വീട്ടിലുണ്ടാക്കിയ ഭക്ഷണം, മരുന്നുകള്‍, മുടിയും മുറിക്കേണ്ട; ജയിലില്‍ കഴിയുന്ന ഷീസാന്‍ ഖാന് പ്രത്യേക പരിഗണ നല്‍കി കോടതി

നടി തുനിഷ ശര്‍മയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട് ജയിലിലായ നടിയുടെ മുന്‍ കാമുകനും നടനുമായ ഷീസാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യം. കസ്റ്റഡി കാലയളവില്‍ മുടി മുറിക്കാതിരിക്കരുത് എന്നാവശ്യപ്പെട്ട് ഷീസാന്‍ മുംബൈ കോടതിയില്‍ അപേക്ഷ നല്‍കി. ഇതോടൊപ്പം വീട്ടിലുണ്ടാക്കിയ ഭക്ഷണം, മരുന്നുകള്‍, കസ്റ്റഡി കാലയളവില്‍ ജയിലിനുള്ളിലും പുറത്തും സുരക്ഷ എന്നിവയും ഷീസാന്‍ അവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യങ്ങളും മുടിമുറിക്കാതിരിക്കാനുള്ള ആവശ്യവും കോടതി അംഗീകരിച്ചു. ജയില്‍ മാര്‍ഗരേഖകള്‍ അനുസരിച്ച് ബന്ധുക്കളുടെ സന്ദര്‍ശനവും, സുരക്ഷയും അനുവദിക്കാമെന്നാണ് നിര്‍ദേശം. പല്‍ഗര്‍ ജില്ലാ കോടതിയാണ് ഷീസാനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ ദിവസവും ഷീസാന് തന്റെ മുടിയെക്കുറിച്ച് മാത്രമാണ് ചിന്തയെന്ന് തുനിഷയുടെ അഭിഭാഷകന്‍ ആരോപിച്ചു.

തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായിരുന്നു ഷീസാന്‍ ഖാന്‍. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകര്‍ന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു.

തുനിഷ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്നും ഇതിന് മുന്‍പ് ഷീസാന്‍ പറഞ്ഞിരുന്നു. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷിസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. ആഴ്ചകള്‍ മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്.

ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Vijayasree Vijayasree :