ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം; കോടതിയില്‍ ഹാജരായി സത്യഭാമ

ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള ജാതിയധിക്ഷേപം സംബന്ധിച്ച കേസില്‍ ജൂനിയര്‍ കലാമണ്ഡലം സത്യഭാമ കോടതിയില്‍ ഹാജരായി. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായത്. തിരുവനന്തപുരം നെടുമങ്ങാട് എസ് സി എസ് ടി കോടതിയിലാണ് ഹാജരായത്. കേസ് ഉച്ചയ്ക്കുശേഷം പരിഗണിക്കും. കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

നെടുമങ്ങാട് എസ്‌സി എസ്ടി പ്രത്യേക കോടതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജാരാകാനാണ് ജസ്റ്റിസ് കെ.ബാബു നിര്‍ദേശിച്ചത്. ജാമ്യാപേക്ഷ നല്‍കിയാല്‍ അന്നുതന്നെ തീര്‍പ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം.

ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല എന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. ഇതിനു മുമ്പും സത്യഭാമ തനിയ്‌ക്കെതിരെ ഇത്തരം ആരോപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു.

സത്യഭാമയുടെ പരാമര്‍ശം വലിയ വിവാദത്തിനാണ് വഴിതെളിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പലരും ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേരള കലാമണ്ഡലത്തില്‍ ആര്‍എല്‍വി രാമകൃഷ്ണന് മോഹിനിയാട്ട പ്രദര്‍ശനം നടത്താന്‍ പരിപാടി സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

Vijayasree Vijayasree :