കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതൽ നടൻ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയ വ്യക്തിയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ആദ്യ കാലങ്ങളിലെല്ലാം ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ ശാന്തിവിള ദിനേശും സജീവമായി തന്നെയുണ്ടായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകളിലൊന്നും പങ്കെടുക്കാറില്ല. ഇപ്പോഴിതാ ഇതിനുള്ള കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നടി ആക്രമിക്കപ്പെട്ട കേസ് കഴിഞ്ഞ കുറേ വർഷമായി മുടങ്ങാതെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. നികേഷ് കുമാർ റിപ്പോർട്ടർ ചാനൽ നടത്തിക്കൊണ്ടിരുന്ന സമയത്ത് ചാനൽ നിലനിന്നത് തന്നെ ദിലീപ് ഉണ്ടായിരുന്നതുകൊണ്ടാണ്. എല്ലാ രാത്രികളിലും ദിലീപിനെ തെറിവിളിക്കുകയായിരുന്നു. ഒരു ഇടവേളക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് ഇപ്പോൾ വീണ്ടും ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.
അതിജീവിതയെന്ന് വിളിക്കേണ്ടെന്ന് ആക്രമണത്തിന് ഇരയായ നടി പറയുന്നുണ്ടെങ്കിലും കേസ് വരാതിരിക്കാൻ അങ്ങനെ തന്നെയെ വിളിക്കാൻ സാധിക്കുകയുള്ളു. സുപ്രീംകോടതി പോലും ശരിയല്ലെന്ന് പറഞ്ഞുകൊണ്ട് രാഷ്ട്രപതിയ്ക്ക് പരാതി കൊടുത്തിരിക്കുകയാണ്. നമ്മുടെ നിയമ സംവിധാനത്തെയൊക്കെ ഇങ്ങനെ കൊഞ്ഞനം കുത്തുകയാണ്.
വിചാരണ കോടതി ശരിയല്ല, ഹൈക്കോടതി ശരിയല്ല, ഒടുവിൽ സുപ്രീംകോടതിയും ശരില്ല, അതുകൊണ്ട് രാഷ്ട്രപതി ഇടപെടണമെന്നാണ് പറയുന്നത്. ഇനി അവരും ഇടപെട്ടില്ലെങ്കിൽ രാഷ്ട്രപതിയും ശരിയല്ലെന്നും പറഞ്ഞേക്കുമെന്നുമാണ് ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നത്. അടച്ചിട്ട കോടതി മുറിയിൽ ഒരു വനിതാ ജഡ്ജി വാദം കേൾക്കണം, ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ കേസ് അന്വേഷിക്കണമെന്നൊക്കെ പറഞ്ഞ കുട്ടി ഇപ്പോൾ പറയുന്നത് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നാണ്.
ഇതിനെക്കുറിച്ചെല്ലാമുള്ള ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ദിലീപ് കക്ഷിയല്ലാത്ത മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ കേസിൽ അദ്ദേഹം എന്തിന് കോടതിയിൽ പോയെന്നൊക്കെ ചോദിക്കുന്നു. പതിവ് രാഹുൽ ഈശ്വറാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നത്. ഞാൻ എന്തായാലും പോകില്ല. കുറേ അലവലാതികളെ കൊണ്ടിരുത്തി നമ്മളെ തെറിവിളിപ്പിക്കുകയാണ്. അതിന് നമ്മൾ എന്തിന് നിന്നുകൊടുക്കണം.
വാർത്ത അവതരിപ്പിക്കുന്നവരും ചർച്ചയിൽ പങ്കെടുക്കുന്ന മറ്റ് മൂന്ന് പേരും നമ്മളെ കൊത്തിപ്പറിക്കുന്നതിന് സമയവും മാനവും ചിലവഴിച്ച് എന്തിനാണ് അവിടെ പോയി ഇരിക്കുന്നത്. ദിലിപ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഈ വിഷയത്തിൽ ഒരു ചർച്ചയ്ക്കും ഞാൻ പോകാറില്ല. ഇപ്പോൾ എല്ലാവരുടേയും തെറി കേൾക്കാൻ പോകുന്നത് രാഹുൽ ഈശ്വറാണ്. എന്തൊക്കെയാണ് അദ്ദേഹത്തെ പറയുന്നത്. അദ്ദേഹം ധൈര്യവാനാണ്, എല്ലാം കേൾക്കുകയും മറുപടി കൊടുക്കുകയും ചെയ്യുന്നു.
എന്നാൽ അവതാരകർ അടക്കം രാഹുൽ ഈശ്വറിനെ സംസാരിക്കാൻ അനുവദിക്കില്ല. ദിലീപിന്റെ പേര് പറയാതെ അദ്ദേഹം തന്നെ എന്ന നിലയിലാണ് മഞ്ജുഷ് ഗോപാൽ അടക്കം സംസാരിക്കുന്നത്. മഞ്ജുഷ് നല്ല മാധ്യമപ്രവർത്തകനായിരുന്നുവെന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹവും മാറിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ ദിലീപ് എന്തിനാണ് കോടതിയിൽ പോയതെന്നാണ് ചോദ്യമെങ്കിൽ കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാതിരിക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രപതിയ്ക്ക് പരാതി കൊടുക്കുന്നു, തുറന്ന കോടതിയിൽ വാദം വേണമൊന്നൊക്കെ പറയുന്നത് കേസിന്റെ വിധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ്. അതിജീവിതയായ ആ പെൺകുട്ടിക്ക് ആരാണ് ഈ ബുദ്ധിയൊക്കെ പറഞ്ഞ് കൊടുക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം തന്റെ വീഡിയോയിലൂടെ പറയുന്നു.