ലവ് കം അറേഞ്ച്ഡ് മാരേജ്, സൈറ തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഇതാണ്, ജീവിതകാലം മുഴുവൻ ഭാര്യയോട് കടപ്പെട്ടിരിക്കുമെന്ന് ഷാൻ റഹ്‌മാൻ

സം​ഗീത സംവിധായകൻ, ​ഗായകൻ തുടങ്ങി വിവി​ധ മേഖലകളിൽ തിളങ്ങിയിട്ടുണ്ട് ഷാൻ റഹ്മാൻ. 2009ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഈ പട്ടണത്തിൽ ഭൂതത്തിലൂടെയാണ് ഷാൻ റഹ്മാൻ മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നത്. വിനീത് ശ്രീനിവാസൻ സിനിമ തട്ടത്തിൻ മറയത്തിന് വേണ്ടി സം​​ഗീതം ചെയ്തപ്പോഴാണ് ഷാൻ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇടയ്ക്ക് ചാനലുകളിൽ വിധി കർത്താവായും ഷാൻ എത്താറുണ്ട്

ഇപ്പോഴിത സഹപ്രവർത്തകർക്കൊപ്പം തന്റെ പതിമൂന്നാം വിവാഹ വാർഷിക ആഘോഷിച്ച ഷാനിന്റെ വീഡിയോയാണ് വൈറലാകുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ കുടുംബം പരിപാടിയുടെ സെറ്റിൽ വെച്ചാണ് ഭാര്യയ്ക്കും മകനുമൊപ്പം ഷാൻ വിവാഹ വാർഷികം ആഘോഷി‌ച്ചത്. പരിപാടിയുടെ ക്യാപ്റ്റൻമാരിൽ ഒരാളാണ് ഷാൻ. ഷാനിനെ വേദിയിലേയ്ക്ക് വിളിച്ചുവരുത്തി വിവാഹവാർഷിക സ്പെഷല്‍ സമ്മാനം കൈമാറിയായിരുന്നു ആഘോഷം. സ്റ്റേജിലെ വലിയ വീഡിയോ വോളിൽ ഷാനും ഭാര്യ സൈറയും മകൻ റയാനും ഒരുമിച്ചുള്ള ചിത്രം പ്രദര്‍ശിപ്പിച്ചു.

നടി അർച്ചന കവി പ്രത്യേക അതിഥിയായി എത്തിയ ദിനത്തിലായിരുന്നു ഷാൻ റഹ്മാന്റെ വിവാഹവാർഷിക ആഘോഷം നടന്നത്. ഗായകരായ റിമി ടോമി, വിധു പ്രതാപ് എന്നിവരാണ് സൂപ്പർ കുടുംബത്തിലെ മറ്റു ക്യാപ്റ്റൻമാർ. ജീവ ജോസഫാണ് അവതാരകൻ. 2009ലാണ് ഷാൻ റഹ്മാനും സൈറയും വിവാഹിതരായത്. ലവ് കം അറേഞ്ച്ഡ് മാരേജ് ആയിരുന്നു തങ്ങളുടേതെന്ന് ഷാൻ വെളിപ്പെടുത്തി. സൈറ തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം മകൻ റയാൻ ആണെന്നും അതിന് താൻ ജീവിതകാലം മുഴുവൻ ഭാര്യയോട് കടപ്പെട്ടിരിക്കുമെന്നും ഷാൻ റഹ്മാൻ സൂപ്പർ കുടുംബം വേദിയിൽ പറഞ്ഞു.

ഷാൻ റഹ്മാന്‍ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകളും വൈറലായിരുന്നു.

’13 വർഷം മുമ്പ് ഈ ദിവസമാണ് അവളുമായുള്ള ജീവിതം ആരംഭിച്ചത്. അവൾ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഞങ്ങൾക്കിടയിൽ നിൽക്കുന്നു… റയാൻ.’ ‘പ്രിയ സായി… എന്റെ എല്ലാ കുറവുകളെയും അംഗീകരിച്ച് മാനസികാവസ്ഥ മനസിലാക്കി ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കി എനിക്കൊപ്പം നിന്നതിന് നന്ദി. എനിക്കും ഈ ലോകത്തിനും റയാനെ സമ്മാനിച്ചതിനും ഞങ്ങളെ എല്ലാവരെയും പരിപാലിക്കുന്നതിനും നന്ദി. വിവാഹവാർഷിക ആശംസകൾ…’, എന്നാണ് ഷാൻ റഹ്മാൻ കുറിച്ചത്.

Noora T Noora T :