മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ഷീല, ശാരദ, ജയഭാരതി എന്നീ നടിമാര്‍ നിറഞ്ഞ് നിന്ന കാലഘട്ടം മലയാള സിനിമയ്ക്കുണ്ടായിരുന്നു. ചെമ്മീന്‍, കള്ളിച്ചെല്ലമ്മ, മകനേ നിനക്ക് വേണ്ടി തുടങ്ങി നിരവധി സിനിമകളില്‍ ഷീല അഭിനയിച്ചു. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഷീല പിന്നീട് തിരിച്ചു വരുന്നത് 2003 ല്‍ മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്.
ഏറെ നാളുകള്‍ക്ക് ശേഷം ഷീല അഭിനയിക്കുന്ന സിനിമയാണ് അനുരാഗം. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുത്ത് വരികയാണ് ഷീല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു ആരാധകനെക്കുറിച്ചുള്ള രസകരമായ സംഭവ കഥ വിവരിച്ചിരിക്കുകയാണ് ഷീല. ‘ഞാനെവിടെയെങ്കിലും വലിയ ഫങ്ഷനൊക്കെ പോവുമ്പോള്‍ ഞാന്‍ വിചാരിക്കും ലൈറ്റൊക്കെ പോയി പെട്ടെന്ന് ജനങ്ങളെല്ലാം കൂടെ കയറിയങ്ങ് വന്നാല്‍ നമ്മള്‍ എന്ത് ചെയ്യുമെന്ന്’.
തുണിയൊക്കെ വിരിച്ച മേശയുടെ അടിയില്‍ കയറി ഇരിക്കാമെന്ന് കരുതും. അങ്ങനെ ഒരിക്കല്‍ ഇരുന്നിട്ട് പോലുമുണ്ട്. സ്‌റ്റേജിലോട്ട് എല്ലാവരും കൂടെ ഓടി വന്നു. ഞാനാണെന്ന് വിചാരിച്ച് വേറെയാരൊക്കെയോ അവര്‍ കെട്ടിപ്പിടിച്ചു. ഞാന്‍ ഇതിനകത്താണ് ഇരിക്കുന്നത്. കുറച്ച് നേരത്തിനുള്ളില്‍ ലൈറ്റ് വന്നു. അപ്പോഴേക്കും പൊലീസെത്തിയപ്പോള്‍ ഞാന്‍ പതുക്കെ അതില്‍ നിന്നും കയറി വന്നു.
‘അന്നൊക്കെ ഒരുപാട് കത്തുകള്‍ വരും. ഒരു ദിവസം പത്ത് നൂറ്റമ്പത് ലെറ്ററുകള്‍ വരും എനിക്ക്. ഞാനിത് വലിയ സഞ്ചിയിലാക്കി ഷൂട്ടിംഗിനിടയില്‍ വായിക്കും. എനിക്കൊരു നേരംപോക്ക് ഈ ലെറ്ററൊക്കെ വായിക്കുന്നതായിരുന്നു. അതില്‍ ഒരാള്‍ എഴുതിയ ലെറ്ററില്‍ എഴുതിയത് നീ എന്താ മധുവിനെ അത്രയും കെട്ടിപ്പിടിച്ച് അഭിനയിച്ചത് എനിക്കിഷ്ടപ്പെട്ടില്ല. നസീറിന്റെ നെഞ്ചില്‍ നീ ചാഞ്ഞ് കിടന്ന് അഭിനയിക്കുന്നു’.
‘അത് വേണ്ട കേട്ടോ. അതങ്ങ് നിര്‍ത്തിക്കോ ഇങ്ങനെയൊക്കെ പറഞ്ഞ് വഴക്ക്. പിന്നെ അയാള്‍ പറഞ്ഞു ഓണത്തിന് ഡ്രസ് അയക്കുന്നുണ്ട്, എന്തായാലും അതിട്ടേക്കണം എന്ന്. ഞങ്ങളുടെ വീട്ടിന് പുറത്ത് വലിയൊരു ആല്‍മരം ഉണ്ടായിരുന്നു. അതിന്റെ മുന്നില്‍ വെക്കാമെന്നാണ് പറഞ്ഞത്. പാവയ്ക്ക് പോലും ഇടാന്‍ പറ്റാത്ത ചെറിയ തുണിയായിരുന്നു’.
‘ഞാനതെടുത്ത് വെച്ച് ചിരിച്ചു. പിന്നെ ശല്യമായി. എന്റെ വീട്ടിലെ നമ്പറെങ്ങനെയോ കിട്ടി. ഫോണില്‍ കൂടെ ശല്യമായി. രാത്രി പന്ത്രണ്ട് മണിക്കൊക്കെയാണ് വിളി. ഷൂട്ടിംഗ് തീര്‍ന്ന് വന്ന് ക്ഷീണിച്ച് കിടക്കുന്ന സമയമായിരിക്കും. അപ്പോള്‍ ഞാന്‍ പൊലീസില്‍ പരാതി കൊടുത്തു. കണ്ട് പിടിച്ചപ്പോള്‍ നടി മല്ലിക സുകുമാരന്റെ വീട്ടില്‍ നിന്നാണ് കോള്‍ വരുന്നത്’.
