50 കോടിയിലെത്തിയ ശാകുന്തളം നേടിയത് വെറും 7 കോടി മാത്രം; നിര്‍മാതാവ് പറയുന്നു

ബോളിവുഡിനെയും മറികടക്കുന്ന പാന്‍ ഇന്ത്യന്‍ സാമ്പത്തിക വിജയങ്ങള്‍ തുടര്‍ച്ചയായി വരാന്‍ തുടങ്ങിയതോടെ ടോളിവുഡ് പുതിയ പ്രോജക്റ്റുകള്‍ക്കായി ചിലവഴിക്കുന്ന ബജറ്റിലും വ്യത്യാസം വന്ന് തുടങ്ങിയിട്ടുണ്ട്. ബിഗ് ബജറ്റ് പ്രോജക്റ്റുകള്‍ സമീപകാല തെലുങ്ക് സിനിമയെ സംബന്ധിച്ച് ഒരു പുതുമയല്ല.

എന്നാല്‍ വിജയങ്ങള്‍ പോലെ തന്നെ അപ്പുറത്ത് പരാജയങ്ങളുമുണ്ട്. സാമന്ത നായികയായി എത്തിയ ശാകുന്തളമാണ് അതിന്റെ പുതിയ ഉദാഹരണം. തിയറ്ററുകളില്‍ വലിയ തകര്‍ച്ച നേരിട്ട ചിത്രം നിര്‍മ്മാതാവിന് സൃഷ്ടിച്ച നഷ്ടക്കണക്കുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് തെലുങ്ക് മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.

50 -60 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 14 ന് തിയറ്ററുകളിലെത്തിയ ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍ വെറും 7 കോടി മാത്രമാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രേറ്റ് ആന്ധ്രയുടെ റിപ്പോര്‍ട്ട് പ്രകാരം നിര്‍മ്മാതാവ് ദില്‍ രാജുവിന് ചിത്രം ഉണ്ടാക്കിയ നഷ്ടം 22 കോടിയുടേതാണ്.

ദസറ, ബലഗാം, എഫ് 3 ഉള്‍പ്പെടെയുള്ള വിജയ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് അദ്ദേഹം. റിലീസിന് മുന്‍പ് ഒടിടി റൈറ്റ്‌സ് വഴി ചിത്രം വലിയ തുക നേടിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റിലും വലിയ തുക നേടാന്‍ ദില്‍ രാജു ശ്രമിച്ചെങ്കിലും വിജയകരമായി കരാറിലെത്താന്‍ കഴിഞ്ഞില്ലെന്നും.

ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മഹാഭാരതത്തിലെ ഉപകഥയെ ആസ്പദമാക്കി കാളിദാസന്‍ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അധികരിച്ച് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഒരേ സമയം തിയറ്ററുകളില്‍ എത്തിയിരുന്നു. എന്നാല്‍ ആദ്യ ദിനം മുതല്‍ മോശം മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചത്.

Vijayasree Vijayasree :