സിനിമ എന്നത് വെറുമൊരു ബിസിനസ് ആണ്, മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാര്‍ ഒന്നുമില്ല, കലയെ വിറ്റു ജീവിക്കുന്നവര്‍ മാത്രമെ ഉള്ളൂ; സന്തോഷ് പണ്ഡിറ്റ്

കഴിഞ്ഞ ദിവസം മലയാള സിനിമയില്‍ ഇതുവരെ 100 കോടി കളക്ഷന്‍ നേടിയ സിനിമകള്‍ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാവും നടനുമായ സുരേഷ് കുമാര്‍ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. നൂറ് കോടി എന്ന് പറയുന്നത് ഗ്രോസ് കളക്ഷന്‍ ആണെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ;

നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ അവര്‍ പല ഐഡിയയും ചെയ്യും. 100, 200 കോടി എന്നൊക്കെ അവര്‍ പറയട്ടെ. ഇതെല്ലാം കണ്ട് നിങ്ങള്‍ ചുമ്മാ ചിരിക്കുക. അല്ലാതെ, ഇന്ന നടന് നൂറ് കോടി കിട്ടി, മറ്റെയാള്‍ക്ക് കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് നിങ്ങളെന്തിനാണ് ഇങ്ങനെ അടികൂടുന്നത്. ഈ അടികൂടലാണ് ഇതിന്റെ പ്രശ്‌നം. ഒരു പ്രമുഖ നിര്‍മാതാവ് അടുത്തിടെ പറയുകയുണ്ടായി, അവരുടെ സിനിമയ്ക്ക് 100, കോടി 125, 50 കോടി കിട്ടിയെന്നൊക്കെ ആണ് പുള്ളി തന്നെ പോസ്റ്റ് ഇട്ടിരുന്നത് എന്ന്. യഥാര്‍ത്ഥത്തില്‍ 50 കോടി കളക്ട് ചെയ്ത സിനിമയ്ക്കാണ് അദ്ദേഹത്തിന് കുറച്ചുകൂടി ലാഭം ഉണ്ടായത്. 100, 200 കോടി എന്നൊക്കെ പറയുന്നത് ഒരു ബിസിനസ് തള്ളാണ്. ഇതൊക്കെ സ്വാഭാവികം ആണ്.

മലയാളത്തില്‍ ഇന്നേവരെ 100 കോടി ഒന്നും ഒരു സിനിമയും കളക്ട് ചെയ്തിട്ടില്ല. നടന് ഇപ്പോള്‍ ഒരു സിനിമയക്ക് 8,10 കോടി പ്രതിഫലം വാങ്ങുന്നെന്ന് വച്ചോ. അവര്‍ക്ക് ഈ സിനിമ ഇത്രയും കളക്ട് ചെയ്തു എന്ന് പറയുമ്പോഴല്ലേ അടുത്ത തവണ ഒരു നിര്‍മാതാവ് വരുമ്പോള്‍, പത്ത് കോടി പറ്റില്ല ഇരുപത് കോടി വേണമെന്ന് പറയാന്‍ പറ്റുള്ളൂ. അപ്പോഴല്ലേ അവരുടെ ബിസിനസ് നടക്കൂ.

ഈ കളക്ഷനൊക്കെ ഒരു തമാശ ആയിട്ടെടുക്കുക. സീരിയസ് ആയിട്ടെടുക്കരുത്. കാരണം ബാഹുബലി 2 പോലുള്ള സിനിമയ്ക്ക് വരെ കേരളത്തില്‍ 76 കോടിയെ കിട്ടിയുള്ളൂ. അതില്‍ കൂടുതലൊന്നും ഒരു സിനിമയ്ക്കും കിട്ടില്ല. മലയാള സിനിമയില്‍ ഇതുവരെ 100 കോടി ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ നിര്‍മാതാവ് കൂടി പറഞ്ഞപ്പോള്‍ സന്തോഷ് പണ്ഡിറ്റ് നേരത്തെ പറഞ്ഞതില്‍ അല്പമെങ്കിലും സത്യമുണ്ടെന്ന് മനസിലായി കാണും. നിര്‍മാതാക്കള്‍ പറയുന്നതില്‍ തെറ്റില്ല. മറിച്ച് നിങ്ങള്‍ അതിന്മേല്‍ അടികൂടുന്നതാണ് തെറ്റ്.

അവര്‍ എന്തോ ചെയ്യട്ടെ. രാഷ്ട്രീയമൊക്കെ അങ്ങനെ തന്നെയല്ലേ. ക്രിക്കറ്റില്‍ കോലിയാണോ രോഹിത് ആണോ സച്ചിനാണോ മെച്ചം എന്നിങ്ങനെ അല്ലേ നമ്മള്‍ നോക്കുന്നത്. അതൊക്കെ ജനറലി പറയേണ്ടതാണ്. അതിന്മേല്‍ ഒരു വലിയ വാക്കുതര്‍ക്കത്തിലേക്കൊന്നും നിങ്ങള്‍ പോകേണ്ട ആവശ്യമില്ല. എല്ലാം ഒരു ബിസിനസ്. അതിനെ അങ്ങനെ എടുത്താല്‍ പേരെ. ഈ വര്‍ഷം ഒട്ടനവധി സിനിമകള്‍ ഇറങ്ങി. അതില്‍ നാല് സിനിമയാണ് ഹിറ്റ് ആയത്. പണം മുടക്കുന്നവന്റെ രീതിയില്‍ മാത്രമെ ഒരു സിനിമയെ കാണാന്‍ പറ്റൂ.

സിനിമ പരാജയപ്പെടുക ആണെങ്കില്‍ നഷ്ടം നിര്‍മാതാവിന്റെ മാത്രമാണ്. നടന്മാര്‍ക്ക് ഒന്നും സംഭവിക്കാന്‍ പോണില്ല. ചെറിയൊരു നാണക്കേട് അല്ലാതെ. സിനിമയുടെ ടെക്‌നീഷ്യന്‍സിനോ മറ്റ് അഭിനേതാക്കള്‍ക്കോ പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പണം മുടക്കിയവന്‍ ആരോട് പോയി വിഷമം പറയും. മുതല്‍ മുടക്കിയവന് ആ പണം തിരിച്ച് കിട്ടിയെങ്കില്‍ ആ സിനിമ നല്ലതാണ്. സിനിമ എന്നത് വെറുമൊരു ബിസിനസ് ആണ്. മലയാള സിനിമയില്‍ ഇപ്പോള്‍ കലാകാരന്മാര്‍ ഒന്നുമില്ല. കലയെ വിറ്റു ജീവിക്കുന്നവര്‍ മാത്രമെ ഉള്ളൂ.

Vijayasree Vijayasree :