ഓസ്‌കറിൽ ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ‘സന്തോഷ്’ എന്ന ഹിന്ദി ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് തടഞ്ഞ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ. സിനിമയിലെ നിരവധി രംഗങ്ങൾ കട്ട് ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടെങ്കിലും ചിത്രത്തിന്റെ ടീം ആ ആവശ്യം അംഗീകരിച്ചില്ലെന്നാണ് വിവരം.
ചിത്രം ഇന്ത്യൻ പൊലീസ് സേനയ്ക്കുള്ളിലെ സ്ത്രീവിരുദ്ധതയും, ഇ സ്ലാമോഫോബിയയും ജാതീയതയും അഴിമതിയുമാണ് ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ നിരവധി രംഗങ്ങൾ കട്ട് ചെയ്യണമെന്നാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
എന്നാൽ ഇത് സിനിമയുടെ ആത്മാവ് തന്നെ നഷ്ടപ്പെടുത്തുമെന്നതിനാൽ ആ ആവശ്യം അംഗീകരിച്ചില്ല എന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞത്.
സന്ധ്യ സൂരിയാണ് ചിത്രത്തിന്റെ സംവിധാനം. നിരാശജനകവും ഹൃദയഭേദകവുമാണ് ഈ തീരുമാനം. ഈ വിഷയങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് പുതിയതാണെന്നോ മറ്റ് സിനിമകൾ മുമ്പ് ഉന്നയിച്ചിട്ടില്ലെന്നോ എനിക്ക് തോന്നിയിട്ടില്ല എന്നാണ് സംവിധായിക സന്ധ്യ സൂരിയുടെ പ്രതികരണം.
ഇംഗ്ലണ്ട്, ഇന്ത്യ, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പങ്കാളിത്തതോടെ നിർമ്മിക്കപ്പെട്ട ഈ ചിത്രം, കാൻ ഫിലിം ഫെസ്റ്റിവലിൽ ബാഫ്ത നോമിനേഷൻ ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മൈക്ക് ഗുഡ്റിജ്, ജെയിംസ് ബൗഷെർ, ബൽത്താസർ ഡെ ഗാനി, അലൻ മാക് അലക്സ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.