ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലുള്ള കോലാഹലങ്ങളും ചർച്ചകളും പ്രതികരണങ്ങളുമെല്ലാമാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി സോഷ്യൽമീഡിയ മുഴുവനും നിറഞ്ഞ് നിൽക്കുന്നത്.
റിപ്പോർട്ട് പുറത്ത് വന്നതോടെ വമ്പൻ പൊട്ടിത്തെറികളാണ് സിനിമ മേഖലയിൽ ഉണ്ടായിരിക്കുന്നത്. പൊതുസമൂഹത്തിൽ മാന്യന്മാരാണെന്ന് തോന്നുന്ന പലരുടെയും മുഖം മൂടികളാണ് അഴിഞ്ഞു വീഴുന്നത്. ഇതിനെതിരെ പലരും രംഗത്തെത്തിയിട്ടുണ്ട്
അടിമുടി സ്ത്രീ വിരുദ്ധതയാണ് മലയാള സിനിമാ മേഖലയിലുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അവസരത്തിന് വേണ്ടി വിട്ടുവീഴ്ച ചെയ്യേണ്ട സ്ഥിതിയാണ് സ്ത്രീകൾക്കെന്ന് റിപ്പോർട്ടിൽ പറയുന്നു.
മേഖലയിൽ വ്യാപകമായി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കമുണ്ട്. ഏജൻ്റുമാരും മേഖലയിൽ ലൈംഗിക ചൂഷണത്തിനടക്കം പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.
എന്നാലിപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് പറഞ്ഞ് ശബ്ദമുയർത്തിയ പലരും ഇപ്പോള്‍ നിലപാട് മാറ്റിയെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.
മീഡിയവണ്‍ ചാനല്‍ നടത്തിയ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുക്കവെയാണ് ബൈജു ഇക്കാര്യം വെളിപ്പെടുത്തിയത്. ആ പതിനഞ്ച് അംഗ മാഫിയ സംഘമാണ് പലരുടേയും നിലപാട് മാറ്റത്തിന് പിന്നില്‍. തിലകന്‍ ചേട്ടനെ വിലക്കുന്നതില്‍ മുന്നില്‍ നിന്നത് ബി ഉണ്ണികൃഷ്ണന്‍ ആണല്ലോ. മാക്ട ഫെഡറേഷന്‍ പിളർത്തിയതിനെക്കുറിച്ച് ഈ റിപ്പോർട്ടില്‍ പറയുന്നുണ്ട്.
ആരാണ് പിളർത്തിയത്. തുളസീദാസ് വിഷയത്തില്‍ ദിലീപാണ് അത് ചെയ്തതെന്ന് വളരെ വ്യക്തമല്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. ‘ഇതൊക്കെ പച്ചയായ വർത്തമാനങ്ങള്‍ അല്ലേ. ഈ റിപ്പോർട്ടില്‍ പറഞ്ഞിരിക്കുന്ന ഒരു പേര് ദിലീപ് ആണെന്ന് ഇന്ത്യാ ടുഡെ ഉള്‍പ്പെടേയുള്ള ചാനലുകള്‍ അദ്ദേഹത്തിന്റെ പടം ഉള്‍പ്പെടെ വെച്ച് പുറത്ത് വിടുന്നു. മലയാളത്തിലെ ചാനലുകള്‍ എന്തുകൊണ്ടാണ് ഇത് മറച്ചുവെക്കുന്നത്. പല കാര്യങ്ങളും മറച്ചു വെക്കുന്നുണ്ടെന്നും’ ബൈജു കൊട്ടാരക്കര ചർച്ചയില്‍ വ്യക്തമാക്കി.
