നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു; എത്ര മേക്കപ്പ് ചെയ്താലും അവരെപ്പോലെ ആകാന്‍ പറ്റില്ലെന്ന് പറഞ്ഞു; സയനോരെ ഫിലിപ്പ്

നിറത്തിന്റെ പേരില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ വിവേചനം നേരിട്ടിട്ടുണ്ടെന്ന് ഗായികയും സംഗീതസംവിധായികയും നടിയുമായ സയനോര ഫിലിപ്പ്. കുരുവിപാപ്പ എന്ന ചിത്രത്തിന്റെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം മാധ്യമങ്ങളെ കാണവേയാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നൃത്തം ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നെന്നും എന്നാല്‍ സമയമായപ്പോള്‍ പേര് വിളിച്ചില്ലെന്നും സയനോര പറഞ്ഞു.

പിന്നീട് പോയി അന്വേഷിച്ചപ്പോഴാണ് തന്റെ പേര് മാറ്റിയതായി അറിയാന്‍ സാധിച്ചത്. അവിടെയുള്ള മറ്റുകുട്ടികളെ ചൂണ്ടിക്കാണിച്ച് അവരെ നോക്ക്, എത്ര വെളുത്തതാണ്, എത്ര മേക്കപ്പ് ചെയ്താലും അവരെപ്പോലെ ആകാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അഞ്ചാം ക്ലാസിലോ മറ്റോ പഠിക്കുമ്പോള്‍ നടന്ന സംഭവം അന്ന് വലിയൊരു ഷോക്കായിരുന്നെന്നും സയനോര പറഞ്ഞു.

ഈ കാര്യം ഇപ്പോള്‍ പറയുമ്പോഴും അന്നനുഭവിച്ച അതേ വേദന വരുന്നുണ്ട്. ആ സമയത്തൊന്നും അക്കാര്യം സംസാരിച്ച് ഡീല്‍ ചെയ്യാന്‍ പറ്റിയില്ല. എല്ലാവരും അനുകമ്പയുള്ളവരായിരിക്കണം എന്നാണ് ഈയവസരത്തില്‍ പറയാനുള്ളത്. സൗന്ദര്യത്തേക്കുറിച്ചുള്ള പല ധാരണകളും പൊളിച്ചുമാറ്റപ്പെടേണ്ടതായിട്ടുണ്ട്. ഓരോരുത്തരും ശ്രമിച്ചാലേ അത് നടക്കൂ എന്നും സയനോര കൂട്ടിച്ചേര്‍ത്തു.

അവഗണനയുടെ തരം തിരിക്കലില്‍ നിന്ന് സ്വന്തം ജീവിതം തന്നെ മടുത്ത നിരാലംബയായ കുരുവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ് ‘കുരുവി പാപ്പ’ പറയുന്നത്. കളമശ്ശേരി ഗവ. എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി തന്‍ഹ ഫാത്തിമയാണ് താന്‍ നേരിട്ട ശാരീരികാവഹേളനത്തിന്റെ യഥാര്‍ഥകഥയുമായി സ്‌ക്രീനിലെത്തിയത്. തന്‍ഹയും സയനോരയ്‌ക്കൊപ്പമുണ്ടായിരുന്നു.

Vijayasree Vijayasree :