നടൻ ശിവാജി ​ഗണേശന്റെ വീടന്റെ ഒരു ഭാ​ഗം കണ്ടുകെട്ടാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

നടൻ ശിവാജി ​ഗണേശന്റെ വീടായ അണ്ണൈ ഇല്ലത്തിന്റെ ഒരു ഭാ​ഗം കണ്ടുകെട്ടാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. പണമിടപാട് കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദുഷ്യന്തിന്റെ അച്ഛനും ശിവാജിയുടെ മകനുമായ രാംകുമാറിനു കുടുംബ ഓഹരി എന്ന നിലയിൽ ലഭിച്ച ടി ന​ഗറിലുള്ള വീടിന്റെ നാലിലൊരു ഭാ​ഗം കണ്ടുകെട്ടാൻ ഉത്തരവിട്ടത്.

ശിവാജിയുടെ കൊച്ചുമകൻ ദുഷ്യന്ത് രാംകുമാറും ഭാര്യ അഭിരാമിയും പ്രതികളാണ്. സിനിമാ നിർമാണത്തിനായി വായ്പയെടുത്ത 3.75 കോടി രൂപ തിരികെ നൽകാത്തതിനെ തുടർന്നു ധനഭാ​ഗ്യം എന്റർപ്രൈസസ് എന്ന ധനകാര്യ സ്ഥാപനമാണ് ദുഷ്യന്തിനെതിരെ കോടതിയെ സമീപിച്ചത്. ജ​ഗജില് കിലാഡി എന്ന സിനിമയുടെ നിർമാണത്തിനായാണ് ധനഭാ​ഗ്യം എന്റർപ്രൈസസിൽ നിന്നു ദുഷ്യന്ത് 30 ശതമാനം വാർഷിക പലിശയ്ക്ക് പണം കടം വാങ്ങിയത്. ഇതിനുള്ള കരാറിൽ രാംകുമാറും ഒപ്പിട്ടിരുന്നു.

മുതലും പലിശയും പൂർണമായി നൽകാതെവന്നതോടെ ധനഭാഗ്യം എന്റർപ്രൈസസിന്റെ ഉടമയായ അക്ഷയ് സരിൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കാൻ കോടതി ആർബിട്രേറ്ററെ നിയമിച്ചു. ഇരുകക്ഷികളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതോടെ മുതലും പലിശയുമായി 2023 ജൂലായ് 31 വരെയുള്ള 9.02 കോടി രൂപ ദുഷ്യന്ത് നൽകണമെന്ന് ആർബിട്രേറ്റർ ഉത്തരവിട്ടു. പണം നൽകാൻ വൈകിയാൽ 12 ശതമാനം പലിശനൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

പണം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സിനിമയുടെ പകർപ്പവകാശം സ്വന്തമാക്കാൻ അക്ഷയ്ക്ക് അനുമതി നൽകി. എന്നാൽ, ദുഷ്യന്ത് പണം നൽകിയില്ല. സിനിമ പൂർത്തിയാക്കാത്തതിനാൽ പകർപ്പവകാശംകൊണ്ട് കാര്യമില്ലാതെയും വന്നതോടെ അക്ഷയ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. 1958-ൽ വാങ്ങിയ ഈ വീട്ടിൽ ഒട്ടേറെ സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.

Vijayasree Vijayasree :