എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നടന്ന് പോയത് കോക്പിറ്റിന്റെ ഭാഗത്തേയ്ക്കാണ്…; കമ്യൂണിക്കേഷന്‍ പ്രശ്‌നമാണ് കാരണമെന്ന് സോഹന്‍ സീനുലാല്‍

ഫ്‌ലൈറ്റില്‍ കിടക്കാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയോട് എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ നേരെ പോയത് കോക്പിറ്റിലേക്കെന്ന് സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍. ‘ഭാരത സര്‍ക്കസ്’ എന്ന ചിത്രത്തിന്റെ ഭാഗമായി ദുബായിയില്‍ നടന്ന പരിപാടിക്ക് ശേഷം തിരികെ വരുമ്പോഴാണ് സംഭവം. വിസിറ്റിങ് വിസ എക്‌സിറ്റ് അടിച്ചതുകൊണ്ട് നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നും ഷൈന്‍ ഉടന്‍ കേരളത്തിലേക്ക് എത്തുമെന്നും സോഹന്‍ പറഞ്ഞു.

ഷൈനും ഞാനും ‘ഭാരത സര്‍ക്കസി’ന്റെ പ്രസ് മീറ്റ് കഴിഞ്ഞ് ദൂബായിയില്‍ നിന്ന് ഒരുമിച്ച് വരാനാണിരുന്നത്. പ്രസ് മീറ്റ് കഴിഞ്ഞ് ഒരു സ്‌പെഷ്യല്‍ ഷോ ഉണ്ടായിരുന്നു. ആ പരിപാടി കഴിഞ്ഞ് സഹോദരിയുടെ വീട്ടിലും പോയി നേരിട്ട് എയര്‍പോര്‍ട്ടില്‍ എത്തിക്കോളാം എന്നാണ് പറഞ്ഞത്. എന്നാല്‍ ആ ഫ്‌ലൈറ്റ് ഷൈനിന് മിസ്സായിരുന്നു. പിന്നീട് അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റിലാണ് വരാന്‍ ശ്രമിച്ചത്.

ഒരുപാട് പരിപാടികളുള്ളതിനാല്‍ ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്‌ലൈറ്റില്‍ കയറി കിടന്നപ്പോള്‍ ഇപ്പോള്‍ കിടക്കാന്‍ കഴിയില്ല എന്ന് എയര്‍ഹോസ്റ്റസുമാര്‍ പറയുകയും എഴുന്നേല്‍ക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നടന്ന് പോയത് കോക്പിറ്റിന്റെ ഭാഗത്തേക്കാണ്. അതാണ് സംഭവിച്ചത്. ഷൈനിന്റെ ഒരു സംസാര രീതി അറിയാമല്ലോ.

ഷൈന്‍ ദേഷ്യപ്പെടുകയാണ് എന്ന് കരുതിയുള്ള ഒരു കമ്യൂണിക്കേഷന്‍ പ്രശ്‌നമാണ്. അദ്ദേഹം സുരക്ഷിതനായി എയര്‍പോര്‍ട്ടിലുണ്ട്. വിസിറ്റിങ് വിസയായത് കൊണ്ട് എക്‌സിറ്റ് അടിച്ചു പോയതുകൊണ്ട് അതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ നാളെ തന്നെ ഷൈന്‍ കേരളത്തിലേക്ക് എത്തും.

കഴിഞ്ഞ ദിവസമായിരുന്നു വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കിയത്. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെയാണ് നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കിയത്. സംഭവത്തില്‍ ‘കേസൊന്നും ഇല്ല. വേറൊരു ടിക്കറ്റ് എടുത്ത് ഉടന്‍ തിരികെ പോരും’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്.

Vijayasree Vijayasree :