സുരേശേട്ടനും സുമലത ടീച്ചറും സേവ് ദി ഡേറ്റ് വൈറൽ; ആശംസ പ്രവാഹമായപ്പോൾ സിനിമാ പ്രമോഷന്‍ എന്ന് സൂചന

ന്നാ താന്‍ കേസ് കൊട് സിനിമയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച പ്രണയ ജോഡികളാണ് സുരേശന്‍ കാവുംതാഴെയും സുമലത ടീച്ചറും . ഈ കഥാപാത്രങ്ങളെ സിനിമ കണ്ട ആരും അത്ര പെട്ടന്ന് മറക്കില്ല.നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരുമാണ് ഈ വേഷങ്ങൾ ചെയ്തത്. ഇവർ ഒന്നിക്കുന്ന ‘സേവ് ദ് ഡേറ്റ്’ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇതോടെ ഇരുവരും ജീവിതത്തില്‍ വിവാഹിതരാകുകയാണെന്ന് കരുതി നിരവധിപ്പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ഇതൊരു സിനിമാ പ്രമോഷന്‍ വിഡിയോയാണെന്നാണ് സൂചന. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനാണ് വീഡിയോ എന്നാണ് ലഭിക്കുന്ന വിവരം.

സേവ് ദി ഡേറ്റ് മെയ് 29 എന്ന വീഡിയോ രാജേഷ് മാധവനാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അലോഷിയുടെ ആദംസ് ആലപിച്ച ചൂണ്ടലാണ് ചുണ്ടിലാണ് എന്ന ഗാനത്തിന് ചുവടുവയ്ച്ചു കൊണ്ടാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇരുവരും ഡാന്‍സ് കളിക്കുന്നത് അടക്കം ഉള്ള മനോഹരമായ ഗാനം ഉള്‍പ്പെടുന്നതാണ് സേവ് ദി ഡേറ്റ് വീഡിയോ.

കാസര്‍കോട് സ്വദേശികളാണ് ഇരുവരും. നാടക നടനായി അഭിനയ ജീവിതം ആരംഭിച്ച രാജേഷ് മാധവന്‍ പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ സജീവമായി. ആഷിക് അബു, ദിലീഷ് പോത്തന്‍ എന്നിവരുടെ സിനിമകളില്‍ അഭിനേതാവായും സംവിധാന സഹായിയായും പ്രവര്‍ത്തിച്ചു.. മലയാള സിനിമയിലെ ശ്രദ്ധേയനായ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ. ഏറെ ശ്രദ്ധിക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഇദ്ദേഹമായിരുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലും രാജേഷ് കാസ്റ്റിംഗ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ദിലീഷ് പോത്തന്റെ സഹസംവിധായകനായും രാജേഷ് മാധവൻ പ്രവർത്തിച്ചിട്ടുണ്ട്.

കലഹം മൂലം കാമിനിമൂലം, മിന്നൽമുരളി, ന്നാ താൻ കേസ് കൊട്, മദനോത്സവം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളാണ് രാജേഷ് കൈകാര്യം ചെയ്തത്. മദനോത്സവമാണ് രാജേഷിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ നമ്പൂതിരി ക്വട്ടേഷൻ ടീം അംഗമായിരുന്നു രാജേഷ്.

Rekha Krishnan :