സൂര്യാഘാതവും നിര്‍ജലീകരണവും; ചികില്‍സയിലായിരുന്ന ഷാരൂഖ് ഖാന്‍ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ സൂര്യാഘാതവും നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ താരം അഹമ്മദാബാദിലെ ആശുപത്രി വിട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഐപിഎല്‍ മത്സരം കാണുന്നതിനിടെയാണ് ഷാരൂഖിവ് സൂര്യാഘാതമേറ്റത്. ചൊവ്വാഴ്ച്ച അഹമ്മദാബാദില്‍ വച്ചു നടന്ന കൊല്‍ക്കത്ത ഹൈദരബാദ് മത്സരം കാണുന്നതിനിടെയാണ് താരത്തിന് സൂര്യാഘാതം ഏറ്റത്. മത്സര ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയ ഷാരൂഖിന് നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടു.

പിന്നാലെ താരത്തെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമാ താരവും കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമയുമായ ജൂഹി ചൗളയും ഷാരൂഖിന്റെ കുടുംബവും ആശുപത്രിയിലെത്തി. ഷാരൂഖിന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്നും ജൂഹിചൗള പ്രതികരിച്ചിരുന്നു.

അഹമ്മദാബാദ് അടക്കം ഗുജറാത്തിലെ വിവിധ നഗരങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുന്നുണ്ട്. മത്സരം നടന്ന ദിവസം മൊട്ടേര സ്‌റ്റേഡിയത്തില്‍ 45 ഡിഗ്രിയോളം ചൂട് അനുഭവപ്പെട്ടിരുന്നു.

മത്സരം കാണാനെത്തിയ അന്‍പതോളം പേര്‍ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഉഷ്ണതരംഗം അടുത്ത അഞ്ചു ദിവസം കൂടി ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Vijayasree Vijayasree :