നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം കയ്യടികൾ നേടുകയാണ് മോഹൻലാൽ.
എന്നാൽ ഇപ്പോഴിതാ സിനിമയ്ക്കു പുറത്തും കയ്യടികൾ നേടുകയാണ് നടൻ. കണ്ണിൽ മാധ്യമപ്രവർത്തകൻ മൈക്ക് കൊണ്ട് കുത്തിയിട്ടും പ്രകോപിതനാകാതെ ക്ഷമയോടെ ആ വിഷയം കൈകാര്യം ചെയ്ത മോഹൻലാലിനെ മലയാളികൾ ഒന്നടങ്കം പ്രശംസിക്കുകയാണ്. മോഹൻലാലിന്റെ ഈ ശാന്തസ്വഭാവം ഇത്തരത്തിൽ പലപ്പോഴായി മലയാളികൾ കണ്ടിട്ടുളളതാണ്. അദ്ദേഹത്തെ അടുത്ത് അറിയുന്നവരിൽ പലരും പലപ്പോഴായി ഇതേ കുറിച്ച് സംസാരിക്കാറുണ്ട്. മോഹൻലാലിനെ ക്ഷുഭിതനായി കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്.
കഴിഞ്ഞ ദിവസം ഈ സംഭവം നടക്കുമ്പോൾ മോഹൻലാലിന് ദേഷ്യപ്പെടാനുളള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. കാരണം മാധ്യമപ്രവർത്തകന്റെ മൈക്ക് തട്ടിയത് അപകടകരമായ രീതിയിൽ ആയിരുന്നു. വളരെ നേരത്തോളം അദ്ദേഹത്തിന്റെ കണ്ണിൽ നിന്ന് വെള്ളം വന്ന് കൊണ്ടിരുന്നുവെന്ന് ആ സമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ സനിൽ കുമാർ പറയുന്നു.
‘മൈക്ക് കണ്ണിൽ കൊണ്ടപ്പോൾ അദ്ദേഹത്തിന് ശരിക്കും വേദനിച്ചിട്ടുണ്ട്. ചാനൽ മൈക്കിനെ പൊതിഞ്ഞ് സ്‌പോഞ്ച് ഉണ്ടെങ്കിലും കണ്ണിന്റെ റെറ്റിനയിൽ അത് തട്ടുമ്പോൾ വേദനിക്കും. ജിഎസ്ടി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത ശേഷം മോഹൻലാൽ തിരുവനന്തപുരം പാപ്പനംകോടുളള സ്റ്റുഡിയോയിലേക്കാണ് പോയത്’. പോകുന്ന വഴിയിലും അവിടെ എത്തിയ ശേഷവും മോഹൻലാലിന്റെ കണ്ണിൽ നിന്ന് വെള്ളം വന്ന് കൊണ്ടിരിക്കുന്നുണ്ടായിരുന്നുവെന്ന് ഒരു മാധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തി.
സ്റ്റുഡിയോയിലേക്ക് ഷൂട്ടിന് പോകുന്ന വഴിയിലൊക്കെ അദ്ദേഹം കണ്ണ് ഒപ്പിക്കൊണ്ട് ഇരിക്കുകയായിരുന്നു. ഷൂട്ടിന് ഇടയിലും കണ്ണിന് വേദനയും കണ്ണിൽ നിന്ന് വെളളം വരുന്നതും തുടർന്നു. മാത്രമല്ല പിറ്റേന്ന് രാവിലെ വരെയും മോഹൻലാലിന് കണ്ണിന് വേദന ഉണ്ടായിരുന്നുവെന്നും സനിൽ കുമാർ പറയുന്നു. മൈക്ക് കൊണ്ടപ്പോൾ എന്താണ് മോനേ എന്നാണ് അദ്ദേഹം ചോദിച്ചത്. മോഹൻലാൽ ഒരു അസാധാരണ വ്യക്തിയാണ്.അദ്ദേഹത്തിന് സന്യാസയോഗമുണ്ടെന്ന് തനിക്ക് തോന്നാറുണ്ട്. കാരണം കറയില്ലാത്ത ആത്മാവ് എന്നാണ് അദ്ദേഹത്തെ കുറിച്ച് തനിക്ക് പറയാൻ തോന്നുന്നത് എന്നും സനിൽ കുമാർ പറഞ്ഞു.
