അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്; മമ്മൂട്ടിക്കെതിരെ സന്ദീപ് വാര്യർ!

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട്  വിവാദം കൊഴുക്കുകയാണ്. പരിപാടിയുടെ ഭാഗമായി പിരിച്ച തുക സര്‍ക്കാരിന് നല്‍കിയില്ലെന്ന് ഒരു വിഭാഗം പറയുമ്ബോള്‍ പരിപാടി നഷ്ടമായിരുന്നുവെന്നും, വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും നടത്തിപ്പിന് തങ്ങളുടെ കൈയില്‍ നിന്നും 23 ലക്ഷം രൂപ ചിലവായെന്നും സംഘാടകര്‍ പറയുന്നു. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ജനങ്ങളില്‍ നിന്നും പണം പിരിച്ച്‌ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായാണ്ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ മമ്മൂട്ടിക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദീപ് വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യരുടെ തുറന്ന കത്ത്.

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ;

പ്രിയ മമ്മൂക്കക്ക് ഒരു തുറന്ന കത്ത്, ഞാന്‍ അങ്ങയിലെ നടനെ ഇഷ്ടപ്പെടുന്ന ഒരു സിനിമ ആരാധകനാണ്. തനിയാവര്‍ത്തനവും സിബിഐ ഡയറിക്കുറിപ്പും വടക്കന്‍ വീരഗാഥയും ന്യൂഡല്‍ഹിയും ഒക്കെ കണ്ട് അങ്ങയുടെ അഭിനയ മികവിന് മുന്നില്‍ ആദരവോടെ നിന്നിട്ടുള്ള ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്.

അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. അങ്ങ് ചെയ്യുന്ന ധാരാളം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട് . അതിനോടെല്ലാം വലിയ ബഹുമാനമാണ് ഉള്ളത്.

എന്നാല്‍ ഈയിടെയായി അങ്ങ് സിനിമയിലെ ഒരു പ്രത്യേക ലോബിക്കുവേണ്ടി ബാറ്റ് ചെയ്യുന്നു എന്നൊരു തോന്നല്‍ പൊതു സമൂഹത്തില്‍ ഉണ്ട്. അത് തിരുത്തേണ്ട ബാധ്യത അങ്ങേയ്ക്ക് തന്നെയാണ്.

ആഷിക് അബു, റിമ കല്ലിങ്കല്‍, ഷഹബാസ് അമന്‍, ബിജിബാല്‍, സയനോര, സിതാര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപീകരിച്ച കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തിയ കരുണ സംഗീതനിശയുടെ പ്രചരണാര്‍ത്ഥം ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങിയത് മമ്മൂക്ക ആയിരുന്നല്ലോ.

അങ്ങ് പ്രസ്തുത പരിപാടിയുടെ പ്രചരണം നിര്‍വഹിച്ചതോടെ അങ്ങയെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ ആ ഷോയ്ക്ക് ടിക്കറ്റ് എടുത്ത് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത പരിപാടി ഒരു തട്ടിപ്പായിരുന്നു എന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അതു സംബന്ധിച്ച ഒരു വിശദീകരണം നല്‍കാന്‍ മമ്മൂക്കയും ബാധ്യസ്ഥനാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേര് പറഞ്ഞാണ് ആഷിക് അബുവും സംഘവും പണപ്പിരിവ് നടത്തുകയും തുക ദുരിതാശ്വാസനിധിയിലേക്ക് അടക്കാതിരിക്കുകയും ചെയ്തത്. കരുണ സംഗീതനിശയുമായി സഹകരിച്ച അങ്ങ് അടക്കമുള്ള മുഴുവന്‍ മലയാള സിനിമയിലെ കലാകാരന്മാര്‍ക്കും ഇത് വലിയ അപമാനമാണ്.

പ്രിയപ്പെട്ട മമ്മൂക്ക, അങ്ങയോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് പറയട്ടെ, ഈ തട്ടിപ്പ് സംഘവുമായുള്ള അങ്ങയുടെ ബന്ധം അവസാനിപ്പിക്കണം. പ്രളയ ദുരന്തത്തിന്റെ പേരില്‍ പണം തട്ടിപ്പ് നടത്തിയവരെ തള്ളിപ്പറയാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഇക്കാര്യത്തില്‍ അങ്ങയുടെ ഒരു വിശദീകരണവും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട് എന്നും കത്തിൽ കുറിച്ചു.

വിവാദങ്ങൾക്ക് മറുപടിയുമായി സംഘാടകറം രംഗത്തെത്തി. പ്രളയ ദുരിതാശ്വാസം കണ്ടെത്താന്‍ നടത്തിയ ‘കരുണ’ സംഗീത പരിപാടി വന്‍ നഷ്ടമായിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. പരിപാടിയുടെ സംഘാടകരുടെ കൂട്ടത്തിലുള്ള, സംഗീതജ്ഞന്‍മാര്‍ കൂടിയായ ബിജിബാലും ഷഹബാസ് അമനുമാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവര്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ അംഗങ്ങള്‍ കൂടിയാണ്. പരിപാടി നടത്തിയതില്‍ നിന്നും വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും പരിപാടി നടത്തിയതിനാല്‍ തങ്ങളുടെ കൈയില്‍ നിന്നും 23 ലക്ഷം രൂപ ചിലവായെന്നുമാണ് ഇവര്‍ പറയുന്നത്.

പരിപാടിയുടെ സംപ്രേക്ഷണാവകാശം ചാനലുകള്‍ക്ക് നല്‍കി അതില്‍ നിന്നുമുള്ള വരുമാനം കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം എന്ന് കരുതിയത് കൊണ്ടാണ് പണമടയ്ക്കാന്‍ വൈകിയതെന്നും ഇവര്‍ വിശദീകരിക്കുന്നു. ഇതിനായി മാര്‍ച്ച്‌ 31 വരെ സാവകാശം തേടി തങ്ങള്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നതായും ഇവര്‍ പറഞ്ഞു. തുക അടയ്ക്കാത്തതില്‍ വിശദീകരണം നല്‍കാന്‍ പരിപാടിയുടെ രക്ഷാധികാരി കൂടിയായിരുന്ന കളക്ടര്‍ നിര്‍ദേശം നല്‍കിയതിനാല്‍ 6.22 ലക്ഷം തുക തങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

തങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ പങ്കെടുത്തത് കൊണ്ടാണ് ഇത്തരത്തില്‍ ഒരു ആക്രമണം തങ്ങള്‍ക്ക് നേരെ ഉണ്ടായതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഷഹബാസ് അമനെയും ബിജിബാലിനെയും മുന്നില്‍ നിര്‍ത്തി റിമ കല്ലിങ്കലും ആഷിഖ് അബുവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍ പറയുന്നു. അന്ന് പരിപാടി വിജയമാണെന്ന് പറഞ്ഞ ശേഷം ഇപ്പോള്‍ നഷ്ടമെന്ന് വിളിക്കുന്നതെന്തിനെന്നും സന്ദീപ് ചോദിച്ചു.

sandeep varyar facebook book post about mammootty


Vyshnavi Raj Raj :