തിലകന്റെ വീട്ടില്‍ നിന്നും ഒരാള്‍ കൂടി സിനിമയിലേയ്ക്ക്; അരങ്ങേറ്റം ഉണ്ണി മുകുന്ദന്‍ ചിത്രത്തിലൂടെ!

നിരവധി താരപുത്രന്‍മാര്‍ അരങ്ങുവാഴുന്ന മലയാളസിനിമാ ലോകത്തേയ്ക്ക് ഒരാള്‍കൂടിയെത്തുന്നു. നടന്‍ തിലകന്റെ കൊച്ചുമകനും നടന്‍ ഷമ്മി തിലകന്റെ മകന്‍ അഭിമന്യു എസ് തിലകനാണ് പുത്തന്‍ ചുവടുവെയ്പ്പ് നടത്തുന്നത്.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ ബിഗ്‌സ്‌ക്രീന്‍ അരങ്ങേറ്റം. അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ എന്ന പ്രത്യേകതയുമായാണ് മാര്‍ക്കോ എത്തുന്നത്.മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാര്‍ക്കോ ജൂനിയറിന്റെ ഭൂതകാലത്തിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്.

സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, ധുര്‍വ ഥാക്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. മലയാള സിനിമയില്‍ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Vijayasree Vijayasree :