സോഷ്യൽ മീഡിയ മോഹൻലാലിന്റെ പ്രതികരണത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സനൽകുമാർ പത്മനാഭൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;
കൈക്ക് പരിക്കെറ്റിട്ടും, തന്റെ അഭാവത്തിൽ, ഷൂട്ട് മുടങ്ങരുതെന്നു കരുതി പരിക്കേറ്റ കയ്യിൽ കെട്ടുമായി ദേവാസുരത്തിന്റെ ക്‌ളൈമാക്സ് ഷൂട്ടിനു ഇറങ്ങവെ ആൾക്കൂട്ടത്തിലൊരാൾ, തിക്കും തിരക്കിനിടെ യഥാർത്ഥ പരിക്കല്ല മേക്കപ്പ് ആണെന്ന് കരുതി പരിക്കേറ്റ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു തന്റെ സ്നേഹം പ്രകടിപ്പിക്കവേ എല്ലു പൊടിയുന്ന വേദന ഉള്ളിലൊതുക്കി ഒന്നും സംഭവിക്കാത്ത രീതിയിൽ നിന്നു കൊണ്ടു ആ സാഹചര്യത്തെ നൈസ് ആയി ഡീൽ ചെയ്യുക!
ഇന്നലെ, ‘ഒന്നും അറിയില്ല’ എന്ന് പറഞ്ഞ്, പോലീസ് അകമ്പടിയോടെ കാറിൽ കയറാൻ ഒരുങ്ങിയ തന്റെ മുഖത്തേക്ക് ഒരു മാധ്യമപ്രവർത്തകൻ നീട്ടിയ മൈക്ക് കണ്ണിന് താഴെയായി അത്യാവശ്യം വേദനയുണ്ടാക്കുന്ന ശക്തിയിൽ തട്ടിയപ്പോൾ ആ നിമിഷത്തിലെ ദേഷ്യം ഉള്ളിലൊതുക്കി, “എന്താ മോനേ ചെയ്യുന്നേ” എന്ന് വാത്സല്യത്തോടെ ചോദിച്ച്, മുഖം തടവി കാറിലേക്ക് കയറിയിട്ടു. “അവനെ ഞാൻ നോക്കിവെച്ചിട്ടുണ്ടെന്ന്” ഒരു ചിരിയോടെ തമാശ രൂപേണ പറഞ്ഞ് രംഗം ശാന്തമാക്കുക…….!
അതെ സമയം ഷൂട്ടിംഗ് ലോകേഷനിൽ പ്രേം നസീർ സാറിന്റെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കെ, നസീർ സാറിനെ അസഭ്യം പറഞ്ഞവനെ ഓടിച്ചിട്ടു ഇടിക്കുക!! മോഹൻലാൽ… അയാൾ അങ്ങനെയാണ്…. അയാൾക്ക് നോവണമെങ്കിൽ കൂടെയുള്ളവർക്ക് കൊള്ളണം… ഏതു പേമാരിയും അയാൾ ആസ്വദിച്ചു നനയും… എന്നാൽ കൂടെയുള്ളവരൊന്നു ചാറ്റൽ നനഞ്ഞാൽ അയാളുടെ ഇമ്മ്യൂണിറ്റി പതിയെ ക്ഷയിച്ചു തുടങ്ങും എന്നായിരുന്നു കുറിപ്പ്.
അതേസമയം, മാധ്യമപ്രവർത്തകൻ മോഹൻലാലിനെ വിളിച്ച് മാപ്പ് പറയുന്നതും അദ്ദേഹം സ്‌നേഹത്തോടെ ആശ്വസിപ്പിക്കുന്നതുമായ കോൾ റെക്കോർഡും പുറത്ത് വന്നിട്ടുണ്ട്. എനിക്ക് ഒരു അബദ്ധം പറ്റിയതാണ്… കൈ ലോക്കായി പോയതുകൊണ്ട് സംഭവിച്ചതാണ് എന്നാണ് മാധ്യമപ്രവർത്തകൻ മോഹൻലാലിനോട് പറഞ്ഞത്. ഇറ്റ്സ് ഓക്കെ… നോ പ്രോബ്ലം. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു എന്ന് സരസമായി പറഞ്ഞാണ് നടൻ മാധ്യമപ്രവർത്തകനെ ആശ്വസിപ്പിച്ചത്.
