സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളില്‍ നിര്‍മാതാക്കളുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്ക് പരിഹാരം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ച സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. സമരം പ്രഖ്യാപിച്ച ഫിയോക്കിനെതിരേയും സംഘടന ഭാരവാഹി വിജയകുമാറിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ശാന്തിവിള ദിനേശ് നടത്തുന്നത്.
നിര്‍മാതാക്കളെ എങ്ങനെയെല്ലാം കുഴിയില്‍ ചാടിക്കാം എന്ന ആലോചനയ്ക്ക് പകരം അവര്‍ക്ക് എങ്ങനെ പത്ത് പൈസ ലാഭമുണ്ടാക്കി നല്‍കാം എന്ന് ആലോചിക്കണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലായ ലൈഫ് ആക്ഷന്‍ ക്യാമറയിലൂടെ പറയുന്നു. ഈ സമരം എങ്ങനെയെങ്കിലും പൊളിക്കണം എന്നാണ് ദിലീപ്, ബി ഉണ്ണികൃഷ്ണന്‍, ഇടവേള ബാബു എന്നിവര്‍ അടക്കമുള്ളവരോട് പറയാനുള്ളത്.
നിര്‍മ്മാതാക്കള്‍ വേണമെങ്കില്‍ തിയേറ്റര്‍ സമരം പൊളിക്കട്ടെ എന്ന് ആലോചിക്കാതെ മലയാള സിനിമ ഒറ്റക്കെട്ടായി നിന്ന് ഏകാധിപത്യ ഭരണം നടത്തുന്ന വിജയകുമാറിനെപ്പോലുള്ളവരുടെ സംഘടനെ പൊളിക്കണം. മലയാള സിനിമ കളിക്കാതെ കേരളത്തിലെ ഒരു തിയേറ്ററിലും ഇതര ഭാഷ സിനിമകളും കളിക്കേണ്ടതില്ലെന്ന് കേരളത്തിലെ പ്രേക്ഷകര്‍ക്ക് ഉണ്ടാകണമെന്നും സംവിധായകന്‍ പറയുന്നു.
തിയേറ്റര്‍ മുതലാളിമാരുടെ ചെയര്‍മാനായ ദിലീപിന്റെ തങ്കമണി ഏഴാം തിയതി റിലീസിന് എത്തുന്നുണ്ട്. ഇതൊക്കെ വരുമ്പോള്‍ ഫിയോക്കിന്റെ കട്ടയും പടവും മടങ്ങും. സിനിമ ഇല്ലാത്തവരാണ് സമരത്തിനെതിരെ രംഗത്ത് എത്തിയവര്‍ എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. സിനിമ ഇല്ലാത്ത നിര്‍മ്മാതാക്കള്‍ ആരാണെന്ന് വിജയകുമാര്‍ വ്യക്തമാക്കണം.
ഫിയോക്കിന്റെ ചെയര്‍മാന്‍ ദിലീപാണ്. ഫിയോക്ക് സമരം പ്രഖ്യാപിച്ചതോ, മലയാള സിനിമ കളിക്കില്ലെന്ന് പറഞ്ഞതോ ചെയര്‍മാനായ ദിലീപ് അറിഞ്ഞിട്ടില്ല. അങ്ങനെയൊക്കെ തീരുമാനിച്ചോ എന്നാണ് ദിലീപ് ചോദിക്കുന്നത്. ഒന്നുകില്‍ ദിലീപ് ഫിയോക്കിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണം. അല്ലെങ്കില്‍ ഈ ജനറല്‍ സെക്രട്ടറി എന്ന് പറയുന്ന ആളെ വിളിച്ച് വരുത്തി എന്നോട് കൂടെ ആലോചിക്കാതെ എങ്ങനെ ഇങ്ങനെ തനിച്ച് തീരുമാനം എടുത്തെന്ന് ചോദിക്കണമെന്നും ശാന്തിവിള ആവശ്യപ്പെടുന്നു.
23 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് നിര്‍മ്മാതാവായ സിയാദ് കോക്കര്‍ എന്നാണ് വിജയകുമാര്‍ പറയുന്നത്. കേസ് വരുന്നവരെ ഒക്കെ ഇങ്ങനെ പറയുകയാണെങ്കില്‍ കേസില്ലാത്തവര്‍ ആരൊക്കെയുണ്ടാകും. ഫിയോക്കിന്റെ ചെയര്‍മാന്‍ ദിലീപാണല്ലോ. എന്റെ ഒരു സുഹൃത്ത്, അല്ലെങ്കില്‍ ഒരു അനിയനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
പ്രമാദമായ ഒരു കേസിലെ എട്ടാം പ്രതിയല്ലേ അദ്ദേഹം. സിയാദ് കോക്കറിനെ തെറിവിളിക്കുന്ന നിങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരമൊരു കേസില്‍പ്പെട്ട ആള്‍ക്ക് ഫിയോക്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ലെന്ന് പറയാത്തത്. അങ്ങനെ പറഞ്ഞാല്‍ ഫിയോക്ക് അന്ന് തീരും. ദിലീപിന് ഒരു ന്യായം, സിയാദ് കോക്കറിന് മറ്റൊരു ന്യായം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആദര്‍ശധീരനാണെങ്കില്‍ ദിലീപിനെ വിജയകുമാര്‍ പുറത്താക്കണം. അതിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമരത്തിനിടയിലും ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ റിലീസിന് മാറ്റമില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആരോപിച്ചു. ഈ സമരത്തോട് ഫിയോക്കിന് അകത്തുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ട് എന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നത്.
ഫെബ്രുവരി 23 മുതലാണ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി തിയേറ്ററുടമകള്‍ സമരം ആരംഭിച്ചത്. ഈ സമരത്തെ കുറിച്ച് ഒരു മാധ്യമത്തിലൂടെയാണ് അറിഞ്ഞതെന്ന് ലിസ്റ്റിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നാല് സിനിമകള്‍ ഓടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇനി മുതല്‍ റിലീസ് ചെയ്യില്ലെന്ന് പറയുന്നത്.
അഥവാ റിലീസ് പ്ലാന്‍ ചെയ്താലും നടക്കാത്ത സാഹചര്യമാണ്. കേരളത്തിലെ മുഴുവന്‍ സ്‌ക്രീനും ഹൗസ്ഫുള്‍ ഷോകളോടെ സിനിമകള്‍ ഓടിക്കൊണ്ടിരിക്കുകയാണ്.ഫിയോക്കിന്റെ ചെയര്‍മാന്‍ ദിലീപാണ്. അദ്ദേഹമാണ് ഏഴാം തിയതി അദ്ദേഹത്തിന്റെ ചിത്രത്തിന്റെ റിലീസ് വച്ചിരിക്കുന്നത്. ഫിയോക് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നും പറയുന്നു. അതില്‍ തന്നെ അവ്യക്തതയുണ്ട്. ഇക്കാര്യം അവര്‍ പരിഹരിക്കും എന്നാണ് കരുതുന്നത് എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ വ്യക്തമാക്കിയിരുന്നു.