‘ഇന്ത്യന്‍’ ചിത്രീകരിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ തന്നോട് രണ്ടാം ഭാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു; അന്ന് ചെയ്യാതിരുന്നതിന്റെ കാരണം; തുറന്ന് പറഞ്ഞ് ശങ്കര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍ ചിത്രമാണ് ഇന്ത്യന്‍2. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമല്‍ ഹാസനും ഒന്നിച്ചെത്തുന്നത് കൊണ്ടു തന്നെ പ്രേക്ഷകരും വലിയ ആവേശത്തിലാണ്.

ശനിയാഴ്ച ചെന്നൈയില്‍ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടന്നിരുന്നു. കമല്‍ ഹാസന്‍, ചിത്രത്തിലെ നായികമാരായ രാകുല്‍ പ്രീത് സിംഗ്, കാജല്‍ അഗര്‍വാള്‍, സംവിധായകന്‍ എസ് ശങ്കര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഓഡിയോ ലോഞ്ച് ചടങ്ങില്‍ പങ്കെടുത്തു.

1996 ല്‍ ‘ഇന്ത്യന്‍’ ചിത്രീകരിക്കുന്ന സമയത്ത് കമല്‍ ഹാസന്‍ തന്നോട് രണ്ടാം ഭാഗം പ്ലാന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട കാര്യം ഓഡിയോ ലോഞ്ചിനിടെ സംവിധായകന്‍ ശങ്കര്‍ പറഞ്ഞു. ‘ഇന്ത്യന്‍ ചിത്രീകരിക്കുന്നതിനിടെയാണ് കമല്‍ ഹാസന്‍ സാര്‍ എന്നോട് രണ്ടാം ഭാഗം പ്ലാന്‍ ചെയ്യാന്‍ പറയുന്നത്. പക്ഷേ അന്ന് എന്റെ കൈയ്യില്‍ കൃത്യമായ തിരക്കഥ ഇല്ലായിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ 2 കഥയെഴുതാന്‍ ഞാന്‍ തീരുമാനിച്ചത് പത്രങ്ങളിലെ അഴിമതി വാര്‍ത്തകള്‍ വായിച്ചാണ് ശങ്കര്‍ പറഞ്ഞു. ഞാനും കമല്‍ സാറും മറ്റ് പ്രൊജക്ടുകളുടെ തിരക്കിലായതിനാല്‍ ഇന്ത്യന്‍ 2 നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 2.0 യ്ക്ക് ശേഷം ഞാന്‍ ഇന്ത്യന്‍ 2 വിന്റെ കഥ എഴുതി.

അങ്ങനെയാണ് ഇന്ത്യന്‍ 2 തുടങ്ങുന്നത്.ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം തന്നെ സേനാപതിയായുള്ള കമല്‍ സാറിന്റെ വരവ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി. രണ്ടാം ഭാഗം പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടെന്നും’ ശങ്കര്‍ പറഞ്ഞു. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 12 ന് ഇന്ത്യന്‍ 2 റിലീസ് ചെയ്യും.

Vijayasree Vijayasree :