താൻ ക്രിപ്റ്റോ കറൻസി ഉപയോഗിക്കുന്നുവെന്നും നാളെ ഒരു മീം കോയിൻ പുറത്തിറക്കുമെന്നുമാണ് നിലവിൽ പിൻചെയ്തുവെച്ച ഒരുപോസ്റ്റിൽ പറയുന്നത്.