മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു. അതിലൊരാളാണ് ശാന്തിവിള ദിനേശ്.
ഇപ്പോഴിതാ ഒറു യൂട്യൂബ് ചാനലിന് നൽകിയൊരു അഭിമുഖത്തിൽ സിനിമ തിരഞ്ഞെടുപ്പുകളുടെ പേരിൽ ദിലീപിനെ വിമർശിച്ചതോടെ നടൻ തന്നെ വിളിക്കാറേ ഇല്ലെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. സിനിമ മാറിയത് ദിലീപ് മനസിലാക്കണ്ടേ, കുഞ്ചാക്കോ ബോബൻ മാറിയതൊക്കെ അയാൾ പഠിക്കണം. അയാളെ ഒരു ചോക്ലേറ്റ് നായകനെ പോലെ കണ്ടതല്ലേ, അവിടെ നിന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയിൽ അയാൾ എത്തി. എന്ത് രസമാണ് കാണാൻ.
ദിലീപ് അതുപോലെ മാറുന്നില്ല. അയാളുടെ ചുറ്റും കുറേ ഉപഗ്രഹങ്ങൾ ഉണ്ട്. ദിലീപേട്ട നിങ്ങളിങ്ങനെ ചെയ്യ് അപ്പോൾ നിങ്ങൾ ആക്ഷൻ ഹീറോയാകും എന്ന് പറഞ്ഞ് വഴിതെറ്റിക്കുന്നുവെന്ന് എനിക്ക് സംശയമുണ്ട്. അശ്വന്ത് കോക്കൊന്നുമല്ല ദിലീപിനെ നശിപ്പിക്കുന്നത്, നിങ്ങൾ സ്വയം നശിക്കുന്നതാണെന്ന് ഞാൻ ഒരു എപ്പിസോഡിൽ പറഞ്ഞതിന് ശേഷം ദിലീപ് എന്നെ വിളിച്ചിട്ടേ ഇല്ല. ദിലീപ് സിനിമ പഠിക്കണം, അയാൾക്ക് സിനിമ നന്നായി അറിയാം, പക്ഷെ ആ മാറ്റം മനസിലാക്കുന്നില്ല. അത് മനസിലാക്കിയാൽ അയാൾക്കൊരു സ്പേസ് ഉണ്ട്.
പൃഥ്വിരാജിന് ചാന്തുപൊട്ടും കുഞ്ഞിക്കൂനനും ചെയ്യാൻ പറ്റുമോ? ഇല്ല. അതുകൊണ്ട് ദിലീപിന് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്. അത് ചെയ്യണം. അടുത്തിടെ ബെന്നി പി നായരമ്പലം ഒരു കിടിലൻ കഥ എഴുതി. എന്നാൽ അതുവേണ്ടെന്ന് വെച്ചാണ് ദിലീപ് ബാന്ദ്ര ചെയ്തത്, അതെന്തൊരു കൂതറ പടമാണ്. ദിലീപിന് ജ്യോതിഷത്തിലും ദൈവത്തിലുമൊക്കെ ആവശ്യത്തിലധികം കമ്പനി അടിക്കുന്ന ആളാണ്. ദൈവവുമായി അധികം കമ്പനി അടിക്കരുത്. അത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ഇതുപോലെ നാലാംകിട പടം ചെയ്യുന്നതാണ് അയാളുടെ പരാജയം.
സിനിമ അസോസിയേഷനുകളിൽ പ്രത്യേകിച്ച് അമ്മയിലൊക്കെ പുതിയ താരങ്ങൾ ചേരാത്തത് സംഘടനയുടെ നിയമാവലിയൊക്കെ പാലിക്കാൻ സാധിക്കാത്തതിനാലായിരിക്കാം. വലിയും കുടിയൊന്നും ഇല്ലാതെ പറ്റില്ലല്ലോ. സംഘടനയിൽ അംഗമായാൽ പിന്നെ ആ ചട്ടക്കൂടിൽ ജീവിക്കണ്ടേ, അതുകൊണ്ട് അമ്മയിൽ അംഗമായില്ലെങ്കിൽ നഷ്ടം അവർക്ക് തന്നെയാണ്. അമ്മയിൽ അംഗമായാൽ സൗജന്യമായി ഇൻഷുറൻസ്, 5000 രൂപ പെൻഷൻ അങ്ങനെ സംഘടന എന്തൊക്കെ ചെയ്യുന്നുണ്ട്.
ഇതൊന്നും ഇന്നത്തെ താരങ്ങൾക്ക് വേണ്ട. കാരണം ഇന്ന് ആദ്യ പടം വിജയിച്ചാൽ രണ്ടാമത്തെ പടത്തിന് രണ്ട് കോടിയാണ് പ്രതിഫലം. കോടികൾ ഉണ്ടാക്കുമ്പോൾ എന്തിനാണ് സംഘടന എന്നൊക്കെ ചിന്തിക്കുന്നുണ്ടാകും. അങ്ങനെ ചിന്തിക്കുന്നതൊക്കെ കൊണ്ടായിരിക്കും അംഗത്വമൊന്നും വേണ്ടാത്തത്. സംഘടനയിൽ ചേർന്നാൽ മാത്രമേ നിലനിൽപ്പുളളൂവെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ബംഗ്ലാവിൽ ഔദ എന്ന എന്റെ സിനിമയിൽ കലാഭവൻ മണിയായിരുന്നു നായകനാകേണ്ടിയിരുന്നത്.
