മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് സേതു ലക്ഷ്മി. നാടകത്തിലൂടെയെത്തി ഇന്ന് സിനിമകളിലും സീരിയലുകളിലും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് താരം. അഭിനയത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരം നാലു പ്രാവശ്യം നേടിയിട്ടുള്ള സേതുലക്ഷ്മി ആദ്യമായി കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ എന്ന നാടകത്തിൽ ആണ് അഭിനയിക്കുന്നത്.
തുടർന്ന് 40 വർഷത്തിനിടെ അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. വ്യക്തി ജീവിതത്തിൽ നിരവധിപ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയ സേതുലക്ഷ്മി മകന്റെ ചികിത്സക്കായി ഏറെ പ്രയാസങ്ങൾ അനുഭവിച്ചിരുന്നു. ഇപ്പോഴിതാ സേതുലക്ഷ്മി ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
മോഹൻലാൽ പടത്തിൽ ഞാൻ അഭിനയിച്ചപ്പോഴെല്ലാം നല്ല ശമ്പളം എനിക്ക് തന്നിട്ടുണ്ട്. മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്തും രാജാധിരാജയിൽ അഭിനയിച്ചപ്പോഴും ഡയലോഗ് പറയേണ്ട മോഡുലേഷനൊക്കെ പറഞ്ഞ് തരുമായിരുന്നു മമ്മൂട്ടിയെന്നും സേതുലക്ഷ്മി പറയുന്നു.
അദ്ദേഹത്തിന് അറിയാത്തതായി ഒന്നുമില്ല. എല്ലാം അറിയാം. സിനിമ അവരുടെ കയ്യിലല്ലേ. സിനിമയിൽ ഡയലോഗ് പറയേണ്ട രീതിയൊക്കെ അവർക്ക് നന്നായി അറിയാം. ഞാൻ നാടകത്തിൽ നിന്നും പോയതല്ലേ. ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞ് തരാൻ അറിയാം. പക്ഷെ കിട്ടുന്നതിൽ ഇത്തിരി എനിക്ക് കൂടി തരണമെന്ന് തമാശയായിട്ടൊക്കെ മമ്മൂട്ടി പറയാറുണ്ട്.
ഇത്രയൊക്കെ ഉണ്ടായിട്ടും ഇതിൽ നിന്നും പൈസ വേണോയെന്ന് ഞാൻ അപ്പോൾ ചോദിച്ചു. എത്രയൊക്കെ ഉണ്ടായിട്ട് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിച്ചത്. കോടാനുകോടി ഉണ്ടെന്നാണ് ജനങ്ങളൊക്കെ പറയുന്നതെന്ന് ഞാൻ പറഞ്ഞു. ഉടനെ ഒന്നുമില്ല എനിക്കെന്നായിരുന്നു മറുപടി. പിന്നെ വീട്ടുകാര്യങ്ങളൊക്കെ അന്വേഷിച്ചു. അദ്ദേഹത്തിന് എന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. എന്തുകൊണ്ടാണെന്ന് അറിയില്ല.
ഭക്ഷണം കഴിക്കുമ്പോൾ അടുത്ത് വന്നിരുന്ന് സംസാരിക്കും. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചൊക്കെ ചോദിക്കും. ഞാൻ മമ്മൂട്ടിയെ സാർ എന്നാണ് വിളിക്കുന്നത്. എന്റെ ഇളയതല്ലേ. വീട്ടിലേക്ക് വരുന്നുവെന്നൊക്കെ പറയും. എന്നോട് ഒരുപാട് തമാശയൊക്കെ പറയും സേതുലക്ഷ്മി പറഞ്ഞു. മോഹൻലാലിനെ മുമ്പ് മോനെ എന്നാണ് വിളിച്ചിരുന്നത്.
പക്ഷെ പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് കേണലൊക്കെയായശേഷം എനിക്കൊരു പേടി വന്നു. വലിയ ആളല്ലേ… ഭയങ്കര ഉദ്യോഗമൊക്കെയല്ലേ. ലെഫ്റ്റനന്റ് കേണലാകുന്നതിന് മുമ്പ് മക്കളെ എന്നൊക്കെ വിളിച്ച് ഞാൻ മോഹൻലാലിനോട് സ്നേഹം കാണിക്കുമായിരുന്നു. മോന്റെ കാര്യമൊക്കെ പറയുമ്പോൾ… വിഷമിക്കേണ്ടെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കും. ഒരു സിനിമയിലേക്ക് വിളിച്ചില്ലെന്ന് കരുതി വിഷമിക്കേണ്ടതില്ലെന്നും അതിനേക്കാൾ നല്ല വേറെ പടം വരുമെന്നുമൊക്കെ പറയും.
മോഹൻലാൽ എന്നെ സഹായിച്ചിട്ടുണ്ട്. അതും പറയാതെ തന്നെ. മോനെ ചികിത്സിച്ച് പണമെല്ലാം തീർന്നെന്ന് സിനിമയുടെ സെറ്റിൽ പ്രവർത്തിക്കുന്ന ചിലരോട് ഞാൻ പറയാറുണ്ട്. നാടകം നിർത്തി വല്ലാത്ത അവസ്ഥയിലായിരുന്നു മോന് അസുഖം വന്നശേഷം ഞാൻ. അതുപോലെ അജു വർഗീസ് രണ്ട് ലക്ഷം രൂപ തന്നിരുന്നു. വേറെയും ഒരുപാട് നടന്മാർ സഹായിച്ചിരുന്നു.
മോന് കിഡ്നിക്ക് അസുഖം വന്നശേഷം ഡയാലിസിസ്, വീട്ടുവാടക, ചികിത്സാ ചിലവ് എല്ലാം എന്റെ ഉത്തരവാദിത്വത്തിൽപ്പെട്ടതായി. അങ്ങനെയാണ് സിനിമയിലും നാടകത്തിലും അഭിനയിച്ച പണം ചിലവഴിച്ചത്. ഇപ്പോൾ എനിക്ക് സമ്പാദിക്കാൻ പറ്റുന്നുണ്ട്. സീരിയലിൽ അത്യാവശ്യം നല്ല ശമ്പളവും കിട്ടുന്നുണ്ട്.
സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം 25000 രൂപയാണ്. അതുപോലെ മോഹൻലാൽ അഭിനയിക്കുന്ന പടത്തിൽ ഞാൻ അഭിനയിച്ചപ്പോഴെല്ലാം നല്ല ശമ്പളം എനിക്ക് തന്നിട്ടുണ്ട്. പുലിമുരുകനിൽ അഭിനയിച്ചപ്പോഴും നല്ല പ്രതിഫലം കിട്ടിയിരുന്നു എന്നും സേതുലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.