കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുന്നത് കണ്ടെന്നും അയാളോടൊപ്പം സഹകരിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കിയത് ബുദ്ധിമുട്ടായിരുന്നെന്നും വിൻസി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിൻസിയുടെ പരാതി വ്യാജമാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പരാതിയെന്നും വിൻസി പറഞ്ഞത് പോലെയൊന്നും സംഭവിച്ചിട്ടില്ലെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു. ഈഗോ കാരണം ഉണ്ടായ പരാതിയാണ്.
അപമര്യാദയായി പെരുമാറിയെന്ന് പറയുന്നത് തെറ്റാണ്. സൂത്രവാക്യം സിനിമയുടെ സംവിധായകനോടോ നിർമാതാവിനോടോ വിളിച്ച് ചോദിക്കാമെന്നും ഷൈൻ പറയുന്നു. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്ചക്കുള്ളിൽ ഷൈൻ ടോം ചാക്കോ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ പുറത്താക്കാൻ അച്ചടക്കം സമിതി ജനറൽബോഡിക്ക് ശുപാർശ ചെയ്യുമെന്നും താരസംഘടനയായ അമ്മ അറിയിച്ചു.
അതേസമയം ഷൈൻ എതിരായ ലഹരി ആരോപണത്തിൽ നടി വിൻസി അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകില്ല. വിൻസിയുടെ മൊഴിയെടുക്കാൻ എക്‌സൈസ് സമീപിച്ചെങ്കിലും താൽപര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ഷൈൻ ടോം ചാക്കോ വിൻസിയോട് അപമര്യാദയായി പെരുമാറിയത്.
റിലീസിന് തയ്യാറെടുക്കുന്ന സിനിമയാണ് സൂത്രവാക്യം. ലഹരി ഉപയോഗിച്ച് ഷൈൻ ടോം ചാക്കോ തന്നോട് മോശമായി പെരുമാറിയെന്നും സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചായിരുന്നു ഈ സംഭവമെന്നും വിൻസി അമ്മയ്ക്ക് നൽകിയ പരാതിയിലുണ്ട്. ഫിലിം ചേംബറിനും അമ്മയ്ക്കും പുറമെ സൂത്രവാക്യം സിനിമയിടെ ആഭ്യന്തര പരാതി പരിഹാര സമിതിയ്ക്കും വിൻസി പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഒരു സിനിമയുടെ സെറ്റിൽ വെച്ച് ലഹരി ഉപയോഗിച്ച നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ലഹരി ഉപയോഗിക്കുന്ന നടൻമാർക്കൊപ്പം അഭിനയിക്കില്ല എന്നും താരം പറഞ്ഞിരുന്നു. ഷൂട്ടിംഗിനിടെ എന്റെ വസ്ത്രത്തിൽ ഒരു പ്രശ്‌നം വന്നപ്പോൾ അത് ശരിയാക്കാൻ പോയി.
അപ്പോൾ ഞാനും വരാം ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്ക് അതും എല്ലാവരുടേയും മുന്നിൽവെച്ച് പറയുന്ന രീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് ബുദ്ധിമുട്ടായിരുന്നു എന്നായിരുന്നു വിൻസി പറഞ്ഞിരുന്നത്.
ഒരു സീൻ പ്രാക്ടീസ് ചെയ്യുന്നതിനിടയിൽ ഈ നടൻ വായിൽ നിന്ന് വെളുത്ത നിറത്തിലുള്ള ഒരു പൊടി തുപ്പുന്നത് കണ്ടിരുന്നു എന്നും വിൻസി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ താരസംഘടനയായ അമ്മ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയം സംഘടനയുടെ അഡ്‌ഹോക്ക് കമ്മിറ്റി ചർച്ച ചെയ്തു എന്നും പരാതി നൽകിയാൽ നടപടിയെടുക്കും എന്ന് നടനും ഭാരവാഹിയുമായ ജയൻ ചേർത്തല പറഞ്ഞിരുന്നു.
ഡബ്ല്യുസിസിയും വിൻസിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതിനിടെ സംഭവത്തിൽ കേസെടുക്കാൻ പര്യാപ്തമായ വിവരങ്ങൾ ലഭിച്ചാൽ തുടർ നടപടിയുണ്ടാകുമെന്ന് എക്‌സൈസും അറിയിച്ചിരുന്നു. നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് സ്റ്റേറ്റ് ഇന്റലിജൻസും അന്വേഷണം തുടങ്ങിയിരുന്നു എന്നാണ് വിവരം. വിൻസിയിൽ നിന്ന് പരാതി വാങ്ങി കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസും ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.