ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണത്തിനിറങ്ങി ശോഭന

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണത്തിനിറങ്ങി നടിയും നര്‍ത്തകിയുമായ ശോഭന. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവരെ ബി ജെ പി പ്രചരണത്തിന് എത്തിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ശോഭനയെ രാജീവ് ചന്ദ്രശേഖറിനായി എത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. നെയ്യാറ്റിന്‍കരയിലെ എന്‍ ഡി എ പ്രചരണപരിപാടികളിലും ശോഭന പങ്കെടുക്കും. രാജീവ് ചന്ദ്രശേഖറിനെ പിന്തുണക്കാനാണ് താന്‍ എത്തിയത് എന്നും അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു എന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയിലും താന്‍ ക്ഷണിതാവാണ് എന്നും ശോഭന വ്യക്തമാക്കി.

രാജീവ് ചന്ദ്രശേഖറിനും വി വി രാജേഷിനുമൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ശോഭനയുടെ പ്രതികരണം. അതേസമയം രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ല എന്നായിരുന്നു ശോഭനയുടെ മറുപടി. ആദ്യം താന്‍ മലയാളം പഠിക്കട്ടെ എന്നും ഇപ്പോള്‍ ഒരു നടി മാത്രമാണ് താന്‍ എന്നുമായിരുന്നു ശോഭന പറഞ്ഞത്. നേരത്തേയും പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ശോഭന പങ്കെടുത്തിരുന്നു.

ഇതിന് പിന്നാലെ ശോഭന തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായേക്കും എന്നുവരെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ ബി ജെ പിയുടെ താരപ്രചാരകരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് എന്നാണ് വിവരം. ബി ജെ പി അനുഭാവമുള്ള സംവിധായകരും നിര്‍മാതാക്കളും വഴിയാണ് താരങ്ങളെ എത്തിക്കാന്‍ ശ്രമം നടക്കുന്നത്. ഐടി മന്ത്രിയെന്ന രീതിയിലുള്ള രാജീവ് ചന്ദ്രശേഖറിന്റെ നേട്ടങ്ങള്‍ യുവവോട്ടര്‍മാരിലേക്ക് എത്തിക്കാനാണ് താരങ്ങളെ ബിജെപി കൂട്ടുപിടിക്കുന്നത്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിന്റെ ചുവടുപിടിച്ചാണ് ബിജെപിയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നുപോയ ശേഷം വന്‍ താരനിരയെ തന്നെ തിരുവനന്തപുരത്ത് അണിനിരത്താനാണ് ബി ജെ പി ആലോചിക്കുന്നത്. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലങ്ങള്‍ എന്ന് ബിജെപി അവകാശപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം.

രാജീവ് ചന്ദ്രശേഖറിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ തിരുവനന്തപുരത്തെ ബിജെപി അനുഭാവികള്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം മറികടക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് ബിജെപി ദേശീയ നേതൃത്വം. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എം പി ശശി തരൂരും എല്‍ ഡി എഫിന് വേണ്ടി മുന്‍ എം പി പന്ന്യന്‍ രവീന്ദ്രനുമാണ് മത്സരിക്കുന്നത്.

Vijayasree Vijayasree :