ശരണ്യയുടെ സഹോദരി ശോണിമയ്ക്ക് റെയിൽവേയിൽ ടിടിആർ ആയി ജോലി ലഭിച്ചു; സന്തോഷം പങ്കുവെച്ച് സീമ ജി നായർ

മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും ഒരു പോലെ തിളങ്ങി നിന്നിരുന്ന നടിയാണ് ശരണ്യ ശശി. സീരിയൽ രംഗത്ത് മലയാളത്തിലും തമഴിലും ഒരുപോല തിളങ്ങിയ നടിയാണ് ശരണ്യ. അഭിനയത്തിൽ സജീവമായികൊണ്ടിരിക്കെയാണ് ശരണ്യയ്ക്ക് കാൻസർ പിടിപെടുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ കാൻസർ ബാധിതയായ ശരണ്യ ഒരുതവണ കാൻസറിനെ അതിജീവിക്കുകയും ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയും ചെയ്തിരുന്നു.

11 ലേറെ ശസ്ത്രക്രിയകളാണ് ശരണ്യയ്ക്ക് നടത്തിയത്. എന്നാൽ വർഷങ്ങളായി ബ്രെയിൻ ട്യൂമറിനോട് പൊരുതിയ നടി 2021 ഓഗസ്റ്റിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിൽ വെച്ചായിരുന്നു നടിയുടെ അന്ത്യം. നടി സീമ ജി നായർ ശരണ്യയുടെ കുടുംബത്തോടൊപ്പം സഹായമായി കൂടെയുണ്ടായിരുന്നു. ശരണ്യയുടെ വേർപാടിന് ശേഷവും ആ കുടുംബത്തോടൊപ്പം സീമയുണ്ട്.

ഇപ്പോഴിതാ സങ്കടങ്ങൾക്കിടയിലും കുടുംബത്തിലേക്കു വന്ന പുതിയ സന്തോഷമാണ് സീമ പങ്കുവെച്ചത്. ശരണ്യയുടെ സഹോദരി ശോണിമയ്ക്ക് റെയിൽവേയിൽ ടിടിആർ ആയി ജോലി ലഭിച്ച സന്തോഷമാണ് സീമ അറിയിച്ചത്. യൂണിഫോമിൽ ശോണിമയ്‌ക്കൊപ്പമുള്ള ചിത്രവും ഷെയർ ചെയ്തിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് കൊച്ചുവേളിയിൽ നിന്നുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സീമ ജി നായർ ശോണിമയെ കണ്ടത്.

സീമ ജി നായർ ഫേസ്ബുക്കിൽ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ശുഭദിനം, ഇത് എന്റെ പ്രിയപ്പെട്ട ശരണ്യയുടെ അനുജത്തി ശോണിമ. ശോണിമ ഒരിക്കലും കാമറയുടെ മുന്നിലേക്ക് വന്നിട്ടില്ല. പഠനം മാത്രമായിരുന്നു അവൾക്ക് പഥ്യം. നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന കുട്ടി. അവളുടെ സ്വപ്നം ആയിരുന്നു ഒരു ഗവൺമെന്റ് ജോലി. അതിനായി പഠിക്കുകയും ടെസ്റ്റുകൾ എഴുതുകയും ചെയ്തു കൊണ്ടിരുന്നു. ലാസ്റ്റ് ഒരു ടെസ്റ്റ് എഴുതാൻ പോയത് എന്റെ വീട്ടിൽ നിന്നാണ്. ആലുവയിൽ അടുത്തടുത്ത് മൂന്ന് ദിവസങ്ങളിൽ ടെസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു. നമ്മുടെ വീട്ടിൽ നിന്നുകൊണ്ട് പോയാൽ മതിയെന്ന്. അന്ന് ഞാൻ അവളോട് പറഞ്ഞു നീ കുറെ ടെസ്റ്റുകൾ എഴുതിയില്ലേ, പക്ഷെ നമ്മൾ ആഗ്രഹിച്ച ആ ഒരു തലത്തിലേക്കെത്താൻ ഒരു ടെസ്റ്റിനും കഴിഞ്ഞില്ല, പക്ഷെ ഈ എഴുതുന്ന ടെസ്റ്റ് നീ ഉറപ്പായും വിജയിക്കും എന്ന്.

ഇവിടെ ശരണ്യയുടെ അദൃശ്യ കരങ്ങൾ ഉണ്ടെന്ന് എനിക്ക് പലപ്പോളും തോന്നിയിട്ടുണ്ട്. അവളുടെ ഒരു വലിയ ഫോട്ടോ ഈ വീട്ടിൽ ഉണ്ട്. അതിൽ തൊട്ട് നീ നന്നായി പ്രാർത്ഥിച്ചു പോകാൻ പറഞ്ഞു. ഈശ്വര നിശ്ചയം പോലെ ആ പരീക്ഷയിൽ അവൾ വിജയിച്ചു. ശരണ്യയുടെ കുടുംബത്തിന് വേണ്ടിയാണു അവൾ ജീവിച്ചിട്ടുള്ളത്. സഹോദരങ്ങൾക്ക് വേണ്ടി എന്നെടുത്തു പറയേണ്ടി വരും. ശരണ്യയും പഠിക്കാൻ മിടുക്കി ആയിരുന്നു. കുടുംബത്തിന്റെ ഭാരം ആ ചുമലിൽ വന്നപ്പോൾ അവൾ അഭിനയം എന്ന വഴി തിരഞ്ഞെടുത്തു. എഴുതി വന്നപ്പോൾ എഴുതി പോയി. 15 ന് ഞാൻ ഷൂട്ട് കഴിഞ്ഞു വരുമ്പോൾ കൊച്ചുവേളിയിൽ നിന്നായിരുന്നു ട്രെയിൻ. അപൂർവമായേ ഞാൻ അവിടുന്ന് കയറാറുള്ളു.

ആ ട്രെയിനിൽ ടി.ടി.ആറായി എന്റെ ശോണി ഉണ്ടായിരുന്നു. അവൾ സെൻട്രൽ ഗവൺമെന്റ് ജോലിക്കാരിയായി ജോലി കിട്ടിയതിനു ശേഷം ആദ്യമായി അവളെ ആ യൂണിഫോമിൽ കണ്ടു. ചിലപ്പോൾ ഈ ഫോട്ടോ കാണുമ്പോൾ ശരണ്യ ഒരുപാട് സന്തോഷിക്കുന്നുണ്ടാവും. അവൾക്ക് ഏറ്റവും വേണ്ടപ്പെട്ട രണ്ട് പേരുടെ ഒത്തു ചേരൽ. എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. ശോണി നിന്റെ ചേച്ചി എപ്പോളും നിന്റെ കൂടെയുണ്ട്. നിങ്ങളുടെ ഉയർച്ച ആയിരുന്നു അവളുടെ സ്വപ്‌നം. ഈ ഫോട്ടോ എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിക്കും. എല്ലാത്തിനും സപ്പോർട്ടായി നിൽക്കുന്ന നിന്റെ ഭർത്താവിനും കുടുംബത്തിനും എന്റെ ആശംസകൾ എന്നാണ് സീമ ജി നായർ കുറിച്ചത്.

ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് ശരണ്യ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :