സൂപ്പർ നായികയാണെങ്കിലും വിവാഹശേഷം അഭിനയിക്കരുതെന്ന് അജിത്ത് ശാലിനിയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു; വൈറലായി റിപ്പോർട്ട്

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ശാലിനി വിവാഹിതയായതും സിനിമാ രംഗം വിട്ടതും. പിന്നീട് പൊതുവേദികളിൽ ശാലിനിയെ അധികം കണ്ടിട്ടില്ല. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് അജിത്തിന്റെയും ശാലിനിയുടെയും മക്കൾ.

മഞ്ജു വാര്യർ, ജ്യോതിക ഉൾപ്പെടെയുള്ള നടിമാർ സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയപ്പോഴും ശാലിനി തിരിച്ചു വരവിന് തയ്യാറായിട്ടില്ല. അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത് തന്നെ. അജിത്തിനെ പോലെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ നൽകാനാണ് ശാലിനിക്ക് താൽപര്യം. ശാലിനി സിനിമാ രംഗത്തേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

സൂപ്പർ നായികയാണെങ്കിലും വിവാഹശേഷം അഭിനയിക്കരുതെന്ന് അജിത്ത് ശാലിനിയ്ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നാണ് ചില റിപ്പോർട്ടുൾ. നടി അത് അംഗീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം ശാലിനി വീണ്ടും സിനിമയിലേക്ക് തിരിച്ച് വരികയാണോ എന്നൊരു സംശയം കഴിഞ്ഞ ദിവസമുണ്ടായി. അജിത്ത് നായകനാവുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ ശാലിനി വന്നതോടെയാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്.

പിന്നാലെ താരദമ്പതിമാരുടെ ജീവിതത്തെ കുറിച്ചും റിപ്പോർട്ട് വന്നു. കല്യാണത്തിന് ശേഷം ശാലിനി സിനിമയിൽ അഭിനയിക്കേണ്ട എന്ന അജിത്തിന്റെ തീരുമാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരങ്ങളെ കുറിച്ച് വന്ന വാർത്തയുടെ താഴെയാണ് ഇത്തരം അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഭാര്യ ഇനി അഭിനയിക്കേണ്ടെന്ന അജിത്തിന്റെ തീരുമാനം കൊണ്ട് കുടുംബം രക്ഷപെട്ടു. അവരുടെ ജീവിതം ഇപ്പോഴും നല്ല രീതിയിൽ പോകുന്നു. കുടുംബമായി ജീവിച്ചത് കൊണ്ട് ചെറിയ പ്രായത്തിൽ കിട്ടിയ വാത്സല്യം ഇപ്പോഴും ലഭിക്കുന്നു. പിന്നീട് അഭിനയിച്ചിരുന്നെങ്കിൽ വിവാഹബന്ധം എന്നേ വേർപെട്ടേനേ, 99% സിനിമയിൽ ഉള്ളവർ തമ്മിൽ വിവാഹം കഴിച്ചാൽ ഇങ്ങനെ അല്ലേ? സിനിമ ഷൂട്ടിങ്ങിൽ എന്ത് നടക്കുന്നു എന്ന് കൃത്യമായി ഭർത്താക്കമ്മാർക്ക് അറിയാം. ഭാര്യ അഭിനയിക്കുന്നതേ അവർക്ക് പ്രശ്‌നം ഉള്ളൂ.

ശാലിനി കുടുംബം നോക്കട്ടെ, കുടുംബം കഴിയാൻ അവരുടെ സമ്പാദ്യം തന്നെ വേണമെന്നില്ലല്ലോ. അജിത്ത് തന്നെ നല്ലോണം കാശ് സമ്പാദിക്കുന്നുണ്ട്. 10 തലമുറയ്ക്ക് ജീവിക്കാൻ ഉളള പണം അജിത്തിന് തന്നെ ഉണ്ട. പിന്നെ എന്തിന് ഭാര്യ അഭിനയിക്കണം. സിനിമയും സംതൃപ്തവും നിഷ്‌ക്കളങ്കവുമായ കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ട് പോകാനാവില്ലെന്ന് അജിത്തിന് അറിയാം. അദ്ദേഹം സിനിമയുടെ പിൻവശം അടുത്ത് കണ്ട ആളാണ്. ബിജു മേനോൻ സംയുക്തയും അങ്ങനെ ആണ്… എന്നിങ്ങനെ താരദമ്പതിമാരുടെ തീരുമാനത്തെ അനുകൂലിക്കുകയാണ് പ്രേക്ഷകർ.

അതേ സമയം ശാലിനിയുടെ അഭിനയം അത്ര പോരെന്ന് പറഞ്ഞുള്ള കമന്റുകളും ഇതിനൊപ്പം വരുന്നുണ്ട്. ‘മികവ് പുലർത്തിയ നടിയാവാൻ സാധിച്ചിരുന്നില്ല എന്നത് സത്യമാണ്. സംവിധായകൻ കമൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് ശാലിനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന്. ഒരു ഭാവവും വരാത്ത നടിയാണെന്നാണ്,’ ചിലർ ശാലിനിയ്‌ക്കെതിരെ സംസാരിച്ചത്.

എന്നാൽ അവിടെയും നടിയെ പിന്തുണയ്ക്കുന്ന ആരാധകരുമുണ്ട്. ‘ബാല്യം മുതലേ ശാലിനിക്ക് അഭിനയിക്കാൻ അറിയാമെന്ന് തെളിയിച്ചിട്ടുള്ളതാണ്. പിന്നീട് അനിയത്തിപ്രാവും നിറം പോലെയുള്ള സിനിമകളും വെറുതെ അങ്ങ് ഹിറ്റ് ആയതാണോ? എന്തൊരു അസൂയയാണെന്നാണ്,’ വിമർശകർക്കുള്ള മറുപടി. അമർക്കളം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. 2001 ലായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം രണ്ട് മക്കൾക്ക് ജന്മം കൊടുത്ത് പൂർണമായുംകുടുംബിനിയായി ജീവിക്കുകയാണ് ശാലിനി.

Vijayasree Vijayasree :