പ്രശസ്ത തമിഴ് നടൻ ഷിഹാൻ ഹുസൈനി(60) അന്തരിച്ചു. കാൻസർ ബാധിച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു അന്ത്യം. ചെന്നൈ ബസന്ത് നഗറിലെ വസതിയായ ഹൈക്കമാൻഡിലെ പൊതുദർശനത്തിന് വെയ്ക്കും.
തമിഴ്‌നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ കടുത്ത ആരാധകൻ എന്ന നിലയിലും ഷിഹാൻ ഹുസൈനി ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ൽ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവാൻ സ്വയം കുരിശിലേറി ഹുസൈനി വാർത്തകളിൽ നിറഞ്ഞിരുന്നു. ആറ് മിനിറ്റും ഏഴ് സെക്കൻഡും ഹുസൈനി ജയലളിതയ്ക്കുവേണ്ടി കുരിശിൽ തൂങ്ങിക്കിടന്നു. ആറിഞ്ച് നീളമുള്ള ആണികളായിരുന്നു ഹുസൈനിയുടെ പാദങ്ങളിലും കൈത്തലങ്ങളിലും അടിച്ചുകയറ്റിയത്.
ഹുസൈനിയുടെ ചികിത്സയ്ക്കായി തമിഴ്‌നാട് സർക്കാർ അഞ്ചുലക്ഷം രൂപ സഹായധനം അനുവദിച്ചിരുന്നു. മരിക്കുന്നതിന്റെ ഒരാഴ്ച മുൻപാണ് തന്റെ ശരീരം മരണാനന്തരം പഠിക്കാനായി മെഡിക്കൽ കോളേജിന് നൽകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. അത് പ്രകാരം ഹുസൈനിയുടെ മൃതദേഹം ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിന് മെഡിക്കൽ റിസേർച്ചിനായി നൽകും.
കമൽ ഹാസന്റെ പുന്നഗൈ മന്നനിലൂടെ 1986-ലാണ് അദ്ദേഹം സിനിമയിലെത്തിയത്. രജനീകാന്തിന്റെ വേലൈക്കാരൻ, ബ്ലഡ് സ്റ്റോൺ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. വിജയ് സേതുപതിയുടെ കാതുവാക്കിലെ രണ്ടു കാതൽ ആണ് അവസാന ചിത്രങ്ങളിൽ ഒന്ന്. തമിഴ് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും എത്തിയിരുന്നു.