കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര സംവിധായകൻ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. പിന്നാലെ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തയിരുന്നത്. അദ്ദേഹത്തിൻറെ സിനിമകൾ രാജ്യത്തെയും ഇന്ത്യൻ സിനിമയെയും ഉയർത്തിയെന്നാണ് മനോജ് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞത്.
അദ്ദേഹത്തിൻറെ സിനിമകൾ ഒരു യുഗത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സിനിമ ചരിത്രത്തിൽ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും ഷാരൂഖ് പറഞ്ഞു. ഈ വേളയിൽ നടൻ ഷാരൂഖ് ഖാനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതാണ് ചർച്ചയാകുന്നത്. 2007-ൽ, ഓം ശാന്തി ഓം എന്ന സിനിമ കണ്ടതിന് ശേഷം മനോജ് കുമാർ ഷാരൂഖ് ഖാനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ ഒരു സീനിൽ, ഷാരൂഖിന്റെ കഥാപാത്രം മനോജ് കുമാറിന്റെ പ്രശസ്തമായ മുഖഭാവം രസകരമായ രീതിയിൽ അനുകരിച്ചതാണ് കാരണം. എന്നാൽ തമാശയാണ് അണിയറ പ്രവർത്തകർ ഉദ്ദേശിച്ചത്.
പക്ഷേ മുഖഭാവം പകർത്തിയത് തന്നെ കളിയാക്കുന്നതായി ആണെന്നാണ് മനോജ് കുമാറിന് തോന്നിയത്. മനോജ് കുമാർ നിർമാതാക്കളോട് ആ രംഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. അവർ അത് നീക്കം ചെയ്തു. ഷാരൂഖ് ഖാൻ ക്ഷമാപണം നടത്തുകയും മനോജ് കുമാറിനെ വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു.
എന്നാൽ 2013 ൽ, ചിത്രം ജപ്പാനിൽ റിലീസ് ചെയ്തപ്പോഴും അതേ രംഗം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനോജ് കുമാർ, ഷാരൂഖ് ഖാനും ഇറോസ് ഇന്റർനാഷണലിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു. കേസ് ഫയൽ ചെയ്തെങ്കിലും മനോജ് കുമാർ പിന്നീട് അത് പിൻവലിക്കാൻ തീരുമാനിച്ചു.
കേസ് ഷാരൂഖിനോ ഫറാ ഖാനിനോ ഒരു ഉത്തരവാദിത്തമോ മാറ്റമോ കൊണ്ടുവന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. രണ്ടുതവണ താൻ അവരോട് ക്ഷമിച്ചു, പക്ഷേ അവർ വാഗ്ദാനം പാലിക്കാത്തതിൽ നിരാശയുണ്ടെന്നാണ് അന്ന് മനോജ് കുമാർ പറഞ്ഞത്.