അതൊന്നും കുഴപ്പമില്ല. നോ പ്രോബ്ലം. കഴിഞ്ഞ കാര്യമല്ലേ… ഇനി ഇപ്പോൾ എന്തായാലും അതിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. അഞ്ച് മണിക്കോ ആറ് മണിക്കോ ഒരു പോസ്റ്റിടാൻ നമ്മൾ പറഞ്ഞ് ഏൽപ്പിക്കുന്നു. അതിനുശേഷം ഫങ്ഷന് കയറുന്നു. അതിനിടയ്ക്ക് എന്താണ് ന്യൂസിൽ വന്നതെന്ന് എനിക്ക് അറിയില്ല. അറിയാത്ത കാര്യം സംസാരിക്കാൻ പറ്റില്ലല്ലോ.
അതുകൊണ്ടാണ് നിങ്ങൾ എല്ലാവരും ചോദിച്ചപ്പോൾ എനിക്ക് അറിയില്ലെന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ട് തന്നെ അറിയാത്ത കാര്യം നിങ്ങളോട് സംസാരിക്കാൻ എനിക്ക് പറ്റില്ലല്ലോ. കുറച്ച് സമയം നമുക്ക് അത് ബുദ്ധിമുട്ടായിപ്പോയി. പുരികത്ത് കൊള്ളേണ്ടത് കണ്ണിൽ കൊണ്ടു. അത്രയേയുള്ളു. വേറെ കുഴപ്പമൊന്നുമില്ല. മാധ്യമങ്ങൾ അങ്ങനെയാണല്ലോ… ഒന്നും കിട്ടാതെയായപ്പോൾ നിങ്ങളെ കേറി പിടിച്ചു. ടേക്ക് കെയർ… ഞാൻ പക്ഷെ നിന്നെ നോക്കി വെച്ചിട്ടുണ്ട്.
ഇറ്റ്സ് ഓക്കെ… എന്ന് പറഞ്ഞാണ് മോഹൻലാൽ കോൾ അവസാനിപ്പിച്ചത്. ലാലേട്ടനോട് മാപ്പ് പറഞ്ഞ് സംസാരിച്ചപ്പോൾ സന്തോഷവും സമാധാനവുമായിയെന്ന് മാധ്യമപ്രവർത്തകൻ കോൾ അവസാനിപ്പിക്കും പറയുന്നതും വൈറൽ ഓഡിയോ ക്ലിപ്പിൽ കേൾക്കാം. ഈ ക്ലിപ്പിന് പിന്നാലെയും മോഹൻലാലിന്റെ സ്വഭാവത്തെ പ്രശംസിച്ചാണ് പലരും കമന്റുകൾ ചെയ്യുന്നത്. മോഹൻലാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകളെ കുറിച്ചും ചിലർ പറയുന്നുണ്ട്.
പൊതുവെ ശാന്ത സ്വഭാവക്കാരനാണ് മോഹൻലാൽ. എത്ര മോശമായ സാഹചര്യത്തിലൂടെ സഞ്ചരിക്കേണ്ടി വന്നാലും ദേഷ്യമോ അമർഷമോ പരാതിയോ പ്രകടപ്പിക്കില്ലെന്ന് നടന്റെ പ്രിയപത്നി മുതൽ സഹായികളും സഹപ്രവർത്തകരും വരെ പറയാറുള്ള കാര്യമാണ്. അടുത്തിടെ മോഹൻലാലിനെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വളരെ പെട്ടെന്ന് ദേഷ്യപ്പെടും, വഴക്ക് പറയുകയും ഒക്കെ ചെയ്യുമെങ്കിലും അദ്ദേഹത്തിന്റേത് ഒരു ശുദ്ധ ഹൃദയമാണ്.
മോഹൻലാൽ ആണെങ്കിൽ ദേഷ്യപ്പെടുക പോലുമില്ല. ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട്, നിങ്ങൾക്കൊന്ന് ദേഷ്യപ്പെടരുതോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി നമുക്ക് ഒരാളെയും വാക്കുകൾ കൊണ്ട് പീ ഡിപ്പിക്കാൻ അവകാശം ഇല്ലെന്നാണ്. പുള്ളി അങ്ങനെയാണ്. എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും, അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുകയും ചെയ്യും, ക്ഷിപ്ര കോപിയാണ്. മോഹൻലാലിനെ ദേഷ്യപ്പെട്ട് കണ്ടിട്ടേ ഇല്ല. ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളത് അമേരിക്കയിൽ വച്ച് മാത്രമാണ്. ഹൂസ്‌റ്റണിൽ ഒരു ഫുഡ് ഷോപ്പ് ഉണ്ട്, അവിടെ വെച്ച് ഞാൻ പറഞ്ഞു എനിക്ക് വിശപ്പില്ല ഞാൻ കഴിച്ചതാണ് എന്ന്.
