അഹങ്കാരി എന്ന പേരുള്ള തുകൊണ്ട് മര്യാദയ്ക്കൊരു ആലോചനയും വരില്ല,’സാന്ദ്രാ തോമസോ! വേണ്ടപ്പാ!’ എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത് !

അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് സാന്ദ്ര തോമസ്. സെലിബ്രിറ്റി എന്നതിലുപരി സാന്ദ്രയേയും മക്കളേയും സ്വന്തം കുടുംബത്തിലൊരാളായാണ് പ്രേക്ഷകര്‍ കാണുന്നത്. മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായി നിറഞ്ഞു നിന്നിരുന്ന സാന്ദ്ര, സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെയാണ് പ്രേക്ഷകരുമായി അടുക്കുന്നത്. യുട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങളൊക്കെ സാന്ദ്ര പങ്കുവയ്ക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാന്ദ്രയുടെ ഭർത്താവും മക്കളുമെല്ലാം പ്രേക്ഷകർക്കും സുപരിചിതരാണ്.

ഇരട്ടകളായ പെൺമക്കളാണ് ഇവർക്കുള്ളത്. മക്കളുടെ വിശേഷങ്ങളാണ് സാന്ദ്ര കൂടുതലും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നത്. അതേസമയം, ഇടക്കാലത്ത് സിനിമ നിർമ്മാണത്തിൽ നിന്നൊക്കെ മാറി നിന്ന സാന്ദ്ര ഇപ്പോൾ വീണ്ടും നിർമ്മാണ രംഗത്ത് സജീവമായി മാറിയിട്ടുണ്ട്. അതിനിടെ മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് സാന്ദ്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

താൻ വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നും മറ്റുമാണ് സാന്ദ്ര അഭിമുഖത്തിൽ പറഞ്ഞത്. ‘2016 ൽ ആയിരുന്നു വിവാഹം. വിൽസൺ തോമസ് എന്നാണ് ഭർത്താവിന്റെ പേര്. പപ്പ മിക്ക ദിവസവും ഓരോ പ്രപ്പോസലുമായി വരും. എനിക്ക് ഒന്നും ഇഷ്ടപ്പെടാറില്ല. ഒന്നാമത് ഞാൻ കല്യാണം കഴിക്കാൻ തയാറല്ലായിരുന്നു. കല്യാണം കഴിച്ചാലും എങ്ങനെയാകുമെന്ന് അറിയില്ലായിരുന്നു. കോളജിൽ പഠിക്കുമ്പോൾ കുറെ പ്രേമിച്ചിട്ടൊക്കെയുണ്ട്. പക്ഷേ, ഒരു കുടുംബത്തിന്റെ ചട്ടക്കൂടിൽ നിൽക്കാൻ പറ്റുമോ എന്ന് ഉറപ്പില്ലായിരുന്നു’ എന്നാണ് സാന്ദ്ര പറഞ്ഞത്.

‘എന്റെ പ്രായത്തിലുള്ള സുഹൃത്തുക്കൾ ഇല്ല. ഇടപഴകുന്നതു മുഴുവൻ മുതിർന്നവരുമായിട്ടായിരുന്നു. അഹങ്കാരി എന്ന പേരുള്ള തുകൊണ്ട് മര്യാദയ്ക്കൊരു ആലോചനയും വരില്ല. ‘സാന്ദ്രാ തോമസോ! വേണ്ടപ്പാ!’ എന്നായിരുന്നു ആളുകൾ പറഞ്ഞിരുന്നത്. പിന്നീട് പപ്പ കാണിച്ച കുറെ ഫോട്ടോകളിൽ നിന്ന് ഒരെണ്ണം സിലക്ട് ചെയ്യുകയായിരുന്നു. കാഴ്ചയിൽ എനിക്കിഷ്ടപ്പെട്ടു. ബാക്കി ഒന്നും ഞാൻ ചോദിച്ചില്ല. ഞാൻ സമ്മതം പറഞ്ഞതോടെ പപ്പ പുള്ളിയെ വിളിച്ചു സംസാരിച്ചു. ഞങ്ങൾ സംസാരിച്ചു,’

