മലയാളികളുടെ ഇഷ്ട താരമാണ് ഷീലു എബ്രഹാം. ‘പുതിയ നിയമത്തി’ലെ ജീനാഭായ് ഐപിഎസ് പോലെയുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത അഭിനേത്രി ജയറാമിന്റെ ‘ആടുപുലിയാട്ടം’, ‘പട്ടാഭിരാമന്‍’, ദിലീപ് ചിത്രം ‘ശുഭരാത്രി’ എന്നിങ്ങനെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി വലുതും ചെറുതുമായ വേഷപ്പകര്‍ച്ചകളിലൂടെ 9 വര്‍ഷമായി മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷീലു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് കിട്ടിയ സ്വീകാര്യതയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്.
ഷീലു എബ്രഹാമിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് ഇത്ര പ്രത്യേകത എന്നതാണ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ചയാകുന്നത്.ആ പോസ്റ്റിന്റെ കമെന്റ് ബോക്സില്‍ ഇതിനുള്ള മറുപടിയുണ്ട്. ‘സദൃശ്യവാക്യം (24 : 29)’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷീലുവിന് ലഭിച്ച അംഗീകാരമാണ് ആ പോസ്റ്റിന് ലഭിച്ച വമ്ബന്‍ സ്വീകാര്യതയ്ക്ക് പിന്നില്‍. ഷീലു എന്ന അഭിനേത്രിയുടെ പ്രകടനത്തെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതിന്റെ തെളിവാണ് ആ അംഗീകാരം. നന്ദി പറഞ്ഞുകൊണ്ട് താരവും എത്തി.ടെലിവിഷനില്‍ ചിത്രത്തിന്റെ പ്രീമിയര്‍ വന്നതിന് പിന്നാലെയാണ് ഷീലു സമൂഹ മാധ്യമങ്ങളില്‍ നന്ദി അറിയിച്ച് പോസ്റ്റ് ഇട്ടത്.
ഞൊടിയിടയില്‍ പോസ്റ്റ് വൈറല്‍ ആവുകയും ചെയ്തു. നാല് ലക്ഷത്തോളം ലൈക്കും, 10,000 കമെന്റുകളും, 3000ത്തിലധികം ഷെയറും ഇതിനോടകം ഈ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു. പോസ്റ്റിന് ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തിയെന്നും, തന്റെ അഭിനയത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച അഭിനന്ദനമായി ഇതിനെ കാണുന്നുവെന്നും ഷീലു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.
ഷീലു എബ്രഹാമിന്റെ വാക്കുകളിലൂടെ…
‘ചിത്രത്തിന്റെ പ്രീമിയര്‍ ഇറങ്ങിയ ശേഷം അതിന് പ്രേക്ഷകര്‍ തന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് ഇട്ട പോസ്റ്റാണ് ഇത്. എന്നാല്‍ ഇതിന് ഇത്ര സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല.
‘സദൃശ്യവാക്യം (24 : 29)’ എന്ന ചിത്രത്തെയും, അതിലെ എന്റെ കഥാപാത്രത്തെയും പ്രേക്ഷകര്‍ സ്വീകരിച്ചുവെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ട്.
9 വര്‍ഷത്തോളമായി സിനിമയില്‍ ഉള്ള ആളാണ് ഞാന്‍. എല്ലാത്തിനും ഒരു സമയം ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ആ ഭാഗ്യം എന്നിലേക്ക് കൂടുതല്‍ അടുത്തു എന്ന് കരുതുന്നു.’
വി.എസ്.എല്‍ ഫിലിംസിന്റെ ബാനറില്‍ വി.എസ് ലാലന്‍ നിര്‍മ്മിച്ച് പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘സദൃശ്യവാക്യം (24 : 29)’. ഷീലു നായികയായി എത്തുന്ന ചിത്രം ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്.
മനോജ് കെ ജയന്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, നിയാസ് ബക്കര്‍, ബേബി മീനാക്ഷി, അഞ്ജലി ഉപാസന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരുന്നത്.
ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തിയെന്നും, മുന്‍ധാരണകളെ എല്ലാം ചിത്രം മാറ്റിമറിച്ചെന്നുമാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. ഏറെ നാളുകള്‍ക്ക് ശേഷം സ്ത്രീ കേന്ദ്രീകൃതമായ ഒരു ഫാമിലി ത്രില്ലര്‍ ചിത്രം കണ്ടുവെന്നും, ഇത്തരം ഒരു റോളില്‍ ഷീലുവിനെ കണ്ടതില്‍ സന്തോഷം ഉണ്ടെന്നും ആരാധകര്‍ പറയുന്നു.
മനോഹരമായ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഫോര്‍ മ്യൂസിക്കാണ്.
‘പട്ടാഭിരാമന്‍’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357’ ആണ് ഷീലുവിന്റെ പുതിയ ചിത്രം.
അനൂപ് മേനോന്‍, ധര്‍മ്മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍.
കോവിഡ് പ്രതിസന്ധികള്‍ എല്ലാം മറികടന്ന് ചിത്രം എത്രയും വേഗം തിയേറ്ററില്‍ എത്തുമെന്ന ശുഭപ്രതീക്ഷയും ഷീലു പങ്കുവെച്ചു.