പത്ത് മുമ്പത്തിയഞ്ച് വർഷമായി ഞാന്‍ ഈ സിനിമയുടെ ചോറുണ്ട് തുടങ്ങിയിട്ട്. സിനിമ മേഖലയില്‍ അലിഖിതമായ നിയമങ്ങള്‍ ഉണ്ടെന്ന് മാലാ പാർവതി പോലും പറഞ്ഞിരുന്നു. ശരിയാണ്. ഈ അലിഖിത നിയമങ്ങള്‍ എന്ന് പറയുന്നത് ഇതുപോലുള്ള ചൂഷകന്മാർക്ക് വേണ്ടിയുള്ള നിയമങ്ങളാണ്. ഞങ്ങള്‍ക്ക് എന്തും ആകാം, ഞങ്ങളെ ധിക്കരിച്ചാല്‍ നീ സിനിമയില്‍ ഉണ്ടാകില്ലെന്നതാണ് ചൂഷകന്മാരുടെ നിയമങ്ങള്‍.
തിലകനും വിനയനും പാർവതി തിരുവോത്തും ഞാനുമൊക്കെ ഈ ചൂഷകന്മാരുടെ ഇരകളാണ്. 2017 ലെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് മുമ്പും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതും ഇതേ റിപ്പോർട്ടിലാണ്. ക്രിമിനലുകളായ ഡ്രൈവന്മാർ സിനിമ ലൊക്കേഷനില്‍ ഉണ്ടെന്നും പറയുന്നു.
കൂടെ കിടന്നില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സില്ലെന്നാണ്. സിനിമ വ്യവസായത്തെ മൊത്തമായി നശിപ്പിക്കുന്നത് വെളിയില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദമുയർത്തുന്ന ആളുകളാണോ അതോ അതിന് അകത്ത് തന്നെയുള്ള പുഴുക്കുത്തുകളാണോയെന്ന് ആദ്യം ആലോചിക്കണം. നാലരവർഷമായി റിപ്പോർട്ട് പുറത്ത് വിടാത്തതിനുള്ള ക്യാപ്സൂളുകളും ന്യായീകരണങ്ങളും ഒരുപാട് വരുന്നുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
അതേസമയം വ്യക്തികളുടെ പേര് പരാമർശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടില്‍ പറയുന്ന പവർ ഗ്രൂപ്പിലെ ഒരു അംഗം ദിലീപാണെന്ന് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. റിപ്പോർട്ടില്‍ ദിലീപിന്റെ പേര് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഔദ്യോഗികമായി അത് പുറത്ത് വന്നിട്ടില്ല. അതിനാല്‍ തന്നെ ബൈജു കൊട്ടാരക്കര നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം കമ്മിറ്റി മുൻപാകെ മൊഴി നൽകിയ പലരും പറഞ്ഞ കാര്യങ്ങൾ നടുക്കമുളവാക്കിയെന്ന് കമ്മിറ്റി അംഗങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പലരും പരാതി നൽകാത്തത് ജീവഭയം കൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. തലേന്ന് ഉപദ്രവിച്ച ആളുടെ ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം കമ്മിറ്റി പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഉപദ്രവിച്ച വ്യക്തി കൂടെ അഭിനയിക്കുമ്പോൾ ആളുടെ മുഖത്തേക്ക് നോക്കാൻ തന്നെ പേടിയായെന്നാണ് ഒരാളുടെ മൊഴി. ഈ പേടി കാരണം 17 തവണ ടേക്ക് എടുക്കേണ്ടി വന്നു. ഇക്കാര്യങ്ങൾ എതിർത്താൽ അശ്ലീല ഭാഷയിൽ സൈബർ ആക്രമണം നടത്തും. പരാതി പറഞ്ഞാൽ കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തും. ഐസിസിയെപ്പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഇത്തരം കാര്യങ്ങൾക്ക് സഹകരിക്കാത്തവരെ ‘മീ റ്റൂ പേഴ്സൺ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വിധേയപ്പെട്ടില്ലെങ്കിൽ ഭാവി നശിപ്പിക്കും. അഭിനയിക്കാൻ മോഹമുള്ളവർ പലതും സഹിച്ചാണ് തുടരുന്നതെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്ക് പരിഗണന ലഭിക്കുന്നില്ല. ടോയ്ലറ്റ് സൗകര്യങ്ങളും വസ്ത്രം മാറ്റുന്നതിനുള്ള ഡ്രെസ്സിംഗ് റൂമുകളും പല സെറ്റിലും സ്ത്രീകൾക്ക് ലഭിക്കുന്നില്ല.
