കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു.
ഐപിഎല്ലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ പിന്തുണയ്ക്കാന്‍ കൊല്‍ക്കത്തിയില്‍ എത്തിയ താരം കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇന്നലെ രാത്രി മുംബൈയിലേയ്ക്ക് മടങ്ങിയത്.
സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ് നടത്തിയ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുന്നതിനാലാണ് മുംബൈയില്‍ താമസമാക്കിയിരിക്കുന്ന മറ്റു താരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തില്‍ സ്വന്തം ടീം ആയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രകടനം കാണാന്‍ ഷാരൂഖ് ഖാന്‍ മൈതാനത്തെത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് എതിരാളികളായെത്തിയ കളിയില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാനായില്ല.
കണ്ണീരണിഞ്ഞു വികാരഭരിതനായി നില്‍ക്കുന്ന ഷാരുഖാന്റെ വീഡിയോ പെട്ടന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു.