ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

കളമശ്ശേരിയിലെ സ്‌ഫോ ടനത്തില്‍ പ്രതികരണമറിയിച്ച് കഴിഞ്ഞ ദിവസം തനിക്കൊപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് പ്രകടിപ്പിച്ചതെന്നും അതില്‍ കൂടെ നിന്നതില്‍ സന്തോഷമുണ്ടെന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഷെയ്‌നിന്റെ പോസ്റ്റ്;

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്. സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ്ഗ, മത, വര്‍ണ്ണ വിഭാഗീയതക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്.

സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത് സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍… ഞാനല്ല.. നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്… അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും….

കളമശേരിയില്‍ നടന്ന ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അപകടമാണെന്നും സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ത്ഥിയ്ക്കുന്നുവെന്നാണ് ഷെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം കുറിച്ചത്.

ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഷെയ്ന്‍ നിഗം പോസ്റ്റില്‍ പറഞ്ഞിരുന്നു.

പോസ്റ്റിന് പിന്നാലെ നടനെ അഭിന്ദിച്ച് നിരവധി പേര്‍ പ്രതികരിച്ചിരുന്നു. നൂറുകണക്കിന് സിനിമാ സ്റ്റാറുകള്‍ ഉണ്ടായിട്ടും ഷെയ്‌നിന് മാത്രമാണ് ഇങ്ങനെയൊരു പോസ്റ്റിടാന്‍ തോന്നിയത്, അതില്‍ നന്ദി എന്നും നടന്മാര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായേ ഇങ്ങനെ അഭിപ്പ്രായം പറയാറുള്ളൂ… സമൂഹത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്നുമടക്കമാണ് പ്രതികരണം.

Vijayasree Vijayasree :