ഒരിക്കൽ ഒരു പരിപാടിയിൽ വെച്ച് ചുവരുണ്ടെങ്കിലേ ചിത്രം വരക്കാൻ സാധിക്കൂ, അതുകൊണ്ട് കാശ് മുടക്കുന്ന പ്രൊഡ്യൂസർമാർക്കനുസരിച്ച് നിൽക്കണം അല്ലാതെ താരങ്ങളുടെ പിറകിൽ നടക്കരുതെന്ന് ഞാൻ പ്രസംഗിച്ചു. സംവിധായകൻ ഷാജി കൈലാസ് ഈ പ്രസംഗം എടുത്ത് ഹൈദരാബാദിലുള്ള കലാഭവൻമണിയെ കേൾപ്പിച്ചു.
ഷാജി കൈലാസ് എനിക്ക് പാരവെച്ചതല്ല, പക്ഷേ മണിയെന്നോട് ചൂടായി, സുരേഷ് ഗോപി ചേട്ടൻ ആശുപത്രിയിൽ കിടക്കുമ്പോൾ ഗണേഷേട്ടന്റെ കാറിൽ സഞ്ചരിച്ച ഒറ്റ പരിചയം കൊണ്ടല്ലേ ഡേറ്റ് തന്നത് എന്നിട്ട് താരങ്ങളെ ബഹുമാനിക്കാൻ പാടില്ലെന്ന് പറയുന്നുവഅപ്പോൾ ഞാൻ പറഞ്ഞു ബഹുമാനിക്കേണ്ടെന്നല്ലേ, ഞങ്ങൾ സംവിധായകരും നിർമ്മാതാക്കളും ഉണ്ടെങ്കിലേ താരങ്ങൾ ഉള്ളൂവെന്നാണ് എന്ന്. ഞാൻ എന്ത് പറയണമെന്ന് ഞാൻ തീരുമാനിക്കും എന്ന് പറഞ്ഞു.
മണിക്ക് മനസിലായി അയാൾ മുൻപ് കണ്ട സംവിധായകനെ പോലെ അല്ല ഞാൻ എന്ന്. അങ്ങനെ അടുത്ത ദിവസം ഞാൻ ചാലക്കുടിയെത്തും വിളിക്കൂവെന്ന് മണി പറഞ്ഞു. പക്ഷെ രാത്രി ഞാൻ തീരുമാനിച്ചു, ഇനി മണിയെ വെച്ച് സിനിമ ചെയ്യുന്നില്ലെന്ന്. അങ്ങനൊണ് ലാലിനെ സമീപിക്കുന്നത് എന്നും ശാന്തിവിള ദിനേശ് പറഞ്ഞു.
കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങി.
നടിയെ ആക്രമിച്ച ഏഴെണ്ണത്തിനേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വായ അടപ്പിച്ച് നിൽക്കുമ്പോഴാണ് നമ്മുടെ നായികയുടെ എൻട്രി. ഒടുവിൽ ഈ നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മലയാള സിനിമയിൽ ആരെങ്കിലും ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിൽ അത് ദിലീപ് ആയിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച ദിലീപ് പ്രതിപ്പട്ടികയിലുമായി.
ഞാൻ ദിലീപിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് അതിജീവിത ആ സമയങ്ങളിൽ വളരെ മാന്യതയോടെ പറഞ്ഞിരുന്നു. അതിജീവിത അങ്ങനെ പറഞ്ഞപ്പോഴും മഞ്ജു വാര്യർ തിരുത്താനൊന്നും പോയില്ല. ഈ സമയത്താണ് ഡബ്ല്യൂസിസി ജന്മം കൊള്ളുന്നതും മുഖ്യമന്ത്രിയെ നേരിൽ കാണുന്നതും. അതിന്റേയും നേതാവ് ദിലീപിന്റെ മുൻഭാര്യയായിരുന്നു. പത്രങ്ങളിലും ചാനലുകളിലും ഈ സംഘടന അവർ അർഹിക്കുന്നതിന്റെ നൂറ് ഇരട്ടി പ്രാധാന്യം നേടി.
പ്രതാപിയായ കാലത്ത് സഹായിക്കാതിരുന്ന ദിലീപിനെ ഒതുക്കാൻ കിട്ടിയ അവസരം ചില മാപ്രകൾ നന്നായി ഉപയോഗിച്ചുവെന്നതാണ് അക്കാലത്ത് കണ്ട് വിരോധാഭാസം. കലാഭവൻ മണിയുടെ മരണം അടക്കം പലതും ദിലീപിന്റെ തലയിൽ വെച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. ദിലീപിന്റെ വസ്തുവകകളുടെ മതിൽ ഇടിക്കലായിരുന്നു ഡിവൈഎഫ് ഐയുടെ അക്കാലത്തെ ജോലി. ദേ പുട്ട് പൂട്ടിക്കാൻ മറ്റൊരു കൂട്ടരും. ചാലക്കുടിയുടെ ഡി സിനിമാസ് സർക്കാർ പുറമ്പോക്ക് കയ്യേറിയാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഒരുകൂട്ടരും.
