തല്ലിനെ ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ എനിക്ക് കൂടാന്‍ സാധിക്കില്ല, സുരക്ഷാ ജീവനക്കാര്‍ നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ ആരും സുരക്ഷിതരല്ല; ശബാന ആസ്മി

നടിയും ബി.ജെ.പി നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം മണ്ഡിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാനായി ചണ്ഡീഗഢ് വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സുരക്ഷാചുമതലയുണ്ടായിരുന്ന കുല്‍വിന്ദര്‍ കൗര്‍ തന്റെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കങ്കണ പറഞ്ഞു.

തുടര്‍ന്നുണ്ടായ ബഹളത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോഴിതാ കങ്കണയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് നടി ശബാന ആസ്മിയി. കങ്കണയോടുള്ള എന്റെ ഇഷ്ടത്തിന് കുറവ് സംഭവിച്ചിട്ടില്ല. തല്ലിനെ ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ എനിക്ക് കൂടാന്‍ സാധിക്കില്ല. സുരക്ഷാ ജീവനക്കാര്‍ നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ ആരും സുരക്ഷിതരല്ല ശബാന ആസ്മി കുറിച്ചു.

ശബാന ആസ്മിയ്ക്ക് നേരേ നേരത്തേ കങ്കണ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരേ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം. പാകിസ്താനിലെ സാഹിത്യോത്സവത്തില്‍ ശബാന ആസ്മി ക്ഷണിക്കപ്പെട്ടതാണ് കങ്കണയെ ചൊടിപ്പിച്ചത്. എന്നാല്‍ സാഹിത്യോത്സവത്തില്‍ നിന്ന് ശബാന ആസ്മി പിന്‍മാറിയിരുന്നു.

അതേസമയം, കങ്കണയെ തല്ലിയതിന് സസ്‌പെന്‍ഷനിലായ കുല്‍വിന്ദര്‍ കൗറിന് ജോലി വാഗ്ദാനം ചെയ്ത് ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി രംഗത്തെത്തി. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് വിശാല്‍ ഇക്കാര്യം പങ്കുവച്ചത്.

സമരംചെയ്യുന്ന കര്‍ഷകരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതിനാണ് താന്‍ കങ്കണയെ മര്‍ദിച്ചതെന്നാണ് കൗര്‍ പറയുന്നത്. തന്റെ അമ്മയും സമരവേദിയില്‍ ഉണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുല്‍വിന്ദര്‍ കൗറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് സി.ഐ.എസ്.എഫ്. വ്യക്തമാക്കിയിട്ടുള്ളത്.

‘100 രൂപയ്ക്കുവേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നാണ് കങ്കണ റണൗത്ത് അന്ന് പറഞ്ഞത്. അവര്‍ അവിടെ പോയി ഇരിക്കാന്‍ തയ്യാറാകുമോ? അവര്‍ ഈ പ്രസ്താവന നടത്തുന്ന സമയത്ത് എന്റെ അമ്മ അവിടെ ഇരുന്ന് സമരം ചെയ്യുന്നുണ്ടായിരുന്നു’, എനന്ും കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞു. പഞ്ചാബില്‍ ഉയര്‍ന്നുവരുന്ന ഭീകരവാദ’ത്തില്‍ ആശങ്കയുണ്ടെന്നാണ് ഡല്‍ഹിയിലെത്തിയശേഷം കങ്കണയുടെ ആദ്യ പ്രതികരണം.

‘സുരക്ഷാപരിശോധന നടക്കുന്നിടത്ത് എന്നെ കാത്തുനിന്നാണ് ആ സ്ത്രീ മര്‍ദിച്ചത്. എന്തിനാണ് മര്‍ദിച്ചതെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നു’ എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ സുരക്ഷിതയാണ്. എന്നാല്‍, പഞ്ചാബില്‍ ഉയര്‍ന്നുവരുന്ന ഭീകരവാദത്തെ കുറിച്ചാണ് എന്റെ ആശങ്ക. നമ്മള്‍ അത് എങ്ങനെ കൈകാര്യം ചെയ്യും?’, കങ്കണ പറഞ്ഞു.

Vijayasree Vijayasree :