കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ് പ്രധാന ചർച്ചാ വിഷയം. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട വിവാദം ഇത് വരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷൈൻ ടോം ചാക്കോ.
എന്തുകൊണ്ടാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാത്തതെന്ന് സെൻസർ ബോർഡിനോട് അല്ലേ ചോദിക്കേണ്ടതെന്ന് ഷൈൻ ചോദിച്ചു. സെൻസർ ബോർഡിനോടല്ലേ ചോദിക്കേണ്ടത്. ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്‌കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ.
ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ഇന്ത്യയിലുള്ള, ഈ പ്രദേശത്തുള്ള ഒരു കഥാപാത്രമല്ലേ? ഞാൻ പ്രതികരിച്ചതുകൊണ്ട് അവർ സെൻസർ സർട്ടിഫിക്കറ്റ് തരാൻ പോകുന്നില്ല. ഈ പ്രശ്‌നങ്ങളും തീരില്ല. എനിക്ക് എന്തെങ്കിലും അധികാരം ഉണ്ടെങ്കിൽ അല്ലേ പറഞ്ഞിട്ട് കാര്യമുള്ളൂ’ എന്നാണ് ഷൈൻ പറഞ്ഞത്.
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’. ജൂൺ 27-ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന് ഇക്കാര്യം ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയില്ല. തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
സിനിമയുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ച സെൻസർ ബോർഡിനോട് നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. പ്രദർശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് കൊണ്ട് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഇതിൽ ജാനകി എന്ന പേര് വന്നത് ഏത് മതവിഭാഗത്തെയാണ് വേദനിപ്പിക്കുന്നത്. രാജ്യത്ത് 80 ശതമാനം ആളുകൾക്കും ഏതെങ്കിലും മതപരമായ പേരുകളാണുള്ളത്. രാമനെന്നും കൃഷ്ണനെന്നും മുഹമ്മദെന്നും പേരുള്ളവരുണ്ട്. എല്ലാ പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരിലായിരിക്കും. ഈ സാഹചര്യത്തിൽ ജാനകി എന്ന പേര് കൊടുത്തതിൽ എന്താണ് കുഴപ്പമെന്നും കോടതി ചോദിച്ചു.