ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവായ മന്നത്തിനകത്ത് അതിക്രമിച്ചു കയറിയ രണ്ടുപേരെ കസ്റ്റഡയിലെടുത്ത് പോലീസ്. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് യുവാക്കളെ കണ്ടത്. ഷാരൂഖ് ഖാന്റെ കടുത്ത ആരാധകരാണ് തങ്ങളെന്നും അദ്ദേഹത്തെ കാണാനാണ് എത്തിയതെന്നുമാണ് ഇവര്‍ പറയുന്നത്.

ബംഗ്ലാവിന്റെ മാനേജര്‍ ഇരുവരേയും പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇവര്‍ അകത്ത് പ്രവേശിക്കുമ്പോള്‍ ഷാരൂഖ് ഖാന് ജവാന്റെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു. വീട്ടില്‍ തിരികെയെത്തിയ അദ്ദേഹം ഉറങ്ങാന്‍ പോയി.
അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിസരത്ത് ഒളിച്ചിരുന്ന രണ്ട് പേരെ ശ്രദ്ധിക്കുന്നത്. പിന്നാലെ ഇവരെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരും മതിലിന് മുകളിലൂടെ കെട്ടിടത്തിലേക്ക് ചാടിയതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് നിന്നാണ് ഇവര്‍ മതില് ചാടിക്കടന്നത്. ജയിലില്‍ വെച്ചുള്ള ചോദ്യം ചെയ്യലിലും തങ്ങള്‍ ഷാരൂഖ് ഖാന്റെ ആരാധകരാണെന്നും നടനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അതാണ് മതില് ചാടി കടന്നതെന്നുമാണ് ഇവര്‍ പറയുന്നത്.