‘ഫോണെടുത്ത് സംസാരിക്കണമെന്ന് പൊലീസ് എന്നോട് പറഞ്ഞു. രാത്രി എനിക്കൊന്ന് കാണണമെന്ന് ഞാന്‍ ഫോണില്‍ പറഞ്ഞു. പിറ്റേ ദിവസം രാവിലെ മഞ്ഞക്കളര്‍ പാന്റും, പച്ചക്കളര്‍ ഷര്‍ട്ടും മഞ്ഞക്കളര്‍ കൂളിംഗ് ഗ്ലാസും വെച്ച് വന്നു. എന്തായിത് കോമാളിയെ പോലൊരാള്‍ നില്‍ക്കുന്നെന്ന് ഞാന്‍ വിചാരിച്ചു’.
‘വാച്ച്മാന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞു. അപ്പോളെനിക്ക് മനസ്സിലായി. ഉടനെ ബ്രദറെല്ലാം ഓടിപ്പോയ് അവനെ പിടിച്ച് തല്ലി. ഞാന്‍ പറഞ്ഞു, അയ്യോ വേണ്ടെന്ന്. മല്ലിക സുകുമാരന്റെ വീട്ടിലെ കുക്കാണിവന്‍. അവര്‍ രാത്രി കിടുന്നറങ്ങുമ്പോഴാണ് ഫോണ്‍ ചെയ്യുന്നത്,’ ഷീല പറഞ്ഞു. ചെന്നൈയില്‍ സ്ഥിരതാമസക്കാരിയായ ഷീല വല്ലപ്പോഴുമാണ് കേരളത്തിലേക്ക് വരുന്നത്.
അതേസമയം, മരിച്ചു കഴിഞ്ഞാല്‍ തന്റെ ശരീരം എങ്ങനെ സംസ്‌കരിക്കണമെന്നതിനെ കുറിച്ചും ഷീല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മരിച്ചാല്‍ തന്റെ ശരീരം കുഴിച്ചിടാതെ കത്തിച്ചുകളയണമെന്ന് ഷീല പറയുന്നു. പുഴുകുത്തി കിടക്കുന്നതിന് പകരം തന്റെ ചാരം ഭാരതപ്പുഴയില്‍ ഒഴുക്കാനാണ് ആഗ്രഹമെന്നും ഹിന്ദു സംസ്‌ക്കാരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ആചാരമാണിതെന്നും ഷീല പറഞ്ഞു.
ഹിന്ദുക്കള്‍ പോയതിനേക്കാള്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ ഞാന്‍ പോയിട്ടുണ്ട്. എനിക്ക് ഹിന്ദു സംസ്‌കാരത്തിലെ ഏറ്റവും നല്ല കാര്യമായിട്ടാണ് ഇത് തോന്നിയത്. നമ്മുടെ ശരീരം എന്തിനാണ് പുഴുകുത്തി കിടക്കുന്നത്. അതോടുകൂടി തീര്‍ന്ന് എല്ലാ വര്‍ഷവും നമ്മളെ ഇഷ്ടപ്പെടുന്നവര്‍ കല്ലറയില്‍ പൂവ് വയ്ക്കുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യും. അവര്‍ അത് ചെയ്യുമെന്ന് എന്താണ് ഉറപ്പ്. അതിലും നല്ലത് എന്നെ ഞാനാക്കിയ ഈ കേരളത്തിലേക്ക് എന്റെ ചാമ്പല്‍ ഒഴുക്കിക്കളയണം. എന്നെ കത്തിച്ചുകളയണം എന്നത് എനിക്ക് നിര്‍ബന്ധമാണെന്ന് ഷീല പറഞ്ഞു.
സിനിമയിലേക്ക് എത്തിയത് വലിയ താല്‍പര്യമുണ്ടായിട്ടല്ല. കുടുംബത്തിലെ സാഹചര്യമാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. കുട്ടിക്കാലത്ത് സിനിമ കാണാന്‍ പോയതിന് അച്ഛന്‍ തല്ലിയിരുന്നു. അന്ന് പത്ത് വയസായിരുന്നു പ്രായം. തല്ലിയതിന് ശേഷം പള്ളിയില്‍ പോയി കുമ്പസരിച്ചതിന് ശേഷം വീട്ടില്‍ കയറിയാല്‍ മതിയെന്നാണ് അച്ഛന്‍ പറഞ്ഞത്.
അന്നത്തെ കാലത്ത് വലിയ പാപമായിട്ടാണ് സിനിമയെ കണ്ടത്. എന്നാല്‍ അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായി. ഇതോടെയാണ് താന്‍ 13ാം വയസില്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യത്തെ സിനിമ തമിഴില്‍ ആയിരുന്നു. ഈ സിനിമയുടെ സെറ്റില്‍ നിന്നാണ് മലയാളത്തിലേക്ക് അവസരം ലഭിക്കുന്നത്. അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കുടുംബത്തെ രക്ഷിക്കാനും സഹോദരിമാരെ സുരക്ഷിതമാക്കാനും കഴിഞ്ഞു എന്നാണ് ഷീല പറയുന്നു.