പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം, ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായെന്ന് അദ്ദേഹം അറിയിച്ചു. അവശ കലാകാര പെന്‍ഷന്‍, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങള്‍ക്കാണ് തീര്‍പ്പായതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് സന്തോഷ് കീഴാറ്റൂര്‍ നവകേരള സദസിനേയും സര്‍ക്കാരിനേയും അഭിനന്ദിക്കുന്നത്. അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് താരം അറിയിച്ചു. കലാകാരന്മാര്‍ അവശന്മാരല്ലെന്നും കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടുതരാം എന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് സ്ഥാപിക്കും. ഇതിന് തോപ്പില്‍ ഭാസി സ്മാരക നാടകശാല എന്നായിരിക്കും പേരെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.

നവകേരള സദസ്സ് ജനപ്രിയമാവുന്നു. കൈയ്യടിക്കേണ്ടവര്‍ക്ക് കയ്യടിക്കാം, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുക എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന അസ്ത്രാ ആണ് സന്തോഷ് കീഴാറ്റൂരിന്റേതായി വരാനിരിക്കുന്ന ചിത്രം. അമിത് ചക്കാലക്കലാണ് നായകന്‍. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടുമാണ്. വയനാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു െ്രെകം ത്രില്ലറാണ് അസ്ത്രാ.

Vijayasree Vijayasree :