ദിലീപിന്റെ ദാമ്പത്യജീവിതം പരാജയപ്പെട്ടത്തിനെക്കുറിച്ച് മുൻപത്തെയൊരു കൊടികുത്തിയ സിനിമ മാധ്യമപ്രവർത്തകനടക്കം രംഗത്ത് വന്നിരുന്നു. ഒരു ആൾ വീണപ്പോൾ, അല്ലെങ്കിൽ ഒരു വ്യക്തിക്കെതിരെ സംശയ ദൃഷ്ടി വന്നപ്പോൾ എന്തെല്ലാം വിരോധമാണ് തീർത്തത്. ഇതിന് ഇടയിലാണ് കേസ് ഒരു സ്ത്രീ ഓഫീസർ അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി അത് ഉടൻ അംഗീകരിക്കുകയും ഒരു കക്ഷിയെ നിയമിക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം. അതിന്റെ ഫലം ഉടൻ കാണാനായി. ദിലീപ് കൊടുത്ത പരാതിയിൽ ചില സംശയങ്ങൾ ദൂരീകരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പിടിച്ച് അകത്തിട്ടുവെന്നുമാണ് ശാന്തിവിള ദിനേശ് പറഞ്ഞിരുന്നത്.
എല്ലാ കുറ്റവാളികളേയും പിടിച്ച് അകത്തിട്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി തന്നെ പിന്നീട് പറയുന്നത് ‘ഒരു പ്രമുഖ നടനെ തന്നെ പിടിച്ച് അകത്തിടാൻ സാധിച്ച ഞാനാണ് ഇവിടെ ഭരിക്കുന്നത്’ എന്നാണ്. ഭയങ്കരം തന്നെ. 85 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ ദിലീപിന് സ്വാഭാവികമായും ജാമ്യം കിട്ടി. കേസ് കോടതിയിലെത്തിയപ്പോൾ ഒരു പെൺ ജഡ്ജി വേണമെന്ന ആവശ്യം നടി ഉയർത്തിയപ്പോൾ അതും അംഗീകരിക്കപ്പെട്ടു. അപ്പോഴും അതിജീവിത ദിലീപിന്റെ പേര് പറഞ്ഞിട്ടില്ല. എന്നെ നശിപ്പിക്കാൻ ആരൊക്കെ ഒന്നിച്ച് നിന്നോ അവർ ശിക്ഷിക്കപ്പെടണം എന്ന് മാത്രമാണ് അതിജീവിത പറഞ്ഞിട്ടുള്ളതെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
ഈ കേസിൽ വിധി പറയരുത്. യഥാർത്ഥ കുറ്റവാളികളെ ശിക്ഷിക്കരുത്. നിങ്ങൾ ആരേയും ശിക്ഷിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ ദിലീപിന് ശിക്ഷ നൽകാതെ വിട്ടുകളയുമോ എന്ന പേടി കൊണ്ടായിരിക്കണം ഉപഹർജികൾ കൊടുത്ത് കേസ് നീട്ടി നീട്ടി കൊണ്ടുപോകുന്നത്. ഇത്തരത്തിൽ ഉപഹർജി വരുമ്പോൾ അത് സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ട് ദിലീപ് രംഗത്ത് വരും. ദിലീപ് ഉപഹർജിയെ എതിർക്കുമ്പോൾ കോടതി ചോദിക്കുക നിങ്ങളെ കുറിച്ചുള്ള കാര്യമല്ലല്ലോ, പിന്നെന്തിനാണ് ഇതിൽ കക്ഷി ചേരുന്നത് എന്നാണ്.
എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കുറച്ച് കാശ് കളയാം എന്നതാണ് ഇതിലെ കാര്യം. എനിക്ക് തോന്നുന്നത് ഈ കേസുമായി ബന്ധപ്പെട്ട് ദിലീപിന് ഒരു 10 കോടി രൂപയെങ്കിലും ചിലവായി കാണുമെന്നാണ്. അതിജീവിതയ്ക്കും അത്രയും ആയി കാണും. കാരണം അവരും അധികവും സ്വന്തമായി വക്കീലിനെ വെച്ചൊക്കെയാണ് കേസ് നടത്തിയതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ്. പ്രിൻസ് ആൻഡ് ഫാമിലി ആണ് പുതിയ ചിത്രം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം ഏപ്രിലിൽ റിലീസിനെത്തും. അജയന്റെ രണ്ടാം മോഷണം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് എത്തുന്നത്.
ദിലീപ് പ്രിൻസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിലെത്തുന്നു.