എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല, ഈ സ്ത്രീക്ക് എവിടുന്ന് കിട്ടി, ഇങ്ങനെ ഒരു ബന്ധം; തക്ക മറുപടിയുമായി സീമ ജി നായർ

മലയാളികൾക്കേറെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായർ. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന നടിയാണ് സീമ ജി നായർ. നിരവധി സീരിയലുകളിലും സീമ ജി നായർ അഭിനയിച്ചിട്ടുണ്ട്. ആയിരത്തിൽ അധികം വേദികളിൽ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയൽ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്.

കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികർത്താവായുമെല്ലാം നിരവധി ടെലിവിഷൻ പരിപാടികളിൽ എത്തിയ താരം, നടി എന്നതിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ അന്തരിച്ച നടി മീന ഗണേഷുമായി ബന്ധപ്പെട്ട് തന്റെ ഫേസ്‍ബുക്ക് പോസ്‌റ്റിൽ വന്ന കമന്റിനെതിരെ രംത്തെത്തിയിരിക്കുകയാണ് താരം.

നടി മീന ഗണേഷിന്റെ ആങ്ങളയുടെ മകളാണ് സീമയെന്നും എന്നിട്ടും അവർ സുഖമില്ലാതെ കിടന്നപ്പോൾ അവരെ സീമ തിരിഞ്ഞു പോലും നോക്കിയില്ലെന്നും കഴിഞ്ഞ ദിവസം ഒരു സ്ത്രീ ഫേസ്‌ബുക്കിൽ കമന്റായി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സീമ ജി നായർ രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോ വന്നിരുന്നു. കൊടുങ്ങല്ലൂർ ഒരു പരിപാടിയ്ക്കു പോയപ്പോൾ എടുത്തത്. അതിന്റെ താഴെ നല്ലതും, ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ചീത്ത കമന്റൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല, പക്ഷേ ഒരു കമന്റ് എന്റെ കണ്ണുകളിലുടക്കി. മരണപ്പെട്ട നടി മീനാ ഗണേഷിന്റെ ആങ്ങളയുടെ മകൾ ആണ് ഞാനെന്നും, അവർക്ക് വയ്യാതായപ്പോൾ ഞാൻ തിരിഞ്ഞു നോക്കിയില്ലെന്നും പറഞ്ഞു.

സത്യത്തിൽ എനിക്ക് അത്ഭുതം തോന്നി. എന്റെ അച്ഛന് അങ്ങനെ ഒരു പെങ്ങളുമില്ല, മീനമ്മയ്ക്ക് അങ്ങനെ ഒരു ആങ്ങളയുമില്ല. എങ്ങനെ ഇങ്ങനെ നട്ടാൽ കുരുക്കാത്ത നുണ എഴുതി വിടുന്നു. ഈ സ്ത്രീക്ക് എവിടുന്ന് കിട്ടി, ഇങ്ങനെ ഒരു ബന്ധം. കേട്ടുകേൾവിയില്ലാത്ത കഥകൾ ആണ് അവർ പറയുന്നത്. കുറച്ച് പേരെങ്കിലും അത് വിശ്വസിക്കും, എന്റെ അച്ഛനും, മീന ഗണേഷ് അമ്മയും മരിച്ചുപോയ സ്ഥിതിക്ക് ഇവർ എഴുതിയ പോലെയൊരു ബന്ധം ഉണ്ടാക്കാൻ പറ്റില്ല.

ഇങ്ങനെയാണ് ഓരോ കഥകളും ഉണ്ടാവുന്നത്, ഉണ്ടാക്കുന്നത്. എനിക്കൊരു സംശയം ഇല്ലാതില്ല, ആ ആങ്ങളയുടെ മകൾ നിങ്ങൾ ആണോന്ന്. ശിൽപ പ്രതീഷ് കുമാറിന് അഭിനന്ദനങ്ങൾ. എനിക്കൊരു അപ്പച്ചിയെ ഉണ്ടാക്കി തന്നതിന്. എനിക്ക്‌ ആ മെസേജ് ഇട്ട ആളെ നേരിട്ട് കാണണം എന്നു പറഞ്ഞു, രാത്രി 9 മണിയോടെ ബോട്ടിം കോളിൽ ഞാൻ അവരെ കണ്ടു, ഞാൻ ചോദിച്ച ചോദ്യങ്ങൾക്ക് അവർ എനിക്ക് വ്യക്തമായ ഉത്തരം തന്നില്ല.

എന്നാൽ തന്നോട് അവർ മാപ്പ് പറഞ്ഞതായും സീമ ജി നായർ അറിയിച്ചു. അവരുടെ സ്ക്രീൻഷോട്ട് സഹിതം തന്റെ കൈവശം ഉണ്ട്. എന്തിന് വേണ്ടി ആണേലും, ആർക്ക് വേണ്ടി ആണേലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ അറിയാത്ത കാര്യങ്ങൾ പറയരുത്. ആപത്ത് കാലത്ത് ഞാൻ അവരെ തിരിഞ്ഞു നോക്കിയില്ലന്നും പറഞ്ഞ ആ ഒരു ഒറ്റവാക്കിൽ ആണ് ഇതിന് പിന്നാലെ പോവാൻ കാരണം. ചിലർക്ക് ഇത് നിസാരം ആയി തോന്നാം, പക്ഷേ എനിക്കത് അത്ര നിസാരം അല്ല എന്നുമാണ് സീമ ജി നായർ പറഞ്ഞത്.

ഇക്കഴിഞ്ഞ ഡിസംബർ 19നാണ് നടി മീന ഗണേഷ് അന്തരിച്ചത്. 81 വയസായിരുന്നു. മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നടിയുടെ അന്ത്യം സംഭവിച്ചത്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമാവുകയും കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ, നന്ദനം, എന്നീ സിനിമകളിലെ വേഷങ്ങൾ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയിരുന്നു. കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. 1971 ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷിനെ വിവാഹം ചെയ്തു. വിവാഹശേഷം മീനയും ഗണേഷും ചേർന്ന് പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തിരുന്നു.

Vijayasree Vijayasree :