അങ്ങനെ അവിടെ നിന്ന് ഹോട്ട് ഡോഗ് പോലത്തെ സാധനം ഞാൻ രണ്ടെണ്ണം പൊതിഞ്ഞുവെച്ചു. അന്ന് സെറ്റിൽ ഷൂട്ട് നടക്കുകയായിരുന്നു. പാർവതി ഒക്കെ വിശന്നിരിക്കുകയായിരുന്നു. എവിടെ നിന്നോ ദൂരെ നിന്ന് കൊണ്ട് വരികയാണ് ചെയ്യാറുള്ളത്. മണി ഒന്നര ആയിട്ടും ഭക്ഷണം എത്തിയില്ല. മോഹൻലാലും പാർവതിയും കൂടിയുള്ള ഒരു പാട്ടാണ് ഷൂട്ട് ചെയ്യുന്നത്. പാർവതിയുടെ കണ്ണൊക്കെ നിറഞ്ഞ് വന്നിരുന്നു. ഞാൻ അങ്ങനെ എന്റെടുത്തുള്ള ഭക്ഷണം കൊടുത്തു.
അപ്പോഴാണ് മോഹൻലാൽ വന്നത്, നമുക്ക് അത് കഴിക്കാമെന്ന് പറഞ്ഞുകൊണ്ട്. ഞാൻ പറഞ്ഞു അത് പർവതിയ്ക്കും അമ്മയ്ക്കും കൊടുത്തുവെന്ന്. ഓക്കേ ശരിയെന്ന് പറഞ്ഞു മോഹൻലാൽ പോയി. പിന്നെ പ്രൊഡക്ഷൻ ഫുഡ് വന്നു, പക്ഷേ മോഹൻലാൽ അത് തൊട്ടില്ല. ഞാൻ അത് കഴിച്ചാൽ എനിക്ക് ദേഷ്യം വരുമെന്നാണ് മോഹൻലാൽ പറഞ്ഞത്. മോഹൻലാലും ഒരുപാട് ത്യാഗങ്ങൾ സഹിച്ചു തന്നെയാണ് ഇവിടെ വരെ എത്തിയത്.
മമ്മൂട്ടിയൊക്കെ ഷൂട്ട് കഴിഞ്ഞാൽ രാത്രി പത്ത് മണിയാവുമ്പോൾ വീട്ടിലേയ്ക്ക് പോവും. ഷൂട്ടിങ് കഴിഞ്ഞാൽ അദ്ദേഹം വീട്ടിലേയ്ക്ക് പോവും. മോഹൻലാലിനൊക്കെ തുടർച്ചയായ പടങ്ങളുണ്ടാവും. ഒരു പടം കഴിഞ്ഞാൽ അടുത്തത് തുടർച്ചയായി തന്നെ ഷൂട്ട് ചെയ്യാൻ ഉണ്ടാവും. രാത്രി പന്ത്രണ്ട് മണിക്ക് ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് രാവിലെ ആറ് മണിക്ക് തുടങ്ങും.
രണ്ട് കുട്ടികളും ബോഡിംഗിൽ പടിക്കുമ്പോൾ അവരുടെ കൈ വളരുന്നത്, കാൽ വളരുന്നത് ഒന്നും നേരിട്ട് കാണണോ അനുഭവിച്ചറിയാനോ അവർക്ക് ഒപ്പം സമയം ചിലവഴിക്കാനോ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. പുള്ളി ആ സമയത്തൊക്കെ സെറ്റിലായിരുന്നു. പിന്നെ കുട്ടികൾ വലുതായപ്പോൾ പഠിക്കാനായി പുറത്തേയ്ക്ക് പോവുകയും ചെയ്‌തു. മമ്മൂട്ടി ഒരിക്കലും അങ്ങനെയായിരുന്നില്ല, ദിവസവും പിള്ളേരെ കാണും അവർക്കൊപ്പം സമയം ചിലവഴിക്കും. ഫാമിലി എന്നുള്ളതിനെ മുഴുവനായി മാറ്റിവെച്ചിട്ടാണ് അദ്ദേഹം മുന്നോട്ട് പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു.
അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.