‘സംസാരിച്ചു തുടങ്ങിയപ്പോൾ ഒത്തിരി സമയം അത് നീണ്ടുപോയി. പിന്നെ പുള്ളി എന്നെ പ്രൊഡ്യൂസർ ആയി കണ്ടല്ല സംസാരിച്ചത്. അതെനിക്കിഷ്ടപ്പെട്ടു. പിന്നെ എനിക്കു തോന്നി വച്ച് താമസിപ്പിച്ചാൽ എന്റെ മനസ്സു മാറുമെന്ന്. അങ്ങനെ പെട്ടെന്നു കയറി അങ്ങ് കല്യാണം കഴിക്കുകയായിരുന്നു’ എന്നും സാന്ദ്ര പറഞ്ഞു.

കല്യാണം കഴിഞ്ഞ സമയത്ത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും സാന്ദ്ര പറയുന്നുണ്ട്. ദിവസവും അൻപതു പേരെയെങ്കിലും കണ്ടു സംസാരിച്ചിരുന്ന ആളായിരുന്നു ഞാൻ ‘മാഡം അതു വേണോ, ഇതു വേണോ’ എന്നൊക്കെ ചോദിച്ച് ആളുകൾ എന്റെ പിറകെ നടന്നിരുന്ന കാലത്തു നിന്ന് ‘എടീ ഒന്നു പോയി മീൻ കഴുകിക്കൊണ്ടു വന്നേ’ എന്ന് എന്നോടു പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്ന് സാന്ദ്ര പറയുന്നു.

ഏഹ് ഞാനോ!’ എന്നായിരുന്നു ആദ്യം തോന്നിക്കുത്ത്. പിന്നെ എനിക്കു മനസ്സിലായി അവരെന്നെ സെലിബ്രിറ്റി ആയിട്ടല്ല അവരുടെ മോളായിട്ടാണു കാണുന്നതെന്ന്. വീട്ടമ്മ എന്ന വേഷത്തിലേക്കു ഞാൻ ചുരുങ്ങുന്നു എന്നു മനസ്സിലാ ക്കി തുടങ്ങിയപ്പോഴാണ് ഞാൻ വീണ്ടും സിനിമയിലേക്കു വന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

മക്കളെ കുറിച്ചും സാന്ദ്ര സംസാരിക്കുന്നുണ്ട്. തങ്കവും കുൽസുവും ഇരട്ടക്കുട്ടികളാണ്. അവരെ താൻ വളർത്തുന്നില്ല, വളരാൻ വിടുകയാണെന്ന് സാന്ദ്ര പറയുന്നു. ആ വളർച്ചയിൽ ചെറുതായൊന്ന് വഴി കാണിച്ചു കൊടുക്കുന്നേ ഉള്ളൂ. അവരെ ഒന്നിനും നിർബന്ധിക്കാറില്ല. ബന്ധങ്ങളുടെ വില അറിഞ്ഞ് കുറെ യാത്ര ചെയ്ത് കുറെ അനുഭവങ്ങൾ നേടി നല്ല മനുഷ്യരായി അവർ വളരണം എന്നേ എനിക്ക് ആഗ്രഹമുള്ളൂ. കേറ്റ്ലിൻ, കെന്റൽ എന്നാണ് അവരുടെ യഥാർത്ഥ പേരെന്നും സാന്ദ്ര പറഞ്ഞു.

അതേസമയം, അടുത്തിടെ തന്റെ യുട്യൂബ് ചാനൽ സാന്ദ്ര നിർത്തിയിരുന്നു. മക്കൾ പഠനത്തിലേക്ക് കടക്കുന്നതിനാൽ അവരുടെ പ്രൈവസിക്ക് വേണ്ടി ആണെന്നാണ് സാന്ദ്ര പറഞ്ഞത്. ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ലൈവ് വരാമെന്ന് സാന്ദ്ര ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു.

AJILI ANNAJOHN :