മാത്രമല്ല പല സെറ്റിലും വെള്ളം ലഭിക്കുന്നില്ല എന്ന നിലയിലും പറഞ്ഞിട്ടുണ്ട്. ആർത്തവ സമയത്ത് സിനിമാ സെറ്റിൽ കടുത്ത പ്രതിസന്ധികളാണ് സ്ത്രീകൾ നേരിടുന്നതെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. ആ സമയങ്ങളിൽ നാപ്കിനുകൾ മാറ്റി ഇടാനും അവ നശിപ്പിക്കാനുമുള്ള സൗകര്യം ഷൂട്ടിംഗ് സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ലഭിക്കാറില്ല.
കൂടാതെ ടോയ്ലെറ്റിൽ പോകുവാൻ സ്ത്രീകളെ അനുവദിക്കാറില്ല. ഷൂട്ടിംഗ് സെറ്റിൽ അത്തരം സൗകര്യങ്ങളും കൊടുക്കില്ല. അതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതെ പിടിച്ചു നിൽക്കും. ഇത് യൂറിനറി ഇൻഫക്ഷൻ പോലുള്ള ഭീകര ശാരീരിക അസുഖങ്ങൾക്ക് കാരണമാവുന്നു.
പ്രൊഡക്ഷൻ യൂണിറ്റിലുള്ളവർ പുറത്തുള്ള ടോയ്ലറ്റിൽ പോകുവാൻ അനുവദിക്കാറില്ല. കാരണം ഇത്തരം പ്രാഥമിക ആവശ്യങ്ങൾ നടത്തുവാനായി ഏകദേശം 10 മിനുറ്റ് നടന്നാൽ മാത്രമേ അത്തരം സ്ഥലങ്ങൾ കണ്ടുപിടിക്കാനാവൂ. ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീ പറഞ്ഞ വാക്കുകളാണിത്.
സ്ത്രീകളുടെ പ്രാഥമിക ആവശ്യങ്ങളെ പോലും നിഷേധിക്കുന്ന ഇത്തരം അധാർമിക പ്രവർത്തികൾ ഇതാദ്യമായല്ല ഉണ്ടാവുന്നതെന്നും വ്യക്തമാണ്. എന്നാൽ പ്രമുഖരുടെ ഭീഷണിയെ തുടർന്ന് പലരും ഭയന്ന് ജീവിക്കുകയായിരുന്നു. ടോയ്ലറ്റ് സൗകര്യങ്ങൾ നിഷേധിക്കുന്നതിനാൽ സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കും.
ഇതുവഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് പലർക്കും അറിയാം. സ്ത്രീകൾ വെള്ളം കുടിക്കാതിരിക്കുന്നത് പിന്നീട് അവർക്ക് ഒരു ശീലമായി. പക്ഷേ സാഹചര്യങ്ങൾ ഇത്രയും ഭീകരമായിരുന്നു. പല ആർട്ടിസ്റ്റുകളേയും ഇത്തരത്തിൽ സെറ്റിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
അഭിനേതാക്കളായ സ്ത്രീകൾ മാത്രമല്ല, ഹെയർ സ്റ്റൈലിസ്റ്റുകൾ, അവരുടെ അസിസ്റ്റന്റുകൾ, ജൂനിയർ ആർട്ടിസ്റ്റുകൾ എല്ലാവർക്കും ഇതേ അവസ്ഥയാണ്. ഇതിൽ ടോയ്ലറ്റ് സൗകര്യം നൽകാത്തതിനെ കുറിച്ചു പറയുന്നതിനൊപ്പം കാരവാൻ ഉപയോഗത്തെ കുറിച്ചും കമ്മിറ്റിയിൽ വിശദീകരിക്കുന്നുണ്ട്. പല സിനിമാ സെറ്റിലും കാരവാനുകൾ ഉണ്ട്. പക്ഷേ അതെല്ലാം നായകനും നായികക്കും മാത്രം ഉപയോഗിക്കാനുള്ളതാണ്. മറ്റു ആർട്ടിസ്റ്റുകൾക്ക് കാരവാൻ സൗകര്യം നൽകാറുമില്ല.