കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ് വർക്കിക്ക് ജാമ്യം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി ജസ്റ്റിസ് എം.ബി. ഹേമലതയുടെ ബെഞ്ച്.
ജാമ്യത്തിലിരിക്കെ സാമൂഹികമാധ്യമങ്ങൾ വഴി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന താക്കീതും നൽകി. ഭാരതീയ ന്യായസംഹിതയുടെ 75(3), 75(1)(iv), 79 വകുപ്പുകളും കേരളാ പോലീസ് ആക്ടിലെ 120(o) വകുപ്പും ഐടി ആക്ടിലെ 67-ാം വകുപ്പും പ്രകാരമുള്ള കുറ്റമായിരുന്നു സന്തോഷ് വർക്കിക്കെതിരെ ചുമത്തിയിരുന്നത്.
11 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിയിലുള്ള സന്തോഷ് വർക്കിയെ കസ്റ്റഡിയിൽ ലഭിക്കാനായി പോലീസ് അപേക്ഷ നൽകിയിരുന്നില്ലെന്ന് സന്തോഷ് വർക്കിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാർക്കെതിരെ അശ്ലീലപരാമർശങ്ങൾ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് സന്തോഷ് വർക്കിയ എറണാകുളം നോർത്ത് പോലീസ് അറസ്റ്റുചെയ്തത്.
നടി ഉഷാ ഹസീന, ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരൻ തുടങ്ങിയവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്തത്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വർക്കിയുടെ പരാമർശം.