ഗോഡ്ഫാദര്‍ സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പുതിയ സിനിമയായ മെഗാലോപോളിസിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നാണ് 84കാരനായ സംവിധായകനെതിരെയുള്ള ആരോപണം. അര്‍ധന ഗ്‌നരായ ജൂനിയര്‍ നടിമാരില്‍ ചിലരെ കപ്പോള ചുംബിച്ചു എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
നൈറ്റ് ക്ലബ്ബ് ഷൂട്ടിനിടെയാണ് അപമര്യാദയായ പെരുമാറ്റമുണ്ടായത്. സെറ്റിലെത്തി സംവിധായകന്‍ ടോപ് ലെസ്സായി നില്‍ക്കുന്ന നടിമാരെ ചുംബിക്കുകയായിരുന്നു. സ്ത്രീകളോട് പെരുമാറുന്ന കാര്യത്തില്‍ പലപ്പോഴും സംവിധായകന്‍ ഓള്‍ഡ് സ്‌കൂള്‍ ആണെന്നാണ് അണിയറ പ്രവര്‍ത്തകരുടെ ആരോപണം. സ്ത്രീകളെ പിടിച്ച് മടിയില്‍ ഇരുത്തുന്നതുപോലുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്യാറുണ്ടെന്നും അണിയറ പ്രവര്‍ത്തകരില്‍ ചിലര്‍ ദി ഗാര്‍ഡിയനോട് പറഞ്ഞു.
കൂടാതെ ഒരു രംഗം പോലും ഷൂട്ട് ചെയ്യാതെ കപ്പോള മണിക്കൂറുകളോളം അണിയറ പ്രവര്‍ത്തകരെ കാത്തിരിപ്പിക്കുമെന്നുമാണ് ആരോപിക്കുന്നത്. കാന്‍ ചലച്ചിത്ര മേളയിലൂടെ മെഗാലോപോളിസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണവുമായി അണിയറപ്രവര്‍ത്തകര്‍ എത്തുന്നത്. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിനിടെ സംവിധായകന് എതിരായ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് എക്‌സിക്യൂട്ടീവ് കോ പ്രൊഡ്യൂസര്‍ ഡാരന്‍ ഡിമിത്രി രംഗത്തെത്തി.
ചിത്രത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സംവിധായകന്‍ ചുംബനവും ആലിംഗനവും നല്‍കാറുണ്ട്. എന്നാല്‍ ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്. ‘രണ്ട് ദിവസം എടുത്താണ് ക്ലബ് സീന്‍ ഷൂട്ട് ചെയ്തത്. ആ രംഗത്തിന് ആത്മാവ് നല്‍കാനായി അദ്ദേഹം എല്ലാവരുടേയും കവിളില്‍ ചുംബിക്കുകയായിരുന്നു. ക്ലബ്ബിന്റേതായ അന്തരീക്ഷം നല്‍കാന്‍ സഹായിക്കുകയാണ് അദ്ദേഹം ചെയ്തത്. സിനിമയ്ക്ക് അത് ഏറെ പ്രധാനപ്പെട്ടതാണ്.’ ഡാരന്‍ പറഞ്ഞു.
ഹോളിവുഡിലെ ക്ലാസിക് ചിത്രമായി കണക്കാക്കുന്ന ദി ഗോഡ്ഫാദറിന്റെ സംവിധായകനാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള. അപ്പോകാലിപ്‌സോ നൗ തുടങ്ങിയ നിരവധി സിനിമകളാണ് 84കാരനായ കപ്പോള സംവിധാനം ചെയ്തിട്ടുണ്ട്.